സിനിടൂറിസം പദ്ധതി ക്ലൈമാക്‌സിലേക്ക്

നേമം : വെള്ളായണിയിലെ കിരീടം പാലത്തിനോടുചേർന്നു തുടങ്ങിയ സംസ്ഥാനത്തെ ആദ്യ സിനിടൂറിസം പദ്ധതി ക്ലൈമാക്‌സിലേക്ക്. രണ്ടുവർഷംമുൻപ്‌ തുടങ്ങിയ നിർമാണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിയപ്പോൾ നിലച്ചുപോയിരുന്നു. ഇവിടെ സ്ഥാപിക്കാൻ തയ്യാറാക്കിയ മോഹൻലാലിന്റെ കിരീടം സിനിമയിലെ സേതുമാധവനെന്ന കഥാപാത്രത്തിന്റെ ഉൾപ്പെടെയുള്ള പ്രതിമകൾ മുറിക്കുള്ളിലിരുന്ന് പൊടിപിടിച്ചു നശിച്ചുതുടങ്ങുകയും ചെയ്തിരുന്നു. ഈ വാർത്ത ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ മോഹൻലാലിന്റെയും ശ്രീനാഥിന്റെയും പാർവതിയുടെയും പ്രതിമകൾ പാലത്തിനോടു ചേർന്നുള്ള ഭാഗത്ത് സ്ഥാപിച്ചുകഴിഞ്ഞു. വൈദ്യുതവിളക്കുകളും ചെടികളും കവാടവും മതിലിൽ കിരീടം സിനിമയിലെ രംഗങ്ങളും പതിപ്പിച്ചു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഫേയും തുറക്കും. പ്രകൃതിരമണീയമായ കല്ലിയൂർ പഞ്ചായത്തിലെ വെള്ളായണിയിലെ പ്രധാന ആകർഷണങ്ങളിലൊന്നായ കിരീടം പാലവും പരിസരവുമാണ് സിനി ടൂറിസം പദ്ധതിക്കായി തിരഞ്ഞെടുത്തത്. വെള്ളായണിക്കായൽ കാഴ്ചകൾ ആസ്വദിക്കുന്നതിന് സന്ദർശകർക്ക് ഇരിപ്പിടം, വിശ്രമകൂടാരങ്ങൾ, സിനിമകളിലെ കഥാപാത്രങ്ങളുടെ പ്രതിമകൾ, പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സംവിധാനങ്ങൾ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചത്. ഇതിൽ ചായക്കട നിർമാണവും ഇരിപ്പിടങ്ങളും പൂർത്തിയായെങ്കിലും ഇവയെല്ലാം പൊടിപിടിച്ചും കാടുംപടർപ്പും കയറിയും ശോചനീയാവസ്ഥിയിലായിരുന്നു. വെള്ളായണി കായലിന്റെ കാഴ്ചകളും കാണാനായി നിരവധിപ്പേരാണ് ഇവിടെയെത്തുന്നത്.

സിനി ടൂറിസം പദ്ധതി ഉടനെ പൂർത്തിയാകുമെങ്കിലും ഇവിടേക്കുള്ള ശിവോദയം റോഡും ബണ്ട് റോഡും പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത് യാത്രാക്ലേശമുണ്ടാക്കുന്നു. കല്ലിയൂർ ഗ്രാമപ്പഞ്ചായത്തുകൂടി ഇടപെട്ട് റോഡ് നവീകരണം നടത്തണം. പദ്ധതിപ്രദേശത്ത് ഇതിനോടകംതന്നെ നിരവധി പെട്ടിക്കടകൾ നിരന്നുകഴിഞ്ഞു. ഇവയ്ക്ക് ലൈസൻസ് ഏർപ്പെടുത്താൻ നടപടി വേണം. തെരുവുനായകളുടെ ശല്യവുമുണ്ട്. ക്രിസ്‌മസ്, പുതുവത്സര കാലത്തുതന്നെ സിനിടൂറിസം പദ്ധതി പൂർണതോതിൽ നടപ്പാകുമെന്നാണ് പ്രതീക്ഷ.