പണിതീർക്കാതെ യാത്രക്കാർക്ക്‘പണി’ കൊടുത്ത് കിളിമാനൂർ ഡിപ്പോ...

കിളിമാനൂർ : ഒന്നര വർഷം മുൻപ് ആരംഭിച്ച കിളിമാനൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ നവീകരണം നിലച്ചു. യാത്രക്കാരെ ഒന്നടങ്കം ബുദ്ധിമുട്ടിച്ചുകൊണ്ട് ‘പണി’ തുടരുന്ന അധികൃതരുടെ അനാസ്ഥയ്ക്ക് ഇനി എന്ന് പരിഹാരമുണ്ടാവുമെന്ന് ഒരു നിശ്ചയവുമില്ല. 2025 ഏപ്രിൽ മാസത്തിൽ ആരംഭിച്ച ജോലികളാണ് മാസങ്ങളായി നിർത്തിവച്ചത്. ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നായിരുന്നു തുടക്കത്തിൽ നൽകിയ ഉറപ്പ്. യാർഡ് തകർന്നതിനെ തുടർന്ന് ഡിപ്പോയിലേക്ക് ബസുകൾക്ക് പ്രവേശനം നിർത്തിവച്ചതിനാൽ ഏകദേശം രണ്ടു വർഷത്തോളമായി യാത്രക്കാർ റോഡരികിലാണ് ബസ് കാത്തുനിൽക്കുന്നത്.പൊരിവെയിലിലും പെരുമഴയിലും ഇരിക്കാൻ പോലുമിടമില്ലാതെയാണ് യാത്രക്കാരുടെ ദുരിതം നിറഞ്ഞ കാത്തുനിൽപ്പ്. നിർമാണം നീണ്ടുപോയതോടെ യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ ജീവനക്കാർ ചേർന്ന് ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടി ഏതാനും കസേരകളും ഇട്ടതാണ് ആകെയുള്ള ഒരാശ്വാസം.ഡിപ്പോയിലേക്ക് ബസ് കയറാത്തത് കാരണമാക്കി ചില ദീർഘദൂര സർവീസുകൾ ബസ് സ്‌റ്റേഷനിൽ വരാതെ പ്രധാന റോഡിലൂടെ കടന്നുപോകുന്നതായും യാത്രക്കാരുടെ പരാതിയുണ്ട്. എന്നാൽ ഇത് പരിഹരിക്കാൻ അധികൃതർ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.

സർക്കാർ ബജറ്റ് ഫണ്ടിൽ ഒരു കോടി ചെലവിട്ടാണ് ഡിപ്പോ യാർഡ്, ബസ്‌ബേയിൽ മേൽക്കൂര, പ്രവേശന കവാടം, ഓട നിർമാണം, മറ്റ് ഭാഗങ്ങളിൽ തറയോട് പാകുന്നതുൾപ്പെടെയുള്ള ജോലികൾ ആരംഭിച്ചത്. യാർഡിന്റെ നവീകരണമാണ് ഇനി പ്രധാനമായും പൂർത്തിയാക്കാനുള്ളത്. ഏഴ് മാസം മുൻപ് യാർഡ് നവീകരിക്കാനായി, വെള്ളം തങ്ങിനിൽക്കാത്ത വിധത്തിലുള്ള സാങ്കേതികതയോടെ പണി തുടങ്ങിയെങ്കിലും, നിർമാണ വസ്തുക്കൾ നിരത്തിയശേഷം നിർത്തിവയ്ക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിന് മുൻപ് ഡിപ്പോ പൂർത്തിയാകുമെന്ന യാത്രക്കാരുടെ അവസാന പ്രതീക്ഷയും അട്ടിമറിക്കപ്പെട്ടു. എന്നാൽ പുതിയ സർക്കാർ വന്നതോടെ നടപടികൾ വേഗത്തിലാകുമെന്ന പ്രതീക്ഷയായി. അതും അസ്ഥാനത്തായി.

യാത്രക്കാർക്ക് സൗകര്യപ്രദമായി ഇരിക്കാൻ പോലുമിടമില്ലാതെ, അടിസ്ഥാനസൗകര്യം പോലുമൊരുക്കാത്ത നിലയിൽ തുടരുന്ന ഡിപ്പോ നവീകരണം തീർന്നുകിട്ടാൻ ഇനിയും എത്ര നാൾ കാത്തിരിക്കണമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.