ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്: കേരളം മുന്നിൽ

തിരുവനന്തപുരം : ആയുധങ്ങളേന്തിയുള്ള അഭ്യാസമുറകളും ചടുലമായ ചുവടുകളും മെയ്വഴക്കത്തിന്റെ സൗന്ദര്യവും ഇടകലർന്ന 19-ാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്കു തുടക്കം. ആദ്യദിവസത്തിൽ കേരളം 62 പോയിന്റും തമിഴ്നാട് 40 പോയിന്റും കർണാടക 28 പോയിന്റും കരസ്ഥമാക്കി.
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ പൂന്തുറ സോമൻ നഗറിലാണ് മൂന്നുദിവസങ്ങളിലായി മത്സരം നടക്കുന്നത്. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ നടത്തുന്ന മത്സരത്തിൽ 18 സംസ്ഥാനങ്ങളിൽനിന്ന് 700-ൽ അധികംപേർ പങ്കെടുക്കുന്നുണ്ട്. കളരിയിലെ മെയ്ത്താരി, കോൽത്താരി, അങ്കത്താരി, വെറുംകൈ പയറ്റിനങ്ങളിൽ സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലാണ് മത്സരം.
ആഗോളമത്സരങ്ങളിൽ കളരിപ്പയറ്റിന് ഇടം ലഭിക്കുമെന്ന് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്ത ലോക ബോക്സിങ് ചാമ്പ്യൻ കെ.സി. ലേഖ പറഞ്ഞു. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് ഡോ. പി.ബി. സുമേഷ് അധ്യക്ഷനായി. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ഡോ. അമ്പു ആർ. നായർ, ടെക്നിക്കൽ ഡയറക്ടർ കെ. സുനിൽകുമാർ, ദേവരാജൻ, എ.എം.കെ. നിസാർ, പി. ശശിധരൻ നായർ, അഡ്വ. കെ.ജി. വിധുമോഹൻ, എം.കെ. രാജഗോപാലൻ, പപ്പു ഖാൻ, രഞ്ജൻ മുള്ളറാട്ട്, പി.ഇ. ശ്രീജയൻ എന്നിവർ പങ്കെടുത്തു.