ലീഗൽ സർവീസസ് അതോറിറ്റി തുണയായി; മീര ജന്മനാട്ടിലേക്ക് മടങ്ങി

ആറ്റിങ്ങൽ : പശ്ചിമബംഗാളിലെ റായ് ഗഞ്ച് സ്വദേശിയായ മീരാബ്യാപാരി (24) കഴിഞ്ഞ ഒരു വർഷമായി പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. ജന്മനാട്ടിൽ നിന്നും എങ്ങനെയോ കേരളത്തിലെത്തിയതാണ്. നേരിട്ടിരുന്ന അസ്വസ്ഥതകൾ ചികിത്സയിലൂടെ മാറിയെങ്കിലും മീരയ്ക്ക് ഭൂതകാലത്തിലേക്ക് പൂർണമായി മടങ്ങിയെത്താനായിരുന്നില്ല. എന്നാൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ ഇടപെടലിലൂടെ മീരയ്ക്ക് അമ്മയെയും ബന്ധുക്കളെയും തിരികെക്കിട്ടി. അമ്മയോടൊപ്പം കഴിഞ്ഞദിവസം അവൾ ജന്മനാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ നിയമസഹായക്ലിനിക്കിന്റെ ചുമതലയുണ്ടായിരുന്ന അഭിഭാഷക പ്രിയ സന്തോഷാണ് മീരാബ്യാപാരിയുടെ കാര്യം പാരാലീഗൽ വൊളന്റിയർമാരെ അറിയിച്ചത്. തുടർന്ന് വൊളന്റിയർമാരായ താഹിറയും മുഹമ്മദ് സുധീറും മീരാബ്യാപാരിയെ കണ്ട് വിവരങ്ങൾ ശേഖരിച്ചു.

പശ്ചിമബംഗാൾ സ്വദേശിയാണെന്നറിഞ്ഞതോടെ അവിടത്തെ പി.എൽ.വി.ആയ റോയ് ചൗധരിയെ ബന്ധപ്പെടുകയും മീരയുമായി സംസാരിപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് മീര റായ്ഗഞ്ച് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് റായ്ഗഞ്ച് പി.എൽ.വി.ആയ പ്രദീപ് റോയിയുമായി ബന്ധപ്പെടുകയും അവിടത്തെ ജില്ലാലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുടെ വിലാസം വാങ്ങുകയും ചെയ്തു. ഇത് തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിക്ക് കൈമാറി.

ജില്ലാലീഗൽ സർവീസസ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരം കെൽസയുടെ നിലാവ് പദ്ധതിയിലുൾപ്പെടുത്തി മീരയെ പശ്ചിമബംഗാളിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും സാങ്കേതികപ്രയാസങ്ങൾ മൂലം അത് നടക്കാതെ പോയി. മീരയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടർന്നതിന്റെ ഫലമായി ഈ മാസം 10 ന് മീരയുടെ അമ്മ ദുലി ബ്യാപാരിയും പി.എൽ.വി.പ്രദീപ് റോയിയും തിരുവനന്തപുരത്തെത്തി.

വർഷങ്ങൾക്കുശേഷം അമ്മയെ കണ്ട മീര അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു. അമ്മയ്ക്കും കരച്ചിലടക്കാനായിരുന്നില്ല. മകളെ തിരിച്ചുനല്കിയതിന് നന്ദിപറയാൻ വാക്കുകളില്ലാതെ ആ അമ്മ പാരാലീഗൽ വൊളന്റിയർമാർക്കുമുന്നിൽ വിങ്ങിപ്പൊട്ടി. നടപടികൾ പൂർത്തിയാക്കി തൊട്ടടുത്തദിവസം തന്നെ മീരയെ അമ്മയ്ക്കും പി.എൽ.വി.ക്കുമൊപ്പം തീവണ്ടിയിൽ നാട്ടിലേക്കയച്ചു.

ജില്ലാലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ലക്ഷ്മി, മുൻ സെക്രട്ടറി ഷംനാദ് എന്നിവരുടെ നേതൃത്വത്തിൽ സെക്ഷൻ ഓഫീസർ ഷൈജു, നിതിൻ, നീതു, രഞ്ജിനി, സുഷ, ഡോ.പ്രിയങ്ക, പാരാലീഗൽ വൊളന്റിയർമാരായ താഹിറ, മുഹമ്മദ് സുധീർ സാമൂഹ്യപ്രവർത്തക ശോഭിത എന്നിവരുടെ കൂട്ടായ ഇടപെടലാണ് മീരയ്ക്ക് ബന്ധുക്കളെ തിരികെക്കിട്ടാനും നാട്ടിലേക്ക് മടങ്ങാനും സഹായകമായത്.