വികസനത്തിന് കാതോർത്ത് കന്യാകുളങ്ങര

കാടുമൂടിയും മാലിന്യം നിറഞ്ഞും പൊതുചന്ത

വെമ്പായം : പ്രദേശത്തെ പ്രധാന വിപണന കേന്ദ്രമായ കന്യാകുളങ്ങര ചന്തയുടെ പ്രവർത്തനം അടിസ്ഥാന സൗകര്യങ്ങളില്ലാതെ താളം തെറ്റുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇപ്പോൾ കച്ചവടക്കാരും ചന്തയെ ഉപേക്ഷിച്ച അവസ്ഥയാണ്. മുൻപ് മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ചന്തയ്ക്കകം ഇപ്പോൾ മാലിന്യവും കാടുംമൂടിയ നിലയിലാണ്.

ചന്തയ്ക്കുള്ളിൽ മാലിന്യം നിറഞ്ഞതോടെ കച്ചവടക്കാർ ചന്തയ്ക്കുള്ളിലേക്ക് പ്രവേശിക്കാതെയായി. പ്രധാന കച്ചവടങ്ങളെല്ലാം ഇപ്പോൾ ചന്തയോട് ചേർന്ന് എം.സി. റോഡിന്റെ പാതയോരത്താണ് നടക്കുന്നത്.

പ്രദേശത്തെ കാർഷിക മേഖലയായ വെമ്പായം മണ്ഡപം, കുണൂർ, കൊഞ്ചിറ, പെരുങ്കൂർ, വേറ്റിനാട് എന്നിവിടങ്ങളിലെ കർഷകരെല്ലാം കച്ചവടത്തിനായി കന്യാകുളങ്ങര ചന്തയെയാണ് ആശ്രയിച്ചിരുന്നത്. ഇപ്പോൾ കച്ചവടം നടത്തുന്നതിനായി നെടുമങ്ങാട്ടോ പോത്തൻകോട്ടോ പോകേണ്ട അവസ്ഥയിലാണ്.

നേരത്തെ പൊതുജനങ്ങൾക്ക് ചന്ത ലേലം പിടിച്ച് കച്ചവടം നടത്തുവാൻ കഴിയുമായിരുന്നു. ഇപ്പോൾ മാണിക്കൽ പഞ്ചായത്തിനാണ് ചന്തയുടെ പൂർണ അധികാരം. ദിവസേന പഞ്ചായത്ത് ചുമതലപ്പെടുത്തിയിട്ടുള്ള ആളെത്തി റോഡിൽ ഉൾപ്പെടെ കച്ചവടം ചെയ്യുന്നവരിൽനിന്ന് തറവാടക വാങ്ങിപ്പോകുന്നതല്ലാതെ യാതൊരുവിധമായ നിർമാണ പ്രവർത്തനങ്ങളോ മാലിന്യനിർമാർജന പദ്ധതികളോ ചന്തയ്ക്കുള്ളിൽ നടപ്പിലാക്കിയിട്ടില്ലെന്ന് കച്ചവടക്കാർ ആരോപിക്കുന്നു.

ഒരേക്കറോളം വരുന്ന ചന്തയിൽ മത്സ്യച്ചന്തയും പച്ചക്കറിച്ചന്തയും വെവ്വേറെയാണുള്ളത്. ഈ രണ്ട് ഭാഗങ്ങളും മാലിന്യം നിറഞ്ഞ നിലയിലാണ്.

മീൻ, മരച്ചീനി തുടങ്ങിയ കച്ചവടക്കാർ കച്ചവടം റോഡിലേക്ക് മാറ്റി. പച്ചക്കറിച്ചന്ത ഇപ്പോൾ ഏറക്കുറെ നിലച്ചമട്ടാണ്.

മത്സ്യച്ചന്തയ്ക്കുള്ളിൽ മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്നതിനാലാണ് ചന്തയ്ക്കുള്ളിൽ കച്ചവടം നടത്താത്തതെന്നാണ് കച്ചവടക്കാർ പറയുന്നത്.മഴക്കാലത്ത് ചന്തക്കുള്ളിൽനിന്ന് മാലിന്യങ്ങൾ ഒലിച്ചുപോയി സമീപത്തെ വീടുകളിലും കച്ചവടസ്ഥാപനങ്ങളിലും കയറും.

ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. കച്ചവടം റോഡുവക്കിലാക്കിയതോടെ കന്യാകുളങ്ങര ജങ്‌ഷനിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. നടക്കാൻ പോലും സ്ഥലമില്ലാത്ത പാതയോരത്ത് കച്ചവടം കൂടിയായതോടെ കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടിലാണ്.

ചന്ത സമയങ്ങളിൽ ഏറെ പാടുപെട്ടാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത്.

കൂടാതെ കന്യാകുളങ്ങര ഗേൾസ്, ബോയ്സ് സ്കൂളുകളിലെയും നെടുവേലി സ്കൂളിലെയും കുട്ടികൾ ഇതുവഴി കാൽനടയായാണ് പോകുന്നത്. റോഡുവക്കിലെ കച്ചവടം കാരണം വിദ്യാർഥികൾ റോഡിലേക്ക് കയറി നടക്കും. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്.

ചന്തയ്ക്കകം മാലിന്യം നിറഞ്ഞ്‌ കാടുകയറിയതോടെചന്തയ്ക്ക് ഉള്ളിൽ ഉണ്ടായിരുന്ന മൂടിയില്ലാത്ത പഞ്ചായത്ത് കിണറും കാടിനുള്ളിലായി.

ഇഴജന്തുക്കളുടെ താവളമാണ് ഇവിടമിപ്പോൾ.മാലിന്യം നിറഞ്ഞതോടെ ആരും കിണറ്റിൽനിന്നും വെള്ളം എടുക്കാതെയായി. ചന്തയ്ക്കുള്ളിലായി മത്സ്യക്കച്ചവടത്തിനായി നിർമിച്ച കെട്ടിടത്തിന്റെ മേൽക്കൂര ഷീറ്റും കമ്പിയും ഇളകിയ അവസ്ഥയിലാണ്.

ബസ് സ്റ്റാൻഡ് നിർമിക്കണം

:ഒരേക്കറോളം വരുന്ന സർക്കാർ ഭൂമിയിൽ ചന്തയും ബസ് സ്റ്റേഷനും സ്ഥാപിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.

എം.സി.റോഡിൽ നിന്നും നെടുമങ്ങാട്ടേക്കും പോത്തൻകോട്ടേയ്ക്കും വാഹനങ്ങൾ തിരിഞ്ഞു പോകുന്ന പ്രധാന ജങ്‌ഷനാണ് കന്യാകുളങ്ങര. കന്യാകുളങ്ങര, വെമ്പായം മേഖല കേന്ദ്രീകരിച്ച് ഒരു ബസ് സ്റ്റാൻഡ് നിർമിക്കണമെന്നത് ഏറെനാളത്തെ ആവശ്യമാണ്‌. ഇതിലൂടെ വെമ്പായത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുവാൻ സാധിക്കും.

ഇപ്പോൾ വെമ്പായത്ത് നിന്നും എം.സി. റോഡ് വഴിയും നെടുമങ്ങാട്ടേക്കും പോത്തൻകോട്ടേക്കും പോകേണ്ട യാത്രക്കാർ പൊരിവെയിലത്താണ് ബസ് കാത്തുനിൽക്കുന്നത്. ബസ് സ്റ്റേഷൻ വരുന്നതോടെ ഇതിനും ഒരു പരിഹാരമാകും.

ചന്ത പ്രവർത്തിക്കുന്ന പൊതുവസ്തുവിൽ തന്നെ ചന്തയും ബസ് സ്റ്റാൻഡും പ്രവർത്തിക്കുവാനുള്ള സ്ഥലമുണ്ട്.

‘ശങ്ക’ അകറ്റാൻ പെടാപ്പാട്

:കന്യാകുളങ്ങര ചന്തയ്ക്കുള്ളിലായി മാണിക്കൽ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പൊതു ശൗചാലയവും ഏറക്കുറെ കാടുമുടിയ അവസ്ഥയിലാണ്. വൃത്തിഹീനമായ ശൗചാലയം നേരത്തെ തന്നെ സമൂഹവിരുദ്ധർ താവളമാക്കിയിരുന്നു. ടാപ്പുകളും മറ്റും തകർന്നതോടെ ഇവിടേക്ക് ആരും കയറാതെയായി. എം.സി.റോഡിലെ പ്രധാന ജങ്‌ഷനുകളിൽ ഒന്നായ കന്യാകുളങ്ങരയിൽ പൊതുശൗചാലയം വേണമെന്ന ആവശ്യം നിലനിൽക്കുമ്പോഴും നിലവിലെ ശൗചാലയം പരിപാലിക്കാൻ അധികൃതർക്കാവുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ചന്ത പുതുക്കിപ്പണിയുന്നതിനോടൊപ്പം റോഡിനോട് ചേർന്ന് വഴിയോര വിശ്രമകേന്ദ്രവും ശൗചാലയവും നിർമിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.