കരിഷ്മയുടെ സ്വപ്നങ്ങൾക്ക് ഉയരമേറെ

തിരുവനന്തപുരം : താനൊരു പൈലറ്റായിരുന്നെങ്കിൽ ആകാശത്തുനിന്ന് പൂന്തുറയിലെ തീരവും കടലും തന്റെ വീടുമൊക്കെ കാണാമായിരുന്നു​വെന്ന് ആഗ്രഹിച്ചിരുന്ന പൂന്തുറയിലെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ യുവതി ഇന്ന് വിമാനം പറത്താനുള്ള പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ ഫ്‌ളൈയിങ് ക്ലബ്ബിൽ പൈലറ്റ് പരിശീലനത്തിനുള്ള കോഴ്‌സിനുചേർന്ന കരിഷ്മ ബിൻരാജ് ആദ്യദൗത്യത്തിൽ തന്നെ പരീക്ഷകളും പരീക്ഷണ പറക്കലും പൂർത്തിയാക്കി. ഈമാസം അഞ്ചിനായിരുന്നു പ്രൈവറ്റ് പൈലറ്റ് ലൈസൻസ് കിട്ടിയത്. കഴിഞ്ഞ 26-ന് സോളോ ഫ്‌ളൈയിങ് പൂർത്തിയാക്കി. 300 നോട്ടിക്കൽ മൈൽവരെ വിമാനം പറത്താനായി.

കോട്ടപ്പുറം സെയ്ന്റ്‌‌ മേരീസ് എച്ച്.എസ്.എസിലെ ഹൈസ്‌കൂൾ അധ്യാപികയായ മേരി വസന്തയുടെയും മീൻപിടിത്ത തൊഴിലാളിയായ സഹായരാജുവിന്റെയും മകളാണ് കരിഷ്മ ബിൻരാജ്. പൂന്തുറ സെയ്ന്റ്‌ തോമസ് എച്ച്.എച്ച്.എസിലായിരുന്നു പ്ലസ്ടു പൂർത്തിയാക്കിയത്.

തുടർന്ന് വ്യോമസേനയിൽ ചേർന്ന് പൈലറ്റ് പരിശീലനം നേടണമെന്ന് ആഗ്രഹിച്ചെങ്കിലും നടന്നില്ല.

എങ്കിലും ആഗ്രഹവും സ്വപ്നങ്ങളും കൈവിട്ടില്ല. ദൃഢനിശ്ചയത്തോടെ ദക്ഷിണാഫ്രിക്കയിലേക്കു വിമാനം കയറി. രണ്ടുവർഷംകൊണ്ട് പഠനം പൂർത്തിയാക്കി. പഠനത്തിനും പരിശീലനത്തിനുമായി പണം വായ്പയെടുത്തു. പൂർത്തിയാക്കിയത് വിമാനം പറപ്പിക്കുന്നതിനുള്ള പ്രൈവറ്റ് പൈലറ്റ് ലൈസൻസ് മാത്രമാണ്.

ഇനിയുള്ളത് കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസാണ്(സി.പി.എൽ.). അതിനായി വലിയ കടമ്പകളുണ്ട്. അതിനുള്ള ശ്രമത്തിലാണ് കരിഷ്മ. ഒരുനാൾ പൂന്തുറയ്ക്കു മുകളിലൂടെ വിമാനം പറപ്പിച്ച് തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനമിറക്കുമെന്ന ആഗ്രഹം സഫലമാക്കുമെന്ന ദൃഢനിശ്ചയത്തിലാണ് കരിഷ്മ. നാലാംവർഷ എം.ബി.ബി.എസ്. വിദ്യാർഥിയായ കിഷോർ ബിൻരാജാണ് സഹോദരൻ.