പഴകുറ്റി-പൊന്മുടിപ്പാത നവീകരണം ഓടനിർമാണത്തെക്കുറിച്ച് വീണ്ടും പരാതികൾ

‌വിതുര : പഴകുറ്റി-പൊന്മുടി റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട ഓടനിർമാണത്തിലെ അപാകങ്ങളെക്കുറിച്ച് വീണ്ടും പരാതികൾ ഉയരുന്നു. കോടികൾ ചെലവിട്ട് ആധുനികരീതിയിൽ റോഡ് നവീകരിക്കുമ്പോൾ ഓടനിർമാണം അശാസ്ത്രീയമാണ് എന്നാണ് ആക്ഷേപം.

പ്രധാന ജങ്ഷനായ വിതുര കലുങ്കിലെ കച്ചവടക്കാരാണ് ആക്ഷേപം ഉയർത്തുന്നത്‌. ഓടനിർമാണത്തിലെ അപാകങ്ങൾമൂലം തേവിയോട്, കെ.പി.എസ്.എം., ചന്തമുക്ക്, ശിവക്ഷേത്ര ജങ്ഷൻ എന്നിവിടങ്ങളിലുണ്ടായ ബുദ്ധിമുട്ട് ഇവിടെയും ആവർത്തിക്കുന്നതായാണ് അവരുടെ പരാതി.

ഉണ്ടായിരുന്ന ഓടകൾ പൊളിച്ചുനീക്കി ഉയരം കൂട്ടിയാണ് പുതുതായി ഓട നിർമിക്കുന്നത്. ആനുപാതികമായി റോഡിന്റെ വീതി കൂട്ടുമെന്ന് കരാറുകാർ പറയുന്നുണ്ടെങ്കിലും വീതി നിശ്ചയിക്കുന്നതിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

നിശ്ചിത സമയത്ത് പണി തീർക്കാത്തതും വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നു. കാലതാമസംമൂലം ജങ്ഷനിലെ ഹോട്ടലുകളും ബേക്കറികളും ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളിലേക്ക് കയറാനുള്ള വഴി തടസ്സപ്പെട്ടിട്ട് ഏറെ നാളായി. പാലമായിട്ട ഇരുമ്പുഷീറ്റുകളിലൂടെയോ പലകകളിലൂടെയോ സാഹസികമായി കടകൾക്കുള്ളിലേക്കു കയറേണ്ട സ്ഥിതിയാണ്. കനത്ത മഴയിൽ റോഡിന്റെ അരികുകൾ ഇടിയുന്നതും ചെളിക്കളമാകുന്നതും പ്രശ്നം രൂക്ഷമാക്കുന്നു. റോഡിന്റെ വീതിയെക്കുറിച്ച് വിജിലൻസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തേ പണി കുറച്ചുനാൾ നിർത്തിവെച്ചിരുന്നു. വ്യാപാരികളുടെ പരാതിയെത്തുടർന്ന് പണി പുനരാരംഭിച്ചെങ്കിലും പിന്നീട് മഴ മുന്നറിയിപ്പു തടസ്സമായി.

‌മഴക്കാലത്താണ് ഓടനിർമാണം എന്നാണ് നാട്ടുകാർ പറയുന്നത്‌.

അനുകൂല കാലാവസ്ഥയിൽ നിർമാണം നിർത്തിവയ്ക്കുന്നതാണ് പ്രശ്നം.