ഭൂമിതരംമാറ്റം; 10 ലക്ഷം കൈക്കൂലി ചോദിച്ച് സി.പി.എം. കൗൺസിലർ

ഇല്ലെങ്കിൽ 'കൊടികുത്തി' സമരമെന്ന് ഭീഷണി
തിരുവനന്തപുരം : ഭൂമി തരംമാറ്റാനും പുറംപോക്ക് ഭൂമി അനധികൃതമായി രജിസ്റ്റർ ചെയ്തുനൽകാനും പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട് സി.പി.എം. കൗൺസിലർ. തിരുവനന്തപുരം കോർപ്പറേഷൻ തൃക്കണ്ണാപുരം വാർഡ് കൗൺസിലർ അജിൻ എസ്. ലീൻ കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യവും ഭീഷണിപ്പെടുത്തുന്ന ഫോൺസംഭാഷണവും പുറത്തുവന്നതോടെ സി.പി.എം. പ്രതിരോധത്തിലായി.
പണം നൽകിയില്ലെങ്കിൽ ഡി.വൈ.എഫ്.ഐ.ക്കാരെ രംഗത്തിറക്കി സമരം തുടങ്ങുമെന്ന് കൗൺസിലർ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടത്. പേയാട് സ്വദേശി സഞ്ജുവിന്റെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യത്തിനാണ് അജിൻ കൈക്കൂലി ആവശ്യപ്പെട്ടത്. തൃക്കണ്ണാപുരം വാർഡിൽ 19 സെന്റ് സ്ഥലം വാങ്ങി പ്ലോട്ടുകൾ തിരിച്ചു വിൽപ്പന നടത്തുകയായിരുന്നു സഞ്ജു. ആദ്യഘട്ടനിർമാണം നടക്കുമ്പോഴാണ് അജിന്റെ ഇടപെടൽ. പത്തുലക്ഷംരൂപ കൈക്കൂലി നൽകിയാൽ സമീപത്തെ പുറമ്പോക്ക് ഭൂമികൂടി രജിസ്റ്റർചെയ്തു നൽകാമെന്നായിരുന്നു വാഗ്ദാനം. തർക്കിക്കാൻനിന്നാൽ ഡി.വൈ.എഫ്.ഐ.ക്കാരെക്കൊണ്ട് സ്ഥലത്ത് കൊടികുത്തിക്കുമെന്നും ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്.മൂന്നുമാസം മുൻപാണിത് ഉണ്ടായതെന്നും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു.
'ദൃശ്യവും ശബ്ദവും വ്യാജം'
:പുറത്തുവന്ന ദൃശ്യവും ശബ്ദവും വ്യാജമാണെന്ന് കൗൺസിലർ അജിൻ എസ്. ലീൻ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രദേശത്തെ മണ്ണു മാഫിയയ്ക്കെതിരേ താൻ നടത്തിയ ഇടപെടലാണ് ഇതിനു കാരണമെന്നും ബി.ജെ.പി.യാണ് ഇതിനു പിന്നിലെന്നും അജിൻ കുറ്റപ്പെടുത്തി.