നാവായിക്കുളത്തെ കശുവണ്ടിവ്യവസായം നിലച്ചു

തൊഴിലാളികൾ ദുരിതത്തിൽ
കല്ലമ്പലം : നാവായിക്കുളം പഞ്ചായത്തിലെ കശുവണ്ടി ഫാക്ടറികൾ അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് അഞ്ചുവർഷം പിന്നിടുന്നു. ഫാക്ടറികളിലെ വിവിധ വിഭാഗങ്ങളിൽ ജോലിചെയ്തിരുന്ന 6000-ത്തിലധികം തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാണ്.
തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരം കാണാൻ ഇടപെടലുകൾ ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
നാവായിക്കുളം പഞ്ചായത്തിൽ ഒരുകാലത്ത് 17 കശുവണ്ടി ഫാക്ടറികളാണ് പ്രവർത്തിച്ചിരുന്നത്. ഇവയെല്ലാം സ്വകാര്യമേഖലയിലായിരുന്നു. നിലവിൽ ഇരുപത്തെട്ടാംമൈലിലെ കാപെക്‌സ് ഫാക്ടറി മാത്രമാണ് പ്രവർത്തിക്കുന്നത്. ഇവിടെയും തൊഴിലാളികൾക്ക് വർഷത്തിൽ ശരാശരി 60 ദിവസത്തെ തൊഴിൽ മാത്രമാണ് ലഭിക്കുന്നത്.
സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ഉയർന്ന പെൻഷൻ ലഭിക്കുമ്പോൾ കശുവണ്ടിത്തൊഴിലാളികൾക്ക് ലഭിക്കുന്നത് പ്രതിമാസം 2000 രൂപ മാത്രമാണ്. ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പല കമ്പനികളും ഇതുവരെ നൽകിയിട്ടില്ലെന്നും പരാതിയുണ്ട്.
ഇറക്കുമതിച്ചുങ്കത്തിലെ വർധനയും കൂലിവർധനയും ഉൾപ്പെടെ ഉത്‌പാദനച്ചെലവ് കുത്തനെ ഉയർന്നതാണ് ഫാക്ടറികൾ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചത്. കേന്ദ്രസർക്കാർ 2015 ഫെബ്രുവരിയിൽ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചതിനു പിന്നാലെ സംസ്ഥാന സർക്കാർ കൂലി വർധിപ്പിച്ചതും മേഖലയ്ക്കു തിരിച്ചടിയായെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. പ്രാദേശികമായി തോട്ടണ്ടി ലഭ്യമല്ലാതായതും കശുവണ്ടിവ്യവസായത്തിന് തിരിച്ചടിയായി.
കശുവണ്ടിത്തോട്ടങ്ങൾ വ്യാപകമായി റബ്ബർകൃഷിയിലേക്ക് മാറിയതോടെ നാട്ടിലെ തോട്ടണ്ടി ഉത്പാദനം ഗണ്യമായി കുറഞ്ഞു. ഇതോടെ മറ്റു ജില്ലകളിൽനിന്നും അയൽ സംസ്ഥാനങ്ങളിൽനിന്നും തോട്ടണ്ടി എത്തിച്ചാണ് ഫാക്ടറികളിൽ സംസ്‌കരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. തോട്ടണ്ടിയുടെ ലഭ്യതക്കുറവും വർധിച്ച ഉത്‌പാദനച്ചെലവും താങ്ങാനാകാതായതോടെ ഫാക്ടറികൾ ഓരോന്നായി പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. പ്രവർത്തനം നിലച്ചതോടെ ഫാക്ടറിക്കെട്ടിടങ്ങൾ നാശത്തിന്റെ വക്കിലാണ്. വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നതിനാൽ യന്ത്രസാമഗ്രികളും കേടാകുകയാണ്. ചില ഫാക്ടറികൾ പൂർണമായും നശിച്ചനിലയിലാണ്. ചിലയിടങ്ങൾ ഹരിതകർമസേനയുടെ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.
ഫാക്ടറികൾ അടഞ്ഞതോടെ തൊഴിലാളികൾക്ക് ഇ.എസ്.ഐ. ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടമായി. ക്ഷേമനിധി പെൻഷനും മുടങ്ങിയതായി തൊഴിലാളികൾ പറയുന്നു.
വർഷങ്ങളോളം കശുവണ്ടി ഫാക്ടറികളിൽ ജോലിചെയ്ത ഒട്ടേറെപ്പേർ വിവിധ ആരോഗ്യപ്രശ്‌നങ്ങളാൽ ചികിത്സിക്കാൻ പണമില്ലാതെ ദുരിതത്തിലുമാണ്. ഫാക്ടറികളിൽനിന്ന് പിരിഞ്ഞുപോയ തൊഴിലാളികൾക്ക് നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങൾപോലും ലഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.