പേരിനൊരു ആരോഗ്യകേന്ദ്രം

കല്ലറ : അടിസ്ഥാന സൗകര്യങ്ങളില്ലാതെ, മെച്ചപ്പെട്ട ചികിത്സ നൽകാനാകാതെ, അവഗണനയുടെ നടുവിലാണ് തറട്ട സാമൂഹികാരോഗ്യകേന്ദ്രം.

ആശുപത്രി പരിസരമാകെ പുല്ലും പാഴ്‌ച്ചെടികളും വളർന്ന് കാടുപിടിച്ച അവസ്ഥയിലാണ്. ജീവനക്കാർക്കും ഡോക്ടർമാർക്കും താമസിക്കാനായി നിർമിച്ചിട്ടുള്ള ക്വാർട്ടേഴ്‌സുകളാകട്ടെ ആൾത്താമസമില്ലാതെ നശിച്ചസ്ഥിതിയിലും.

ആറ്‌ പഞ്ചായത്തുകളുടെ ഏക ആശ്രയമാണ് ഈ ആരോഗ്യകേന്ദ്രം. 1990-കളിൽ പ്രസവ ചികിത്സകളുൾപ്പെടെ ഉണ്ടായിരുന്ന കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം ഇന്ന് വെറുമൊരു ക്ലിനിക്കിന്റെ സൗകര്യത്തിലേക്ക് ചുരുങ്ങിയെന്നാണ് പ്രദേശവാസികളുടെ ആരോപണം.

ആശുപത്രിയുടെ പദവി സാമൂഹികാരോഗ്യകേന്ദ്രമായി മാറിയെങ്കിലും സേവനം ഉയർന്നില്ല. കെട്ടിടങ്ങളും ആവശ്യത്തിനു സൗകര്യങ്ങളും ഉണ്ടെങ്കിലും പലപ്പോഴും രാത്രികാലങ്ങളിൽ ഡോക്ടറും ജീവനക്കാരും ഉണ്ടാകാറില്ല.

ആശുപത്രിയോടുചേർന്ന് ഡോക്ടർമാർക്കും ജീവനക്കാർക്കും താമസിക്കാനായി ആറ് ക്വാർട്ടേഴ്‌സുകളുണ്ട്. എന്നാൽ, വർഷങ്ങളായി ആരും താമസമില്ല.

ക്വാർട്ടേഴ്‌സ് പരിസരമാകെ കാടുകയറി തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും താവളമായി മാറി.

കല്ലറ-മുതുവിള റോഡിൽ റോഡിന്റെ സമീപമുള്ള ക്വാർട്ടേഴ്സിന്റെ ചുറ്റുമതിൽ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ജനറൽ മെഡിസിൻ മാത്രമാണ് നിലവിൽ ഇവിടുള്ളത്. രാത്രികാലങ്ങളിൽ പാമ്പുകടിയേറ്റും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാലും എത്തുന്നവർക്ക് ചികിത്സ ലഭിക്കാറില്ല.

ഇവരെ നെടുമങ്ങാട്ടേക്കോ തിരുവനന്തപുരത്തേക്കോ കൊണ്ടുപോകണം.

നാലുവർഷം മുൻപ് നിർമിച്ച പുതിയ കെട്ടിടത്തിൽ രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമുണ്ടെങ്കിലും ഇപ്പോഴും പഴയ കെട്ടിടത്തിലാണ് രോഗികളെ കിടത്തുന്നത്. ഇവിടെ ശൗചാലയസൗകര്യവും ഇല്ല.