പെരുങ്ങുഴിയിൽ യാത്രക്കാരെ വലച്ച് റെയിൽവേ ഗേറ്റ് പണിമുടക്കുന്നു

ചിറയിൻകീഴ് : പെരുങ്ങുഴി റെയിൽവേ ഗേറ്റ് അടിക്കടി പണിമുടക്കുന്നത് ഇതുവഴിയുള്ള യാത്രക്കാർക്ക് ദുരിതമാകുന്നു. റെയിൽവേ ഗേറ്റിലെ ഉരുക്ക് വടം തെന്നിമാറുന്നതാണ് ഗേറ്റ് അടയുന്നതിന് കാരണമാകുന്നത്. അറ്റകുറ്റപ്പണികൾ വൈകുന്നതും ഗേറ്റിന്റെ തകരാറിനു കാരണമാണ്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് അടഞ്ഞ ഗേറ്റ് വ്യാഴാഴ്ച ഉച്ചയോടെ മാത്രമാണ് തുറക്കാനായത്. വർക്കലയിൽ നിന്നും ഖലാസികളെത്തി തകരാർ പരിഹരിച്ചെങ്കിൽ മാത്രമേ ഗേറ്റ് തുറക്കാനാകൂ. സിഗ്നൽ സിസ്റ്റം ഇല്ലാത്തതിനാൽ പലപ്പോഴും നാലു അഞ്ചും ട്രെയിനുകൾ കടന്നുപോകുന്നതുവരെ ഇവിടെ ഗേറ്റ് അടഞ്ഞുകിടക്കാറുണ്ട്. ഇക്കാര്യംകൊണ്ടുതന്നെ നാട്ടുകാർ പൊറുതിമുട്ടിയിരിക്കുമ്പോഴാണ് മണിക്കൂറുകളോളം ഗേറ്റ് അടഞ്ഞുകിടക്കുന്നത്. ഒരുപ്രാവശ്യം ഗേറ്റ് തുറന്നാൽ തന്നെ മിനിറ്റുകൾക്കുള്ളിൽ ഗേറ്റ് അടയ്ക്കുകയാണ് പതിവ്. മൂന്നുവശവും കായലിനാൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ ഗേറ്റ് അടഞ്ഞാൽ അപ്പുറം ഉള്ളവർക്ക് പുറംലോകത്ത് എത്താൻതന്നെ സാധിക്കാത്ത അവസ്ഥയാണ്. കുഴിയം കോളനിയെ ബന്ധിപ്പിച്ച് ഒരു റോഡ് ഉണ്ടെങ്കിലും ചെമ്മൺ പാത ആയതിനാൽ ഇതുവഴിയുള്ള യാത്ര മഴക്കാലത്ത് അസാധ്യമാണ്. അടിക്കടി റെയിൽവേ ഗേറ്റ് പണി മുടക്കുന്നതിനാൽ ഇവിടെ ഒരു ഓട്ടോമാറ്റിക് ഗേറ്റ് വേണം എന്നുള്ള ആവശ്യവും ശക്തമാണ്.