കൃഷിത്തോട്ടങ്ങളിൽ വിനോദസഞ്ചാര പദ്ധതികളൊരുക്കും -മന്ത്രി ടി. സിദ്ദിഖ്

പാലോട് : കേരളത്തിലെ കാർഷികഫാമുകളെ ഫാം-അഗ്രി ടൂറിസം മാതൃകയിൽ ബന്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. ജില്ലാപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ സംഘടിപ്പിച്ച ജില്ലാ കാർഷികമേള ഫാം ഫെസ്റ്റ് ‘നിറവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കർഷകരെയും അവരുടെ വിളകളെയും സംരക്ഷിക്കാനും കരുതാനുമുള്ള പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മേളയുടെ ഭാഗമായുള്ള പ്രദർശന-വിപണന സ്റ്റാളുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെയും കർഷക ഗ്രൂപ്പുകളുടേതുമായി 25-ലധികം പ്രദർശന വിപണന സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. കാർഷികസെമിനാറുകൾ, കാർഷികോത്പന്ന വിപണനമേള, നാടൻ ഭക്ഷ്യമേള, കലാപരിപാടികൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടനച്ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി അധ്യക്ഷത വഹിച്ചു. സുധീർഷാ പാലോട് എം.എൽ.എ. മുഖ്യാതിഥിയായി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ എസ്.എൽ. ഷീന, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി. മുരളി, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബി. ശോഭന, ഡോ. കെ.ആർ. ഷൈജു, ആർ. പ്രീത, എൽ.പി. മായദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. രഘുനാഥൻ നായർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എൻ. അരുൺകുമാർ തുടങ്ങിയവരും പ്രസംഗിച്ചു.

നിരവധി കാഴ്ചകൾ

:കണ്ണഞ്ചിപ്പിക്കുന്ന സൂര്യകാന്തിപ്പാടവും നെൽകൃഷിയും ഏറുമാടവും കാവൽമാടവുമെല്ലാം ചേർന്ന ഫാം ഫെസ്റ്റ് കാഴ്ചക്കാരെ പഴയകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. രണ്ട് ഏക്കറിൽ നിറയെ സൂര്യകാന്തിപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നു. അതിനു നടുവിൽ ഏറുമാടവും വശങ്ങളിൽ നെൽപ്പാടവും ജമന്തിത്തോട്ടവും ചന്തമിട്ടുനിൽക്കുന്നു. പരമ്പരാഗത കൃഷിരീതിയെ അനുസ്മരിപ്പിച്ച് കാവൽമാടവും നാടൻ ചായപ്പീടികയും കാളവണ്ടിമാതൃകയും ഗ്രാമീണത്തനിമ സമ്മാനിക്കുന്നുണ്ട്. ടെൻ ഫ്ലവർ വാഴ, കൂപ്പുകൈ വാഴ എന്നറിയപ്പെടുന്ന പ്രെയിങ് ഹാൻഡ്സ് ബനാന, വിദേശ ഇനമായ ഒപ്പേലും തുടങ്ങി വിവിധയിനം വാഴകളാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. നഴ്‌സറികളിൽനിന്നു പച്ചക്കറി, പൂച്ചെടി തൈകളും തേൻ, ഹരിതകഷായം, വെർമി കമ്പോസ്റ്റ്, കുടംപുളി, ഉണങ്ങിയ പാവയ്ക്ക, പച്ചക്കറികൾ തുടങ്ങിയ ഫാം ഉത്‌പന്നങ്ങളും ലഭ്യമാണ്. രാവിലെ 9 മുതൽ വൈകീട്ട് 7 വരെയാണ് അഞ്ചുദിവസത്തെ മേള.