അനുമതി നിഷേധിച്ച ഡോക്യുമെന്ററികൾ പ്രത്യേകം പ്രദർശിപ്പിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം : രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്ര മേളയിൽ കേന്ദ്രം പ്രദർശനാനുമതി നിഷേധിച്ച ഏഴ് ചിത്രങ്ങൾ കേരളത്തിൽ പ്രത്യേകം പ്രദർശിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
ചിത്രങ്ങളുടെ പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം ആവിഷ്കാരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹ്രസ്വചലച്ചിത്രമേളയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേള കഴിഞ്ഞെങ്കിലും ഈ ചിത്രങ്ങളുടെ പ്രദർശനാനുമതിക്കായുള്ള ശ്രമങ്ങൾ തുടരും. ഡോക്യുമെന്ററികളുടെയും ഹ്രസ്വചിത്രങ്ങളുടെയും പ്രദർശനത്തിന് തിരുവനന്തപുരത്ത് സ്ഥിരം വേദി നിർമ്മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രദർശനാനുമതി ലഭിക്കാത്ത ഏഴ് ചിത്രങ്ങളുടെയും സംവിധായകരെ വേദിയിൽ ആദരിച്ചു. ഹ്രസ്വചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഐ.ഡി.എസ്.എഫ്.എഫ്.കെ. ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് പ്രമുഖ അനിമേഷൻ ചലച്ചിത്രകാരി നീനാ സബ്‌നാനിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
രണ്ടുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
മന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷനായി. മന്ത്രി സി.പി. ജോൺ, ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സൺ രവീന്ദ്രൻ, കെ.എസ്.എഫ്.ഡി.സി. ചെയർപേഴ്‌സൺ പ്രേംകുമാർ, സാംസ്‌കാരികവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എം. അഞ്ജന, ജൂറി ചെയർപേഴ്‌സൺ സഞ്ജു സുരേന്ദ്രൻ, റുചിർ ജോഷി തുടങ്ങിയവർ പങ്കെടുത്തു.
'ക്ലോസ് അപ് അപ് ക്ലോസ്' മികച്ച ലോങ് ഡോക്യുമെന്ററി; ഭിന്തില പാഠ് ഷോർട്ട് ഫിക്ഷൻ
തിരുവനന്തപുരം : അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേള മത്സരവിഭാഗത്തിലെ മികച്ച ലോങ് ഡോക്യുമെന്ററിയായി മലയാളിയായ കമൽ കെ.എം. സംവിധാനം ചെയ്ത 'ക്ലോസ് അപ് അപ് ക്ലോസ്-ദ മേക്കിങ് ഓഫ് പൊളിറ്റിക്കൽ യുബിയു' തിരഞ്ഞെടുക്കപ്പെട്ടു.രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
രണ്ടാമത്തെ മികച്ച ലോങ് ഡോക്യുമെന്ററിക്കുള്ള ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സുഗന്ധി ഗദാധർ സംവിധാനം ചെയ്ത 'മൈ ഓട്ടർ ഡയറി' നേടി.
മികച്ച ഷോർട്ട് ഫിക്ഷനുള്ള രണ്ട് ലക്ഷം രൂപയുടെ പുരസ്കാരം ശേഖർ ബാപ്പു രംങ്കാബ്ലെ സംവിധാനം ചെയ്ത ഭിന്തില പാഠ് സ്വന്തമാക്കിയപ്പോൾ, രണ്ടാമത്തെ മികച്ച ഷോർട്ട് ഫിക്ഷനായി സഹദേബ് ദാസ് സംവിധാനം ചെയ്ത എ മൗസ് ആൻഡ് എ മാൻ തിരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയാണ് പുരസ്കാരത്തുക.
മികച്ച ഷോർട്ട് ഡോക്യുമെന്ററിയായി ദബലീന മജുംദാർ സംവിധാനം ചെയ്ത ഫ്രണ്ട്‌സ് ഓഫ് ജിലിപി ബാല (ഒരു ലക്ഷം രൂപ), രണ്ടാമത്തെ മികച്ച ഷോർട് ഡോക്യുമെന്ററിയായി അശുതോഷ് ജാറെ സംവിധാനം ചെയ്ത കോൾ ഡിഗ്ഗേഴ്‌സ് ഓഫ് ഇന്ത്യ (50,000 രൂപ) തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിർമ്മിക്കപ്പെട്ട ചിത്രങ്ങൾക്കായുള്ള മികച്ച കാമ്പസ് ഷോർട് ഫിലിം പുരസ്കാരം (50,000 രൂപ) മുഹമ്മദ് ജസീൽ സംവിധാനം ചെയ്ത 'മാരാ' സ്വന്തമാക്കി.
കാമ്പസ് ഷോർട്ട്ഫിലിമിനുള്ള പ്രത്യേക ജൂറി പരാമർശം വിഷ്ണു പുഷ്‌കരൻ സംവിധാനം ചെയ്ത 'ഒഴുക്ക്' നേടി.