പ്രകൃതി നിറംചാലിച്ച ഉടയാടകൾ

#അഭിജ ജെ. സുരേന്ദ്രൻ

തിരുവനന്തപുരം: ഉപയോഗിച്ച വസ്ത്രങ്ങളിൽ പ്രകൃതിയിലെ നിറം പടർത്തി പുതുമ സൃഷ്ടിക്കുകയാണ് കൊല്ലം സ്വദേശിയും ഐ.ടി. ജീവനക്കാരനുമായ അമൽ എസ്.പിള്ള. ഇലകളും പൂക്കളും ഇയാളുടെ കൈകളിലെത്തിയാൽ അത് വർണങ്ങളാകും. പ്രകൃതിദത്ത ചായങ്ങൾ നേരിട്ട് തുണിയിലേക്ക് 'ഇക്കോ പ്രിന്റിങ്' ചെയ്യുകയാണ് അമൽ. ഇക്കോ പ്രിന്റിങ് ട്രെൻഡാകുന്ന ഈ കാലത്ത് പഴയവസ്ത്രങ്ങളിൽ വർണംചേർത്ത് പുത്തനാക്കിമാറ്റാനുള്ള പരിശ്രമത്തിലാണിയാൾ.

ജമന്തി, റോസ്, പതിമുഖം, ചെമ്പരത്തി, മാവില, പേരയില, സവാളത്തോൽ എന്നിവയാണ് ഇക്കോ പ്രിന്റിങ്ങിനായി എടുക്കുന്നത്. ഇവ തിരഞ്ഞെടുക്കുന്ന തുണികളിൽ ഇഷ്ടാനുസരണം നിരത്തിവെച്ചതിനുശേഷം ഇറുക്കത്തിൽ മുറുക്കി ചുരുട്ടിവെച്ച് മൂന്ന് മണിക്കൂറോളം പുഴുങ്ങിയെടുക്കുന്നു. പൂർണമായും പ്രകൃതിദത്തമായി ചെയ്‌തെടുക്കുന്നവയാണ്. നിറം നൽകുന്നതിനായി പതിമുഖം, നാൽപ്പാമരം, മഞ്ഞൾ എന്നിവയാണ് ഉപയോഗിക്കുന്നത്. നിശ്ചിത അളവിൽ ഇരുമ്പ്, കോപ്പർ, ആലം എന്നിവ ചേർക്കുമ്പോൾ നിറങ്ങൾ തെളിയുന്നു.

അഞ്ചുമുതൽ ആറുദിവസങ്ങളെടുത്താണ് ഓരോ വസ്ത്രങ്ങളും ഇക്കോ പ്രിന്റ് ചെയ്‌തെടുക്കുന്നത്.

തയ്യൽക്കടയിൽ ബാക്കിവരുന്ന തുണിക്കഷണങ്ങൾ മുറിച്ച് ക്രോഷേ ഉത്പന്നങ്ങൾ നിർമിച്ചാണ് അമലിന്റെ തുടക്കം. യുറ്റ്യൂബിലൂടെയാണ് ക്രോഷേ പഠിക്കുന്നത്. ഫാഷൻ ഡിസൈനിങ് പഠിച്ചിട്ടില്ലെങ്കിലും അതിയായ ആഗ്രഹമുള്ളതിനാൽ പിന്നീട് തയ്യൽ പഠിച്ചെടുത്തു. കൊച്ചിയിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലിചെയ്യുന്നതിനിടെയാണ് 'അംശം ഹാൻഡ്മെയ്ഡ്' എന്ന ഫെയ്സ്ബുക്ക് പേജ് തുടങ്ങുന്നത്. ഒഴിവുസമയങ്ങളിൽ ബാഗുകൾ, പൗച്ചുകൾ, ക്രോഷെ ആഭരണങ്ങൾ, ഫ്രിഡ്ജ് മാഗ്‌നറ്റുകൾ, ബോട്ടിൽ പെയ്ന്റിങ്ങുകൾ എന്നിവ നിർമിച്ച് വിൽപ്പന നടത്താനും തുടങ്ങി.

2018-ൽ സാധാരണ നൂലും ചിലങ്കയും ചേർത്ത് ഉണ്ടാക്കിയ 'ചിലങ്കമാല' വൻ ഹിറ്റായി. 500 രൂപ നിരക്കിലാണ് വിറ്റഴിച്ചിരുന്നത്. പിന്നീട് സാമൂഹികമാധ്യമമായ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനും ഇക്കോ പ്രിന്റിങ് വീഡിയോകൾ റീലുകളായി ഇടാനും ആരംഭിച്ചു.

റീലുകൾ കൂടുതൽ ആളുകളിലേക്ക് എത്തുകയും ആദ്യമായി ഇക്കോ-പ്രിന്റിങ്‌ വർക്‌ഷോപ്പ് അമൽ സംഘടിപ്പിക്കുകയും ചെയ്്തു. കൊച്ചിയിലും തുടർന്ന് തിരുവനന്തപുരം, കോഴിക്കോട്, അട്ടപ്പാടി, ചെന്നൈ, ഹൈദരാബാദ്, വിജയവാഡ, കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിലും വർക്‌ഷോപ്പുകൾ നടത്തി. 16 മുതൽ 65 വയസ്സുവരെയുള്ളയുള്ളവരാണ് വർക്‌ഷോപ്പിൽ പങ്കെടുക്കാറുള്ളത്. വിവാഹത്തിന് ഉപയോഗിച്ച ഹാരങ്ങൾ ഉപയോഗിച്ച് സാരിയും ഷർട്ടും ഇക്കോ പ്രിന്റ് ചെയ്ത് ഓർമ്മയായി സൂക്ഷിക്കുന്ന വെഡ്ഡിങ്‌ സാരി പ്രിസർവേഷനും അമൽ ചെയ്ത് നൽകുന്നുണ്ട്. 'നൂറുശതമാനം രാസവസ്തുക്കൾ ഒഴിവാക്കി പ്രകൃതിദത്തമായ ആലം മാത്രം ഉപയോഗിച്ചാണ് ഇക്കോ പ്രിന്റിങ് ചെയ്യുന്നത്. മാറുന്ന ഫാഷൻ ലോകത്ത് പരിസ്ഥിതി സൗഹൃദമായ വസ്ത്രധാരണം പ്രോത്സാഹിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്ന് അമൽ പറയുന്നു.