നൂലിൽക്കുരുങ്ങി കൈത്തറി സഹകരണ സംഘങ്ങൾ

ചിറയിൻകീഴ് : ചിറയിൻകീഴ് താലൂക്കിലെ കൈത്തറി സഹകരണ സംഘങ്ങളിൽ ഭൂരിഭാഗവും പ്രതിസന്ധിയിൽ. നൂലിന്റെ വിലവർധനവാണ് പ്രധാന കാരണം.
അതിനാൽ നെയ്ത്ത് മുണ്ട്, ലുങ്കി ഉൾപ്പെടെയുള്ള ഉത്‌പന്നങ്ങൾക്ക് വലിയ വിലയാണ് ഈടാക്കേണ്ടി വരുന്നത്. കൈനൂലിന്റെ ഉത്പാദനം കേന്ദ്രസർക്കാർ കുറച്ചതാണ് വിലവർധിക്കാൻ കാരണമായത്.
കിഴുവിലം, അവനവഞ്ചേരി, കൈലാത്തുകോണം തുടങ്ങി വിരലിലെണ്ണാവുന്ന നെയ്ത്ത് സംഘങ്ങൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെകാലത്ത് സ്‌കൂൾ യൂണിഫോം നിർമാണം കൈത്തറി സംഘങ്ങളെ ഏൽപ്പിച്ചതുകൊണ്ടുമാത്രമാണ് സംഘങ്ങൾ നിലനിന്നുപോയത്.
പവർ ലൂം വഴി കുറഞ്ഞവിലയ്ക്ക് ഉത്പന്നങ്ങൾ ലഭിക്കുന്നതോടെ ഉപഭോക്താക്കൾ അവ കൂടുതൽ തിരഞ്ഞെടുക്കാൻ തുടങ്ങിയതാണ് നെയ്ത്ത് സംഘങ്ങൾക്ക് തിരിച്ചടിയായത്. കായികാധ്വാനം വേണ്ട ഈ തൊഴിൽമേഖലയിൽ പുതിയ തലമുറയിലുള്ള ഒരാൾപോലും കടന്നുവരുന്നുമില്ല.
കൈയും കാലും കണ്ണും ഒരുപോലെ പ്രവർത്തിക്കേണ്ട ജോലിയാണിത്. എന്നിട്ടും ഏറ്റവും കുറഞ്ഞ കൂലിനിരക്കാണ് ഇവർക്ക് ലഭിക്കുന്നത്. ഒരുദിവസം ശരാശരി അഞ്ചുമീറ്റർ നെയ്താൽ 250 രൂപയാണ് കൂലിയായി ലഭിക്കുക. അതും കൃത്യമായി ലഭിക്കാറുമില്ല. കഴിഞ്ഞ നവംബറിനുശേഷം കൂലി ലഭിച്ചിട്ടില്ലെന്നും ചിറയിൻകീഴ് കിഴുവിലം സംഘത്തിലെ തൊഴിലാളികൾ പറഞ്ഞു. ദിവസവും ജോലിയില്ലാത്തതും പ്രതിസന്ധിയാണ്.
കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് 150 കോടി രൂപ നെയ്ത്ത് മേഖലയ്ക്ക് അനുവദിച്ചെങ്കിലും തൊഴിലാളികൾക്ക് ലഭ്യമായിട്ടില്ല. കൈത്തറി മേഖലയുടെ നവീകരണത്തിനും യുവതലമുറയെ കൈത്തറി മേഖലയിലേക്ക് ആകർഷിക്കുന്നതിനുംവേണ്ടി സർക്കാർ തിരഞ്ഞെടുക്കപ്പെട്ട യുവതികൾക്കായി യുവവീവ് പദ്ധതിയിലൂടെ പരിശീലനം നൽകാനും പരിശീലനം പൂർത്തിയാക്കുന്നവർക്ക് 20 തറികൾ സൗജന്യമായി നൽകാനും തീരുമാനിച്ചിരുന്നു.
എന്നാൽ, പദ്ധതി ഇപ്പോൾ നിലച്ച അവസ്ഥയിലാണ്. മുൻപ് രണ്ടായിരത്തിലേറെ തറികളുണ്ടായിരുന്ന പ്രദേശമാണ് കിഴുവിലം. നിലവിൽ എട്ട് സംഘങ്ങളുടെ തറികൾമാത്രമാണ് പ്രവർത്തനത്തിൽ ഉള്ളത്.
പ്രവർത്തനമൂലധനത്തിന്റെ അഭാവവും സാമ്പത്തിക പ്രതിസന്ധിയുമാണ് കൈത്തറി സഹകരണസംഘങ്ങളുടെ പ്രതിസന്ധിക്ക് പ്രധാന കാരണം. സംഘങ്ങളുടെ കടബാധ്യത എഴുതിത്തള്ളാൻ കേന്ദ്ര സർക്കാർ മാസങ്ങൾക്കു മുൻപ് ചില പാക്കേജുകൾ കൊണ്ടുവന്നെങ്കിലും അവയിൽ ഉൾപ്പെടുത്തിയ നിബന്ധനകൾ പ്രാഥമിക കൈത്തറി സംഘങ്ങൾക്ക് നടപ്പിലാക്കാൻ കഴിയുന്നതരത്തിലല്ലെന്നാണ് അധികൃതരുടെ ഭാഷ്യം. അനുവദിക്കപ്പെട്ട പാക്കേജിന്റെ ഗുണം മിക്ക സംഘങ്ങൾക്കും കിട്ടിയിട്ടില്ലെന്നും തൊഴിലാളികൾ പരാതിപ്പെടുന്നു.