ആറ്റിങ്ങൽ ബൈപ്പാസിനായി മണ്ണെടുത്ത ഭാഗം ഇടിഞ്ഞുവീഴുന്നു

ആറ്റിങ്ങൽ : ദേശീയപാത-66 ന്റെ ഭാഗമായി ആറ്റിങ്ങൽ ബൈപ്പാസിന്റെ നിർമാണത്തിനായി മണ്ണെടുത്ത ഭാഗങ്ങൾ ഇടിഞ്ഞുവീഴുന്നു. വീടുകളുടെ സമീപപ്രദേശങ്ങൾ ഇടിഞ്ഞുവീഴാൻ തുടങ്ങിയത് സമീപവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. അശാസ്ത്രീയമായി കുന്നുകൾ ഇടിച്ചുമാറ്റിയതും സംരക്ഷണഭിത്തി സമയബന്ധിതമായി ഒരുക്കാതിരുന്നതുമാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയിട്ടുള്ളത്.
ആഴാംകോണം മുതൽ മാമം വരെയാണ് ആറ്റിങ്ങൽ ബൈപ്പാസ് നിർമിക്കുന്നത്. പ്രദേശത്തെ ഭൂപ്രകൃതിയെക്കുറിച്ചും മണ്ണിന്റെ ഘടനയെക്കുറിച്ചും കൃത്യമായ പഠനങ്ങൾ നടത്താതെയാണ് റോഡിന്റെ രൂപരേഖ തയ്യാറാക്കിയത്. ഇതുനിമിത്തം പലയിടങ്ങളിലും നിർമാണപ്രവർത്തനത്തിൽ വലിയ കാലതാമസവും പ്രതിസന്ധികളും നേരിടുന്നുണ്ട്.
ദേശീയപാതയുടെയും സർവീസ് റോഡിന്റെയും നിർമാണത്തിനായി ഏറ്റെടുത്ത ഭൂമിയിലാണ് നിർമാണം നടക്കുന്നത്.
മാമത്ത് വലിയ കുന്ന് യന്ത്രങ്ങളുപയോഗിച്ച് ഇടിച്ച് മണ്ണെടുത്തുമാറ്റി. മണ്ണ് മാറ്റുന്നതിലും ശാസ്ത്രീയത പാലിച്ചില്ല. താഴ് ഭാഗം കൂടുതലായി തുരന്നെടുക്കുന്ന രീതിയിലായിരുന്നു മണ്ണെടുത്തത്.
കോരാണി കാരിക്കുഴിക്ക് സമീപം റോഡിന്റെ കിഴക്കുഭാഗത്തെ കുന്ന് ഇത്തരത്തിൽ ഇടിച്ചെടുത്തത് വലിയ ആക്ഷേപങ്ങൾക്കിടയാക്കിയിരുന്നു. കുന്നിടിഞ്ഞുവീണ് അപകടങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായതിനെത്തുടർന്ന് ശാസ്ത്രീയ നിർദേശങ്ങൾക്കനുസരിച്ച് മണ്ണിടിച്ച് കുന്നിനെ സംരക്ഷിക്കാനുള്ള നടപടികൾ എടുത്തിരുന്നു. എന്നാൽ മറ്റിടങ്ങളിൽ ഇത്തരത്തിലുള്ള നടപടികൾ ഉണ്ടായിട്ടില്ല.
മാമത്ത് ബൈപ്പാസിന്റെ സർവീസ് റോഡ് നിർമിക്കാനായി ഇടിച്ചെടുത്ത കുന്ന് കഴിഞ്ഞദിവസത്തെ മഴയിൽ ഇടിഞ്ഞുവീണു. ഇവിടെ 30 അടിയോളം ആഴത്തിലാണ് മണ്ണ് ഇടിച്ചെടുത്തത്.
പിരമിഡ് ആകൃതിയിൽ മണ്ണിടിച്ചെടുത്താൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല. അടിഭാഗം തുരന്നെടുത്തപ്പോൾ മുകൾഭാഗത്ത് വെള്ളം നിന്ന് മണ്ണ് ദുർബലപ്പെടുകയും കുന്ന് വൻതോതിൽ ഇടിഞ്ഞ് റോഡിലേക്ക് ഇറങ്ങുകയുമായിരുന്നു. പ്രദേശത്തെ മണ്ണ് വളരെ ദുർബലമായതാണ് വലിയ പ്രതിസന്ധിയുണ്ടാക്കുന്നത്.
പാലാംകോണത്ത് റോഡ് നിർമിക്കാനായി വൻ കുഴിയാണ് എടുത്തിട്ടുള്ളത്. 30 മീറ്ററിലധികം ആഴത്തിലാണ് ഇവിടെ കുന്നിടിച്ചിട്ടുള്ളത്. റോഡ് നിർമിക്കേണ്ട ഭാഗം മുഴുവൻ ഇപ്പോൾ വെള്ളക്കെട്ടായി മാറിയിട്ടുണ്ട്. റോഡിനായി ഇത്രയും ആഴത്തിൽ ഇടിച്ചുമാറ്റിയതോടെ പ്രദേശത്തെ കിണറുകളിൽ ജലനിരപ്പ് താഴുകയും പല കിണറുകളിലും വെള്ളമില്ലാത്ത സ്ഥിതിയുണ്ടാവുകയും ചെയ്തിട്ടുണ്ട്. കുന്നിടിച്ച ഭാഗം ഓരോ മഴയിലും ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്നതാണ് ഇവിടത്തെ കാഴ്ച.
ഇടിച്ചെടുത്ത ഭാഗങ്ങളിൽ അവശേഷിക്കുന്ന കുന്ന് ഇടിഞ്ഞുവീഴാതിരിക്കാൻ വശങ്ങൾ സിമന്റുകൊണ്ട് ബലപ്പെടുത്തുകയോ സംരക്ഷണഭിത്തിയൊരുക്കുകയോ ചെയ്യുന്നത് സാധാരണമാണ്. എന്നാൽ ബൈപ്പാസിനായി മണ്ണിടിച്ച ഭാഗത്ത് അത്തരം ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഇതാണ് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നത്. റോഡിന്റെ നിർമാണപ്രവർത്തനങ്ങളുടെ അവസാനഘട്ടമായിട്ടാണ് ഇത്തരം പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതെന്നാണ് അധികൃതർ പറയുന്നത്.
അതുവരെ കാത്തിരിക്കുമ്പോഴേക്കും വീടുകൂടി അപകടാവസ്ഥയിലാകുമെന്ന ആശങ്കയിൽ കഴിയുന്ന നിരവധി കുടുംബങ്ങളുണ്ട്. ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി വിഷയത്തിലിടപെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടികളെടുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.