സ്‌കൂൾ സമയത്ത് ടിപ്പറുകളുടെ മത്സരയോട്ടം

ഗതാഗതക്കുരുക്ക് രൂക്ഷം

പാറശ്ശാല : കാരോട്-നാഗർകോവിൽ ബൈപ്പാസ് നിർമ്മാണത്തിനായി മണ്ണെത്തിക്കുന്ന ടിപ്പർ ലോറികളുടെ പകൽസമയത്തെ മത്സരയോട്ടം വിദ്യാർഥികളുടെ ജീവന് ഭീഷണിയാകുന്നു. നിരനിരയായെത്തുന്ന വലിയ ടിപ്പർ ലോറികൾ പ്രധാന കവലകളിൽ വലിയ ഗതാഗതക്കുരുക്ക്‌ ഉണ്ടാക്കുന്നു.കാരോട്-നാഗർകോവിൽ ബൈപ്പാസിന്റെ നിർമാണത്തിനായി മണ്ണെത്തിക്കുന്ന കൂറ്റൻ ടിപ്പർ ലോറികളാണ് അതിർത്തിപ്രദേശത്ത് നിയന്ത്രണങ്ങളില്ലാതെ ചീറിപ്പായുന്നത്. വെള്ളറട ഭാഗത്തുനിന്നാണ് ബൈപ്പാസ് നിർമാണത്തിനായി മ​െണ്ണത്തിക്കുന്നത്. അതിർത്തിപ്രദേശത്തെ പ്രധാനപാതയായ വെള്ളറട-പാറശ്ശാല, പാറശ്ശാല-ചെറുവാരക്കോണം പാതവഴി കാരോട് ബൈപ്പാസിലെത്തിയ ശേഷം നിർമാണം പുരോഗമിക്കുന്ന ഭാഗത്തേക്കാണ്‌ ടിപ്പർ ലോറികൾ പോകുന്നത്.

വിദ്യാർഥികൾക്ക് ഭീഷണി

അതിരാവിലെ മുതൽ മണ്ണ് നിറച്ച ടിപ്പർ ലോറികൾ ഈ വഴി കടന്നുപോകുന്നുണ്ട്. സ്‌കൂൾ വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി രാവിലെ എട്ടുമുതൽ പത്തുവരെയും വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെയും ടിപ്പർലോറികൾക്ക് നിരത്തിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ബൈപ്പാസ് നിർമാണത്തിനായി മണ്ണുമായെത്തുന്ന ടിപ്പർ ലോറികൾ ഈ നിയന്ത്രണം പാലിക്കുന്നില്ല. കാരക്കോണം-പാറശ്ശാല പാതയിൽ മാത്രം ഏഴോളം വിദ്യാലയങ്ങളാണ് നിലവിലുള്ളത്.

പരമാവധി ഓടണം

പാറശ്ശാല പോസ്റ്റ്‌ ഓഫീസ് കവലയിൽ മാത്രം മറ്റ് അഞ്ച്‌ വിദ്യാലയങ്ങളിലെ വിദ്യാർഥികൾ എത്തുന്നുണ്ട്. സ്‌കൂൾ സമയത്ത് മണ്ണുമായെത്തുന്ന ടിപ്പർ ലോറികളുടെ മത്സരയോട്ടം വിദ്യാർഥികളുടെ ജീവന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഒരു ദിവസം പരമാവധി ലോഡ് എടുക്കാനാണ് നിയന്ത്രണമുള്ള സമയത്തും ഇവ പായുന്നത്.

പാറശ്ശാല-ചെറുവാരക്കോണം പാതയിൽ രണ്ട്‌ പ്രധാന വിദ്യാലയങ്ങളുണ്ട്. വീതി കുറഞ്ഞ ഈ പാതയിൽ വിദ്യാർഥികൾ ഏറെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. ഇവർക്കിടയിലൂടെ കൂറ്റൻ ടിപ്പർ ലോറികളും നിരനിരയായി കടന്നുപോകുന്നത് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നുണ്ട്. ടിപ്പർ ലോറികൾ പാറശ്ശാല പോസ്റ്റാഫീസ് കവല, ആശുപത്രി കവല, ബൈപ്പാസ് കവല എന്നിവിടങ്ങളിൽ വലിയ ഗതാഗതക്കരുക്കും സൃഷ്ടിക്കുന്നുണ്ട്.

സ്‌കൂൾ വാഹനങ്ങൾക്ക് പരിഗണന നൽകാതെ പായുന്ന ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.