സ്വകാര്യത്തിനും 'സർക്കാർ ബോർഡ് '

പാറശ്ശാല : സ്വകാര്യവാഹനങ്ങളിൽ സർക്കാർ ബോർഡുകളും വിവിധ സമിതികളുടെയും സഹകരണ സ്ഥാപനങ്ങളുടെയും പേരുകളും അനധികൃതമായി പതിപ്പിച്ചുള്ള യാത്ര വ്യാപകമാകുന്നു. ഹൈക്കോടതിയുടെ കർശന ഉത്തരവുകളും മോട്ടോർ വാഹനവകുപ്പ് മാർഗനിർദേശങ്ങളും കാറ്റിൽപ്പറത്തിയാണ് ഉദ്യോഗസ്ഥരും സമിതി ഭാരവാഹികളും ജനപ്രതിനിധികളുമടക്കമുള്ളവർ നിരത്തുകളിൽ വിലസുന്നത്.
നിരത്തുകളിലെ പരിശോധനകൾ ഒഴിവാക്കുന്നതിനും ടോൾ ഒഴിവാക്കുന്നതിനും നിരത്തുകളിൽ പ്രത്യേകപരിഗണന നേടിയെടുക്കുന്നതിനുമാണ് ഇത്തരം വ്യാജബോർഡുകൾ ദുരുപയോഗം ചെയ്യുന്നത്. ഒറ്റനോട്ടത്തിൽ സർക്കാർ വാഹനമെന്ന് തോന്നുന്ന തരത്തിൽ ചുവന്ന ബോർഡുകൾ വെച്ച സ്വകാര്യവാഹനങ്ങൾ കേരള-തമിഴ്നാട് അതിർത്തി കടന്നുപോകുന്നത് പതിവാണ്. കേരള സർക്കാർ, മെമ്പർ, ചെയർമാൻ, സർക്കാർ കമ്മിറ്റികൾ, ബോർഡ് അംഗം തുടങ്ങിയവ ചുവന്ന പ്രതലത്തിൽ വെള്ള അക്ഷരങ്ങളിൽ എഴുതിയ ബോർഡുകളാണ് ഇവയിൽ അധികവും. റോഡിലെ പോലീസ്, മോട്ടോർ വാഹന വകുപ്പ്, എക്സൈസ് പരിശോധനകൾ ഒഴിവാക്കാനും നിരത്തിൽ പ്രത്യേക പരിഗണന ലഭിക്കാനുമാണിത്.
അതിർത്തി കടന്ന് തമിഴ്നാട്ടിലേക്ക് എത്തിയാൽ തമിഴ്നാട് ഉദ്യോഗസ്ഥരുടെയടുത്തും ടോൾ ബൂത്തുകളിലും കേരള സർക്കാർ വാഹനങ്ങളെന്ന പരിഗണന ഇവയ്ക്ക് ലഭിക്കുന്നു. ഔദ്യോഗികപദവികൾ ദുരുപയോഗം ചെയ്ത് ഇതരസംസ്ഥാനങ്ങളിലേക്ക് വിനോദയാത്രയ്ക്കും വ്യക്തിഗത ആവശ്യങ്ങൾക്കുമായി ഇത്തരത്തിൽ ബോർഡ് വെച്ച് വാഹനം കൊണ്ടുപോകുന്നത് ഇപ്പോൾ പതിവായിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവ് മാനിക്കാതെ അധികൃതർ
:ഔദ്യോഗികപദവിയിലുള്ള വ്യക്തിയാണെങ്കിൽപ്പോലും സ്വന്തം പേരിലുള്ളതോ വാടകയ്ക്കെടുത്തതോ ആയ സ്വകാര്യ വാഹനങ്ങളിൽ സർക്കാർ വാഹനമെന്ന ബോർഡുകൾ വെയ്ക്കുവാൻ പാടില്ലെന്ന് ഹൈക്കോടതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.
ഔദ്യോഗിക കൃത്യനിർവഹണത്തിന് സർക്കാർ അനുവദിച്ചിട്ടുള്ള വാഹനങ്ങളിലോ സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങളിലോ മാത്രമേ ചുവന്ന പ്രതലത്തിൽ വെള്ള അക്ഷരമുള്ള ബോർഡുകൾ പ്രദർശിപ്പിക്കാൻ അനുവാദമുള്ളൂ.
സഹകരണ ബാങ്കുകൾ, അർധസർക്കാർ സ്ഥാപനങ്ങൾ, വിവിധ ഉപദേശകസമിതികൾ, കമ്മീഷനുകൾ എന്നിവർക്കൊന്നും സ്വകാര്യവാഹനങ്ങളിൽ ഇത്തരം ബോർഡുകൾ സ്ഥാപിക്കുവാൻ അനുവാദമില്ല.
ഹൈക്കോടതി പലതവണ താക്കീത് നൽകിയിട്ടും നടപടിയില്ല.