മേമലയിൽ കാട്ടാനക്കൂട്ടം വീണ്ടും കൃഷി നശിപ്പിച്ചു

വിതുര : വിതുര മേമലയിൽ വീണ്ടും കാട്ടാനശല്യം. കരിങ്കാളി ക്ഷേത്രത്തിനു സമീപം മൺപുറത്ത് കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. മൺപുറത്തെ സ്വകാര്യ പുരയിടത്തിലെ വാഴ, മരച്ചീനി എന്നിവയാണ് ആനക്കൂട്ടം കുത്തിമറിച്ചത്. വനമേഖലയോട് ചേർന്ന പ്രദേശത്ത് കാട്ടാനശല്യം പതിവാണ്. മുൻപ് പലതവണ ഇവിടെയിറങ്ങിയ ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
കാട്ടുപോത്ത്, പന്നി എന്നിവയുടെ ശല്യവും രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. വനംവകുപ്പിന്റെ പ്രതിരോധ മാർഗങ്ങൾ ഫലം കാണാതെ വന്നതോടെ പ്രതിസന്ധിയിലായത് കടംവാങ്ങിയും ഭൂമി പാട്ടത്തിനെടുത്തും കൃഷിയിറക്കിയ കർഷകരാണ്. ആനശല്യം വീണ്ടും രൂക്ഷമായതോടെ നാട്ടുകാർക്കു പുറത്തിറങ്ങാൻ കഴിയാത്ത നിലയാണ്.
രാത്രികാലങ്ങളിൽ ആനശല്യം രൂക്ഷമായതോടെ ഉറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണെന്ന് അവർ പറയുന്നു.