സ്വർണപ്പണയ ബാങ്ക് വായ്പ തട്ടിപ്പിൽ യുവതി അറസ്റ്റിൽ

ആര്യൻകോട് : ബാങ്കുകളെയും സ്വകാര്യ ധനകാര്യസ്ഥാപനങ്ങളെയും കബളിപ്പിച്ച് സ്വർണപ്പണയം മാറ്റിവെക്കാനെന്ന വ്യാജേന 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ യുവതി ആര്യങ്കോട് പോലീസിന്റെ പിടിയിലായി. ചെമ്പൂര് ഒറ്റശേഖരമംഗലം സ്വദേശിനിയായ നിഷയാണ് (37) അറസ്റ്റിലായത്.

ചാർട്ടേർഡ് അക്കൗണ്ട് ഓഫീസിൽ കാര്യങ്ങൾ ചെയ്തുവന്നിരുന്ന നിഷ രണ്ട് സ്ഥാപനങ്ങളിൽ നിന്ന്‌ പണം തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. ആർക്കും സംശയംവരാത്ത തരത്തിലാണ് തട്ടിപ്പ് നടത്തിയത്.

സെപ്റ്റംബർ 14-ന്‌ ചെമ്പൂര് കവലയ്ക്കുസമീപം പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിൽ 50 ലക്ഷം രൂപയുടെ സ്വർണവായ്പ ടേക്ക് ഓവർ ചെയ്യണം എന്ന ആവശ്യവുമായി നിഷ ബാങ്ക് മാനേജരെ സമീപിച്ചു.

തുടർന്ന് 50 ലക്ഷം രൂപ വായ്പ പാസാക്കി യുവതിയുടെ ഇസാഫ് ബാങ്കിന്റെ സേവിങ്‌സ് അക്കൗണ്ടിലേക്ക് അയപ്പിച്ചു.

വായ്പയായെത്തുന്ന പണം മറ്റു ബാങ്കുകളിലേക്ക് മാറ്റുന്നതിനായി ചെക്ക് ഒപ്പിട്ടുനൽകിയിരുന്നു. ഇതേത്തുടർന്ന് പണം മറ്റ്‌ ബാങ്ക് അക്കൗണ്ടുകളിലെത്തി.

പിന്നീട് വായ്പ നൽകിയ ബാങ്ക് മാനേജരും നിഷയും ഇസാഫ് ബാങ്കിലെത്തി സ്വർണം എടുക്കാൻ ചെന്നപ്പോഴാണ് അവിടെ പണയ ഉരുപ്പടിയില്ലെന്നുള്ള യാഥാർഥ്യം തിരിച്ചറിയുന്നത്. ഇതിനിടയിൽ യുവതി അതിവിദഗ്ധമായി മുങ്ങി.

തുടർന്നുള്ള ബാങ്ക് മാനേജരുടെ പരാതിയിൽ ആര്യങ്കോട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. യുവതി തുക മാറ്റിയ ബാങ്ക് അക്കൗണ്ടുകൾ പിന്തുടർന്ന് പാലക്കാട്, മലപ്പുറം ജില്ലകളിൽ നടത്തിയ അന്വേഷണത്തിൽ പ്രതി കരിങ്കല്ലത്താണി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രൈവറ്റ് പണമിടപാട് സ്ഥാപനത്തെയും ഇത്തരത്തിൽ പറ്റിച്ചിട്ടുള്ളതായി അറിയാൻ കഴിഞ്ഞു.

കൂടുതൽ ചോദ്യംചെയ്തതിൽ കേരളത്തിലെ വിവിധ പ്രമുഖ പണമിടപാട് സ്ഥാപനങ്ങളിലും ഈ യുവതി ഇത്തരത്തിൽ സമീപിച്ചിരുന്നതായും അറിയാൻ കഴിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

തട്ടിപ്പിന് യുവതിക്ക്‌ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

ആര്യൻകോട് എസ്.എച്ച്.ഒ. സാബുവിന്റെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ഐ.മാരായ പ്രവീൺ കുമാർ, ഷീബ, സി.പി.ഒ.മാരായ ജയപ്രകാശ്, അക്ഷയ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്.