പെരിങ്ങമ്മലയിൽ സൂര്യകാന്തിവസന്തം

പാലോട് : പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫാം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 10 മുതൽ 15 വരെയാണ് ഫാം ഫെസ്റ്റ്. പൊന്മുടിയുടെ പശ്ചാത്തലത്തിൽ മൂന്നേക്കറിൽ ഒരുക്കിയ സൂര്യകാന്തിപ്പാടമാണ് ഇത്തവണത്തെ പ്രത്യേകത. ഇരുപതിനായിരത്തിലധികം സൂര്യകാന്തിച്ചെടികളാണ് വിടർന്നുനിൽക്കുന്നത്. ഇവിടെ സെൽഫി പോയിന്റുകളും ഒരുക്കിയിട്ടുണ്ട്.

സൂര്യകാന്തിപ്പാടത്തോടു ചേർന്ന് മുപ്പതടി ഉയരത്തിൽ ഒരു പാറയുടെ മുകളിൽ കാട്ടുകമ്പുകളും തടികളും കൂട്ടി ഒരു പാലം നിർമ്മിച്ച് മനോഹരമായി ഒരു മുളങ്കുടിലും ഉണ്ട്. ഇതിന് മുകളിൽ കയറി ചുറ്റും കണ്ണോടിച്ചാൽ കാനനഭംഗി ആസ്വദിക്കാം. ഗ്രാമീണഭക്ഷണത്തിനായി, മണ്ണമൃത്, കൃഷിമധുരം, അമ്മമാധുര്യം എന്ന പേരിലെല്ലാം കടകളും ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്ക് ഉല്ലാസത്തിനായി ‘ഓണം കഴിഞ്ഞൊരോണം’ കോർണർ, ഊഞ്ഞാൽ പാർക്ക് തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. ഫാം കൃഷി അസിസ്റ്റന്റും ഫൈൻ ആർട്‌സ് ബിരുദധാരിയുമായ എ.എൻ. നിബുവാണ് ‘സൂര്യസ്മിതം’ എന്ന പേരിൽ പാർക്ക് ക്രമീകരിച്ചത്. ജില്ലാപഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.ആർ. ഷൈജുവിന്റെ നേതൃത്വത്തിലാണ് ഫാം ഫെസ്റ്റ്. കാർഷികസെമിനാറുകൾ, ഗാനമേള, വനിതാ തിയേറ്റർ നാടകം, കുട്ടികളുടെ കൃഷിശാല, വനിതാകർഷകസംഗമം, ആൽത്തറയരങ്ങ്, കാർഷികചർച്ച തുടങ്ങിയവ ഫെസ്റ്റിൽ ക്രമീകരിച്ചിട്ടുണ്ട്. എല്ലാത്തരം നടീൽ വസ്തുക്കളും വാങ്ങാൻ പ്രത്യേകം സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്.കൂടാതെ സന്ദർശകർക്ക് ഫാം ചുറ്റിക്കാണാൻ പ്രത്യേകം ജീപ്പുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഫാം സൂപ്രണ്ട് അഞ്ജു ജോർജ് പറഞ്ഞു.