നീലക്കടലായ് ഗ്രീൻഫീൽഡ്

തിരുവനന്തപുരം : രോഹിത് ശർമയുടെയും വിരാട് കോലിയുടെയും പ്രകടനം കാണാൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒഴുകിയെത്തിയത് പതിനായിരങ്ങൾ. വെസ്റ്റ് ഇൻഡീസിനെതിരേയുള്ള പരമ്പരയിലെ ആദ്യ ഏകദിനത്തിന് 40000 പേർക്കിരിക്കാവുന്ന സ്റ്റേഡിയം ഹൗസ്‌ഫുൾ ആയിരുന്നു. രോഹിത് ശർമയും വിരാട് കോലിയും തിരുവനന്തപുരത്ത് ഇറങ്ങുന്നതിനാൽ, ഇരുവരുടെയും വമ്പൻ പ്രകടനം പ്രതീക്ഷിച്ചാണ് കാണികൾ എത്തിയത്.
മത്സരത്തിനു മണിക്കൂറുകൾക്കുമുൻപ് കൊടുംചൂട് വകവയ്ക്കാതെയാണ് ക്രിക്കറ്റ് പ്രേമികൾ കാര്യവട്ടത്തേക്ക് എത്തിയത്. ടീമുകൾ എത്തുന്നതിനുമുൻപുതന്നെ ഇരിപ്പിടങ്ങൾ പകുതിയിലധികവും നിറഞ്ഞു. വിരാട് കോലിയുടെയും രോഹിത് ശർമയുടെയും ജഴ്‌സികൾ അണിഞ്ഞാണ് ആരാധകർ എത്തിയത്. നാടിന്റെ സ്വന്തം സഞ്ജുവിന്റെ ജഴ്‌സികളും ആരാധകർ സ്വന്തമാക്കിയിരുന്നു. മത്സരം തുടങ്ങിയതോടെ സ്റ്റേഡിയം മുഴുവൻ നീലക്കടലായി മാറി.
എന്നാൽ വെസ്റ്റ് ഇൻഡീസിന്റെ ജഴ്‌സിയണിഞ്ഞെത്തിയ ചിലരെയും കാണാമായിരുന്നു. കരീബിയൻ ക്രിക്കറ്റ് ലീഗ് കാണുന്ന കടുത്ത ആരാധകരായിരുന്നു അവർ. പുതുതലമുറ വെസ്റ്റ് ഇൻഡീസ് ടീമിനെക്കുറിച്ച് മികച്ച ധാരണയുള്ള ആരാധകരായിരുന്നു, ടീമിനെ പിന്തുണയ്ക്കാൻ എത്തിയത്. ഷായ് ഹോപ്പും സംഘവും മികച്ച പ്രകടനം നടത്തുമെന്ന അവരുടെ വിലയിരുത്തൽ തെറ്റിയതുമില്ല.
ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ ക്യാപ്റ്റൻ ഗിൽ, ടോസ് ലഭിച്ചിട്ടും ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അത്ര സുപരിചിതരല്ലാത്ത വെസ്റ്റ് ഇൻഡീസ് താരങ്ങളുടെ പ്രകടനം പക്ഷേ, കാണികളെ ആവേശത്തിലാഴ്ത്തി.
ട്വന്റി20 മത്സരങ്ങളുടെ രീതിയിലാണ് വെസ്റ്റ് ഇൻഡീസ് തുടങ്ങിയത്. ബൗണ്ടറികൾ എത്തിയതോടെ ഗാലറികൾ ആവേശത്തിലായി. ജസ്റ്റിൻ ഗ്രീവ്‌സും ജോൺ കാംബെലും അമിർ ജാങ്കോയും ബാറ്റിങ് വിരുന്നുതന്നെ ഒരുക്കി. കുൽദീപ് യാദവിന്റെ നാല് വിക്കറ്റ് പ്രകടനം ഇന്ത്യൻ ആരാധകർക്ക് ആശ്വാസമായി.
രണ്ടാം ഇന്നിങ്‌സിൽ രോഹിത് ശർമ ക്രീസിൽ എത്തിയതോടെ ഗാലറി പൊട്ടിത്തെറിച്ചു. ഓരോ റണ്ണിനും കാണികൾ ആഘോഷക്കടലൊരുക്കി. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും മികച്ച ഷോട്ടുകളുമായി കളംനിറഞ്ഞതോടെ കാര്യവട്ടം ആവേശത്തിമിർപ്പിലായി. മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയുമുൾപ്പെടെ രോഹിത് ശർമയുടെ സ്വാഭാവിക ബാറ്റിങ് പിറന്ന മത്സരമായിരുന്നു. 12-ാം ഓവറിൽ രോഹിത് മടങ്ങി. എന്നാൽ തൊട്ടുപിന്നാലെ വിരാട് കോലി എത്തിയതും ആർപ്പുവിളികളുമായി സ്‌റ്റേഡിയം പൊട്ടത്തെറിച്ചു. സിക്‌സറും ബൗണ്ടറികളുമായി ഗില്ലും കോലിയും കളംപിടിച്ചു. 296 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ഇരുവരും ചേർന്ന് ബാറ്റ് വീശിയത് കാര്യവട്ടത്ത് കളിപ്പൂരമൊരുക്കി.
ഏകദിനമത്സരങ്ങളുടെ കാലംകഴിഞ്ഞെന്ന വിലയിരുത്തലുകളെ അപ്രസക്തമാക്കുന്ന ആവേശം നിറഞ്ഞ ഗാലറിയെയാണ് കാര്യവട്ടത്ത് ഞായറാഴ്ച കാണാൻ കഴിഞ്ഞത്. ഇന്ത്യയുടെ മികച്ച ബൗളിങ് നിരയെ തകർത്തടിച്ച വിൻഡീസ്, കണക്കുകൂട്ടലുകളെ ഇല്ലാതാക്കി. ഒറ്റദിവസംകൊണ്ട് മുഴുവൻ ടിക്കറ്റുകളും വാങ്ങിയെടുത്ത മലയാളി ആരാധകർക്ക് മികച്ച മത്സരാനുഭവമാണ് ഇരു ടീമുകളും സമ്മാനിച്ചത്.
അടുത്ത വർഷത്തെ ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് പൂർണ പിന്തുണ നൽകുന്ന ആരാധകരെയാണ് സ്റ്റേഡിയത്തിൽ കാണാൻ കഴിഞ്ഞത്.