എന്തൊരു ഗതികേട്‌... 20 കൊല്ലമായി അറ്റകുറ്റപ്പണിയില്ല

യാത്രാദുരിതത്തിൽ ആവുക്കുളം-ശ്രീനാരായണ നഗർ റോഡ്

ശ്രീകാര്യം : അറ്റകുറ്റപ്പണികൾ നടത്താതെ അധികൃതരുടെ അവഗണന കാരണം ജനവാസമേഖലയിലെ പ്രധാന റോഡ് പൂർണമായും ഗതാഗതയോഗ്യമല്ലാതായി.

മുക്കിൽക്കട- ആവുക്കുളം-ചെല്ലമംഗലം ​െറസി​െഡൻസ്‌ അസോസിയേഷൻ അതിർത്തിയിലുള്ള ആവുക്കുളം ശ്രീനാരായണനഗർ റോഡാണ് കഴിഞ്ഞ ഇരുപത് വർഷമായി അറ്റകുറ്റപ്പണികൾ ചെയ്യാത്ത നിലയിൽ കിടക്കുന്നത്. റോഡിന്റെ ദയനീയാവസ്ഥ കാരണം പ്രദേശവാസികളും യാത്രക്കാരും കടുത്ത ദുരിതത്തിലാണ്.

ചെല്ലമംഗലം ആവുക്കുളം ധർമശാസ്താക്ഷേത്രത്തിൽ മുക്കിൽക്കട ആനന്ദേശ്വരം റോഡിൽനിന്നും കാട്ടിക്കുളത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡാണിത്.

ഈ പ്രദേശത്തെ 50-ലധികം കുടുംബങ്ങൾ ദൈനംദിന ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. റോഡ് പുനരുദ്ധരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ അവഗണിക്കുന്നുവെന്നാണ് ആരോപണം.

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അടുത്തിടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പകുതിവഴിയിൽ നിലച്ചു.

റോഡിന്റെ ആദ്യഭാഗത്ത് 100 മീറ്ററോളം ദൂരത്തിൽ ഓടനിർമാണവും അവസാന ഭാഗത്ത് കലുങ്ക് നിർമാണവുമാണ് ഇപ്പോൾ നടക്കുന്നത്. നിർമാണം നിർത്തിവെച്ചതോടെ കാൽനടയാത്രപോലും കഴിയാത്ത സ്ഥിതിയാണ്.

കുത്തനെ കയറ്റമുള്ള റോഡിന്റെ ഇരുവശത്തും ടാർ പൂർണമായും ഇളകിമാറി കൂറ്റൻ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.

രോഗികളുമായി എത്തുന്ന ആംബുലൻസുകൾക്കുപോലും പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ജനങ്ങളുടെ കടുത്ത ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്നും നിർമാണം നിലച്ചുപോയ റോഡിന്റെ പണികൾ ഉടൻ ആരംഭിച്ച് ടാറിങ് പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികളും ​െറസി​െഡൻസ്‌ അസോസിയേഷൻ ഭാരവാഹികളും മേയർക്ക് ഉൾപ്പെടെ പരാതി നൽകി കാത്തിരിക്കുകയാണ്.