വായനയും പുനരുപയോഗവും... സന്ദേശം പകർന്ന് കുട്ടിപ്പോലീസ്

വിതുര : ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വായനയുടെ പ്രാധാന്യവും സാമൂഹികപ്രതിബദ്ധതയും ഉയർത്തിപ്പിടിച്ച് വിതുര ഗവ. വി.എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പോലീസ് കെഡേറ്റുകൾ.
പാഴ്വസ്തുക്കളും പഴയ പത്രക്കടലാസുകളും പുനരുപയോഗിച്ചു തയ്യാറാക്കിയ പ്രകൃതിസൗഹൃദ മാലിന്യക്കൂടകളിലൂടെയാണ് വിദ്യാർഥികൾ വ്യത്യസ്തമായ സന്ദേശം നൽകിയത്.
‘വായിച്ചു വളരുക, വായനയിലൂടെ ജീവിതവിജയം നേടുക’ എന്ന ആശയം ഉയർത്തിപ്പിടിച്ചാണ് കൂടകൾ തയ്യാറാക്കിയത്. മാലിന്യസംസ്കരണത്തിന്റെയും പുനരുപയോഗത്തിന്റെയും സന്ദേശത്തോടൊപ്പം വായനയുടെ പ്രാധാന്യംകൂടി സമൂഹത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം.
വിദ്യാർഥികൾ നിർമിച്ച കൂടകൾ വരുംദിവസങ്ങളിൽ സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ വിതരണം ചെയ്യും.
കുട്ടികളിൽ സാമൂഹികപ്രതിബദ്ധത വളർത്തുന്നതിനൊപ്പം സർഗാത്മക കഴിവുകൾ പ്രയോജനപ്പെടുത്താനും വായനയോടുള്ള സ്നേഹം സമൂഹത്തിലേക്കു വ്യാപിപ്പിക്കാനുമുള്ള പ്രവർത്തനമായാണ് പദ്ധതി ആവിഷ്കരിച്ചത്.
ഉപയോഗശൂന്യമായി കണക്കാക്കുന്ന വസ്തുക്കളെ സർഗാത്മകമായി പുനരുപയോഗിക്കുന്നതിലൂടെ പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യവും വിദ്യാർഥികൾ മുന്നോട്ടുവയ്ക്കുന്നു. എസ്.പി.സി. പദ്ധതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്കിൽ ഹബ്ബിന്റെ ഭാഗമായാണ് മാലിന്യക്കൂട നിർമാണം. നന്ദിയോട് ഹരിയാണ് പരിശീലനം നൽകിയത്.