കാട്ടാക്കട ചന്തവികസനം ലക്ഷ്യംകാണുമോ ?

ജില്ലാപ്പഞ്ചായത്ത് മൂന്നുകോടി മുടക്കി നവീകരിക്കുമെന്ന് ജി.സ്റ്റീഫൻ എം.എൽ.എ.യുടെ സബ്മിഷന് സഭയിൽ മന്ത്രിയുടെ മറുപടി
കാട്ടാക്കട : കാട്ടാക്കടയുടെ പ്രധാന വാണിജ്യകേന്ദ്രമായ പൂവച്ചൽ ഗ്രാമപ്പഞ്ചായത്തിന്റെ ‘കാട്ടാക്കട ചന്ത’യുടെ വികസനത്തിനു വഴിതെളിയുന്നു. ചന്തയുടെ നിലവിലെ ദയനീയാവസ്ഥ ജി.സ്റ്റീഫൻ എം.എൽ.എ. നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചപ്പോൾ മന്ത്രി കെ.എം.ഷാജി നൽകിയ മറുപടിയാണ് പ്രതീക്ഷ നൽകുന്നത്. ജില്ലാപ്പഞ്ചായത്ത് തയ്യാറാക്കിയ അടങ്കൽ അനുസരിച്ച് മൂന്നുകോടി രൂപ ചന്തനവീകരണത്തിനു വകയിരുത്തിയതായും പ്രവർത്തനങ്ങൾ കാലതാമസമില്ലാതെ നടപ്പിലാക്കുമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തതിനാൽ കച്ചവടക്കാർ ചന്തയെ കൈയൊഴിയുന്ന സ്ഥിതിയായിരുന്നു. അമ്പൂരിമുതൽ വിളപ്പിൽവരെയും അഗസ്ത്യവനത്തിലെ ആദിവാസികൾമുതൽ തലസ്ഥാനാതിർത്തിവരെയുള്ള വിശാലമായ പ്രദേശത്തിന്റെ വാണിജ്യകേന്ദ്രമാണ് കാട്ടാക്കട താലൂക്കിലെ ഏറ്റവും വലുതും 200 വർഷത്തോളം പഴക്കമുള്ളതുമായ കാട്ടാക്കട ചന്ത. പൂവച്ചൽ പഞ്ചായത്തിന് വലിയ വരുമാനം നൽകുന്ന ചന്തയെ ‘അന്താരാഷ്ട്ര മാർക്കറ്റ്’ നിലവാരത്തിലേക്ക് ഉയർത്താൻ പദ്ധതികൾ പലതും വന്നെങ്കിലും ഒന്നും നടപ്പായില്ല. വെള്ളവും, വെളിച്ചവും, നിലവാരമുള്ള കെട്ടിടങ്ങളുൾപ്പെടെ ഒരു ചന്തയ്ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും അന്യമാണ്. അടിഞ്ഞുകൂടുന്ന ടൺകണക്കിനു മാലിന്യങ്ങൾ നീക്കംചെയ്യാനോ സംസ്കരിക്കാനോ കഴിയുന്നില്ല. മത്സ്യ-മാംസ വിൽപ്പന കേന്ദ്രങ്ങളിൽ മലിനജലം ഒഴിക്കിവിടാൻ അഴുക്കുചാലുകൾ ഇല്ലാത്തതും, തറ പൂർണമായും ഓട് പാകാത്തതും മഴക്കാലത്ത് ചന്തയെ വൃത്തിഹീനമാക്കുന്നു. ചന്തയ്ക്കുള്ളിൽ മാലിന്യസംസ്കരണത്തിന് സ്ഥിരംസംവിധാനമൊരുക്കാൻ പല പദ്ധതികളും നടപ്പാക്കുകയും, പുതിയവ ആസൂത്രണം ചെയ്തെങ്കിലും ഒന്നും ലക്ഷ്യംകണ്ടിട്ടില്ല. മത്സ്യക്കച്ചവടം നടത്തുന്നതിനുള്ള സ്റ്റാൾ ഒഴികെ ബാക്കി കച്ചവടം നടക്കുന്ന എല്ലാ സ്റ്റാളുകളും കാലപ്പഴക്കം കാരണം നാശത്തിലാണ്. സ്റ്റാളുകൾ ഇല്ലാത്തതിനാൽ കച്ചവടക്കാർ മഴയും വെയിലും ഏറ്റാണ് കച്ചവടം നടത്തുന്നത്. രണ്ടേക്കറോളം ഭൂമിയാണ് ചന്തയ്ക്കുള്ളത്. ഇതിൽ പകുതിയിലേറെ ഇപ്പോൾ കാടുകയറിക്കിടക്കുന്നു. കൈവശമുള്ള ഭൂമി ഉപയോഗപ്പെടുത്താൻ ആസൂത്രിതമായ പദ്ധതിയില്ലാത്തതാണ് ചന്തയുടെ ശോചനീയാവസ്ഥയ്ക്കു കാരണം. മാലിന്യം സംസ്കരിക്കുന്നതിലേക്കായി ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടം ഇതേവരെ തുറന്നിട്ടില്ല. രണ്ടേക്കറോളം വരുന്ന ചന്തയുടെ ഒരു ഭാഗത്ത് മാത്രമാണ് ഇപ്പോൾ കച്ചവടക്കാരുള്ളത്. കച്ചവടക്കാരിൽ ഭൂരിപക്ഷവും വഴിയോരക്കച്ചവടത്തിലേക്ക് മാറിയതാണ് പ്രധാന പ്രശ്നം. അതിനാൽ സ്റ്റാളുകളിൽ കച്ചവടത്തിനും ആളില്ല. തമിഴ്നാട്ടിൽ നിന്നുൾപ്പെടെ തിങ്കൾ, വ്യാഴം ദിവസങ്ങളിലെ ആഴ്ചച്ചന്തയിലെത്തിയിരുന്ന കച്ചവടക്കാർ ഇപ്പോഴെത്തുന്നില്ല. വിഴിഞ്ഞം, പൂവാർ എന്നിവിടങ്ങളിൽ നിന്നെത്തിയിരുന്ന മത്സ്യക്കച്ചവടക്കാരും, മറ്റുള്ള ചെറു കച്ചവടക്കാരുമൊഴിഞ്ഞു. 10 വർഷം മുൻപ് കാട്ടാക്കട ചന്ത അന്താരാഷ്ട മാർക്കറ്റായി ഉയർത്തുന്നതിലേക്കായി സംസ്ഥാന സർക്കാർ ബജറ്റിൽ തുക വകയിരുത്തിയിരുന്നു. പ്രാഥമിക നടപടികളും ആരംഭിച്ചു.
എന്നാൽ പിന്നീട് തർക്കങ്ങൾ ഉടലെടുത്തതോടെ അന്താരാഷ്ട മാർക്കറ്റ് എന്നത് ഫയലുകളിൽ കുരുങ്ങി നഷ്ടമായി. ചന്തയുടെ ആധുനികവത്കരണം നടപ്പാക്കാനായാൽ വലിയ വികസനമാകും കാട്ടാക്കട, പൂവച്ചൽ പ്രദേശങ്ങൾക്ക് പ്രാപ്തമാകുക. ചന്തയിലേക്കു കച്ചവടക്കാരെയും ഉപഭോക്താക്കളെയും തിരികെയെത്തിക്കാനായാൽ ചന്ത വീണ്ടും സജീവമാകും. ചന്തയുടെ നിലനിൽപ്പ് നാടിന്റെ ആവശ്യമാണ്.