എങ്ങുമെത്താതെ മീരാൻകടവിലെ പാർക്ക് നിർമാണം

കടയ്ക്കാവൂർ : അഞ്ചുതെങ്ങ് മീരാൻകടവ് പാലത്തിന് താഴെ നിർമാണം ആരംഭിച്ച കുട്ടികളുടെ പാർക്കിന്റെ പണി ഇഴഞ്ഞുനീങ്ങുന്നു. കായലിന്റെ വശങ്ങളിൽ കൈവരി കെട്ടി മണ്ണിട്ട് പൊക്കിയതൊഴിച്ചാൽ മറ്റു പണികളൊന്നും ഇതുവരെയും ആരംഭിച്ചിട്ടില്ല. അഞ്ചുതെങ്ങ് പഞ്ചായത്തിലെ കായൽ ടൂറിസത്തിന്റെ സാധ്യതകൾ കണക്കിലെടുത്ത് മീരാൻകടവ് പാലത്തിന് താഴെ ബോട്ടുജെട്ടിയുടെയും കുട്ടികളുടെ പാർക്കിന്റെയും നിർമാണോദ്ഘാടനം കഴിഞ്ഞ ഫെബ്രുവരിയിലാണ് നടന്നത്. വെസ്റ്റ് കോസ്റ്റ് കനാൽ ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി തുടങ്ങിയത്.
കടയ്ക്കാവൂർ- അഞ്ചുതെങ്ങ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മീരാൻകടവ് പാലത്തിന് താഴെ അഞ്ചുതെങ്ങ് പഞ്ചായത്തിലാണ് പദ്ധതി ആരംഭിച്ചത്. നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ സർക്കാർ 1,58,26,037 രൂപയാണ് അനുവദിച്ചത്. ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിലാണ് നിർമാണം. അത്യാധുനിക ബോട്ടുജെട്ടി, റോഡുകളുടെ പുനരുദ്ധാരണം, കുട്ടികളുടെ പാർക്ക്, വിശ്രമകേന്ദ്രം, ആധുനിക ശൗചാലയങ്ങൾ, പാലത്തിന്റെ കൈവരികളിൽ നെറ്റ്, കൽബെഞ്ചുകൾ, സുരക്ഷാവേലി, തെരുവു വിളക്കുകൾ, നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെ പ്രദേശത്ത് വലിയമാറ്റങ്ങൾ സൃഷ്ടിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പാലത്തിനു താഴെയുള്ള ഭാഗത്ത് വിശ്രമകേന്ദ്രം വേണമെന്നത് മീരാൻകടവ് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. മുൻപ് കണ്ടൽക്കാടുകളുടെ മനോഹാരിതയിൽ വിനോദസഞ്ചാരികളെ ആകർഷിച്ചിരുന്ന പാലവും പരിസരവും വ്യാപകമായി മാലിന്യം തള്ളുന്ന ഇടമായി അടുത്തിടെ മാറി. പാലത്തിന്റെ അടിഭാഗം നിലവിൽ തെരുവുനായകളുടെയും സമൂഹവിരുദ്ധരുടെയും വിഹാരകേന്ദ്രമാണ്. രാത്രിയിൽ ഹോട്ടൽ, അറവുമാലിന്യങ്ങൾ ചാക്കിൽ കെട്ടി ഇവിടെ കൊണ്ടിടുന്നതും പതിവാണ്.
മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായകളുടെ ശല്യം കാരണം കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർ ഇതുവഴി സഞ്ചരിക്കുന്നത് കുറവാണ്. വർഷങ്ങൾക്കു മുൻപ് അഞ്ചുതെങ്ങ് ജലോത്സവത്തിനു പേരുകേട്ട മീരാൻകടവിൽ, ദേശീയജലപാത പദ്ധതിയും കനാൽ ടൂറിസം പദ്ധതിയും പൂർണമായി പ്രാവർത്തികമായാൽ അഞ്ചുതെങ്ങ് പഞ്ചായത്തിനും സമീപത്തെ കടയ്ക്കാവൂർ, വക്കം പഞ്ചായത്തുകളിലും ഗ്രാമീണ കായൽ ടൂറിസത്തിൽ വലിയ കുതിപ്പുണ്ടാകും. പ്രദേശത്തിന്റെ മുഖച്ഛായ മാറ്റുകയും വിനോദസഞ്ചാര സാധ്യതകൾക്ക് പുത്തൻ ഉണർവേകുകയും ചെയ്യുന്ന പദ്ധതിയാണ് ഇഴയുന്നത്.