വിദർശയുടെ മെഡൽ; ആര്യനാടിനും അഭിമാനം

തിരുവനന്തപുരം :ഷൂട്ടിങ്ങിൽ വിദർശയുടെ ഏഷ്യൻ മെഡൽനേട്ടം തലസ്ഥാനത്തിനും ആര്യനാടിനും അഭിമാനനിമിഷംകൂടിയാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ പഠിച്ച വിദർശയെ വിവാഹം കഴിച്ചത് ആര്യനാട് ചെമ്പകമംഗലം സ്വദേശിയായ മനു എസ്. രവിയാണ്. 2025 മേയ് മാസത്തിലാണ് കോഴിക്കോട് സ്വദേശിയായ വിദർശ ആര്യനാടിന്റെ മരുമകളായി എത്തുന്നത്. വിവാഹശേഷം പരിശീലനത്തിനായി മനുവും വിദർശയും ന്യൂഡൽഹിയിലായിരുന്നു.

എൻ.സി.സി.യിലൂടെ ഷൂട്ടിങ് രംഗത്ത് എത്തിയവരാണ് ഇരുവരും. 2025-ലെ ദേശീയ ഗെയിംസിൽ മനു കേരളത്തിനായി ഷൂട്ടിങ് മത്സരത്തിൽ പങ്കെടുത്തിട്ടുമുണ്ട്. നിലവിൽ വട്ടിയൂർക്കാവ് ഷൂട്ടിങ് റെയ്‌ഞ്ചിൽ പരിശീലകനായ മനു തന്റെ പ്രൊഫഷണൽ പരിശീലനം ആരംഭിക്കുന്നത് കോഴിക്കോട്ടായിരുന്നു. ഇവിടെവെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഏറെക്കാലം വട്ടിയൂർക്കാവ് ഷൂട്ടിങ് റെയ്ഞ്ചിൽ വിദർശയും മനുവും ഒരുമിച്ച് പരിശീലനവും നേടിയിരുന്നു.

പിന്നീട് മാർ ഇവാനിയോസ് കോളേജിൽ എം.എ. മലയാളം വിത്ത് മീഡിയ സ്റ്റഡീസിൽ വിദർശ പഠനം തുടങ്ങി. ഇക്കാലയളവിൽ ന്യൂഡൽഹിയിലും തിരുവനന്തപുരത്തും മാറിമാറിയായിരുന്നു പരിശീലനം. ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ സ്ഥിരമായി പങ്കെടുക്കേണ്ടിവന്നതോടെയാണ് മനുവും വിദർശയും പരിശീലനം പൂർണമായും ന്യൂഡൽഹിയിലേക്കു മാറ്റുന്നത്. ഏഷ്യൻ ഗെയിംസിൽ വിദർശയുടെ മത്സരങ്ങൾക്കു പിന്തുണയുമായി മനുവും ജപ്പാനിലാണ്. ആര്യനാട് ചെമ്പകമംഗലം വടക്കേവിള വീട്ടിൽ കെ.എസ്.എഫ്.ഇ. ഉദ്യോഗസ്ഥനായിരുന്ന വി.ആർ.രവീന്ദ്രന്റെയും എസ്.സിന്ധുവിന്റെയും മകനാണ് മനു. മാധവ് എസ്.രവിയാണ് മനുവിന്റെ സഹോദരൻ. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായി മടങ്ങിയെത്തുന്ന വിദർശയെ സ്വീകരിക്കാൻ ആര്യനാട് തയ്യാറെടുക്കുകയാണ്.