നെയ്യാർ കനാലുകളുടെ പാർശ്വഭിത്തി ഇടിയുന്നു

കാട്ടാക്കട : സംരക്ഷണമില്ലാതായതോടെ നെയ്യാർ അണക്കെട്ടിന്റെ പ്രധാന ജലവിതരണ സംവിധാനമായ കനാലുകൾ നശിക്കുന്നു. ഇടതുകര, വലതുകര എന്നിങ്ങനെ രണ്ട് കനാലുകളാണ് നിലവിലുള്ളത്. നിലവിൽ കാടുമൂടി മാലിന്യകേന്ദ്രമായി കനാലുകൾ മാറിയിട്ടുണ്ട്.

നീരൊഴുക്ക് തടസ്സപ്പെടുന്നു

:വലതുകര കനാൽ കള്ളിക്കാട്, പൂവച്ചൽ, കാട്ടാക്കട, മാറനല്ലൂർ പഞ്ചായത്തുകളിലൂടെയാണ് ഒഴുകുന്നത്. കനാലിൽ നെയ്യാർഡാമിന് സമീപം പാർശ്വഭിത്തി ഇടിയുന്നത് സ്ഥിരമാണ്. ഓരോ മഴക്കാലത്തും വലിയ തോതിലാണ് ബണ്ടിടിയുന്നത്. കരിങ്കൽ പാർശ്വഭിത്തി ഇടിയുമ്പോൾ കനാലിൽ നിറയുന്ന മണ്ണും പാറയും പലേടത്തും നീരൊഴുക്ക് തടസ്സപ്പെടുത്തുന്നു. കനാലുകളിലെ പാർശ്വഭിത്തികളിൽ വളർന്ന പാഴ്‌മരങ്ങളും വള്ളിപ്പടർപ്പുകളും ബണ്ടുകൾ തകരാൻ കാരണമായിട്ടുണ്ട്. ഇവയുടെ വേരുകൾ ഇറങ്ങിയാണ് ബണ്ട് ഇടിയുന്നത്‌.

ചെറിയ തോതിൽ ഇടിയുമ്പോൾ മരങ്ങൾ നീക്കി നവീകരണം നടത്തിയിരുന്നെങ്കിൽ നെയ്യാർഡാമിന് സമീപം റോഡ് വരെ അപകടാവസ്ഥയിലാക്കി ബണ്ട് ഇടിയുന്ന സ്ഥിതിയുണ്ടാകില്ലായിരുന്നു. പാർശ്വഭിത്തി ഇടിഞ്ഞ് റോഡിന്റെ ഒരുവശം അപകടസ്ഥിതിയിലായിട്ട് വർഷങ്ങളായി. പാർശ്വഭിത്തി ബലപ്പെടുത്തി റോഡ് സുരക്ഷിതമാക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ ഇറിഗേഷൻ വകുപ്പിനും സ്ഥലം എം.എൽ.എ.യ്ക്കും നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. കഴിഞ്ഞ ഓണാഘോഷക്കാലത്ത് ഈ ഭാഗത്ത് ബാരിക്കേഡ് സ്ഥാപിച്ചതല്ലാതെ പാർശ്വഭിത്തി കെട്ടി റോഡ് സുരക്ഷിതമാക്കാൻ നടപടിയുണ്ടായിട്ടില്ല.

റോഡ് വികസനം ഉണ്ടാകുമ്പോൾ ഇവിടെ പാർശ്വഭിത്തിക്കുള്ള അടങ്കലും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്. മണ്ണും പറയും മാലിന്യവും നിറഞ്ഞ് പലേടത്തും നീരൊഴുക്ക് തടസ്സപ്പെട്ടിട്ടും ജലസേചനവകുപ്പിന്റെ ഭാഗത്തുനിന്നു കനാലുകൾ സംരക്ഷിക്കാൻ നടപടിയുണ്ടാകുന്നില്ലെന്നും കർഷകർ പരാതിപ്പെടുന്നു.

മാലിന്യം നിറഞ്ഞു

:കൃത്യമായ ശുചീകരണം ഇല്ലാതായതോടെ കൃഷിസ്ഥലങ്ങളിലേക്ക് മാലിന്യം ഒഴുകിയെത്തുന്നതും പതിവായി. വലതുകര കനാൽ തുടങ്ങുന്ന നെയ്യാർഡാം മുതൽ വെള്ളായണി വരെ ഇരുവശവും പാർശ്വഭിത്തിയിൽ പാഴ്‌മരങ്ങൾ നിറഞ്ഞിരിക്കുന്നു. ഇടതുകര കനാലിലും സമാനമായ സ്ഥിതിയാണ്.

മാറനല്ലൂർ വരെയുള്ള ഭാഗത്ത് വലിയ തോതിലാണ് മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. ഇവിടെയും കനാലിന് ഇരുവശത്തും നിറയെ പാഴ്‌മരങ്ങളും വള്ളിപ്പടർപ്പുകളുമാണ്. കനാലുകളുടെ കൈത്തോടുകളും പലേടത്തും തകർച്ച നേരിടുന്നു. മുമ്പ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാലുകൾ വൃത്തിയാക്കിയിരുന്നു. ഇപ്പോൾ പദ്ധതിയിൽ ഇതിന് പണം ചെലവഴിക്കാൻ അനുമതിയില്ലെന്ന് കള്ളിക്കാട് പഞ്ചായത്ത് അധികൃതർ പറയുന്നു.