'കാന്തമലചരിതം' പുസ്തകച്ചർച്ച

തിരുവനന്തപുരം : മാതൃഭൂമി ബുക്‌സ് വായനക്കൂട്ടായ്മയായ അക്ഷരക്കൂട്ടിന്റെ ആഭിമുഖ്യത്തിൽ എം.സി. വിഷ്ണു എഴുതിയ 'കാന്തമലചരിതം' പുസ്തകപരമ്പരയിലെ എല്ലാ പുസ്തകങ്ങളെയും അധികരിച്ച് ചർച്ച സംഘടിപ്പിച്ചു. ‘കാന്തമലചരിത’ത്തിന്റെ വിശാലമായ കാൻവാസിൽ പല നൂറ്റാണ്ടുകളിലെ ചരിത്രത്തെ ഫിക്ഷനുമായി ചേർത്ത് അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്നും അത്തരമൊരു കഥാപരിസരത്തെ വായനക്കാർ സ്വീകരിച്ചതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്നും രചയിതാവ് എം.സി. വിഷ്ണു പറഞ്ഞു. കേരളത്തിൽനിന്ന്‌ ആരംഭിച്ച് ഭാരതത്തിലെ മറ്റു പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഈജിപ്തിലേക്കുവരെ എത്തിച്ചേരുന്ന ‘കാന്തമലചരിതം’ കേവലമൊരു കഥ പറച്ചിലായിട്ടല്ല എഴുതിയത്. മറിച്ച് അടയാളപ്പെടുത്തപ്പെടാതെപോയ ഒട്ടേറെ മനുഷ്യരുടെ ജീവിതം പറയാനുള്ള അവസരമായിട്ടാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാരി അഗത കുര്യൻ മോഡറേറ്ററായി. നോവലിസ്റ്റ് ഒ.എസ്. പ്രിയദർശനൻ, തിരുവനന്തപുരം മാതൃഭൂമി ബുക്‌സ് മാനേജർ അഭിഷേക് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.