പോളമൂടി തവളയില്ലാക്കുളം; കുടിവെള്ളം മു‍ട്ടി നാട്ടുകാർ

മേഖലയിലെ കൃഷിയും നാശത്തിലേക്ക്

പാറശ്ശാല : പാറശ്ശാല പഞ്ചായത്തിലെ അവശേഷിക്കുന്ന വലിയ പരമ്പരാഗത ജലസംഭരണികളിലൊന്നായ ചരിത്രപ്രസിദ്ധമായ 'തവളയില്ലാക്കുളം' പായലും പോളയും മൂടി നാശത്തിലേക്ക്. ഏക്കറുകണക്കിനു പരന്നുകിടക്കുന്ന ഈ ജലാശയത്തിന്റെ ഉപരിതലം ഇപ്പോൾ വാഴപ്പോളകൾ പൂർണമായും കൈയടക്കിക്കഴിഞ്ഞു.

കുളത്തിന്റെ സ്വാഭാവിക ഭംഗിയും തെളിനീരും നഷ്ടപ്പെട്ട അവസ്ഥയിലായതോടെ, പ്രദേശത്തെ കാർഷികവൃത്തിയും പ്രധാന കുടിവെള്ള പദ്ധതിയും നിലയ്ക്കുന്ന അവസ്ഥയിലാണ്.നെയ്യാർ ഇടതുകര കനാലാണ് തവളയില്ലാക്കുളത്തിന്റെ പ്രധാന ജീവനാഡി.

കനാലിൽ വെള്ളം തുറന്നുവിടുമ്പോൾ സ്വാഭാവിക തോട് വഴിയാണ് വെള്ളം കുളത്തിലേക്ക് ഒഴുകിയെത്തുന്നത്. എന്നാൽ, കനാൽ ജലത്തോടൊപ്പം വൻ തോതിൽ വാഴപ്പോളകളും കുളത്തിലേക്ക് ഒഴുകിയെത്തി. വെള്ളത്തിൽ അടിഞ്ഞുകൂടിയ ഇവ ചുരുങ്ങിയ നാളുകൾകൊണ്ട് വളർന്ന് കുളം ഒന്നാകെ വിഴുങ്ങുകയായിരുന്നു.

ജലവിതാനം കാണാൻകഴിയാത്തവിധം പോളകളുടെ പച്ചപ്പടർപ്പ് നിറഞ്ഞുനിൽക്കുകയാണിപ്പോൾ.സമീപപ്രദേശങ്ങളിലെ നൂറുകണക്കിനു കുടുംബങ്ങൾ ആശ്രയിക്കുന്ന ഒരു പ്രധാന കുടിവെള്ളപദ്ധതി പ്രവർത്തിക്കുന്നത് തവളയില്ലാക്കുളത്തെ കേന്ദ്രീകരിച്ചാണ്. കുളത്തിൽ പോളയും കാട്ടുപായലുകളും വളർന്നതോടെ ജലത്തിന്റെ സ്വാഭാവിക ശുദ്ധിയും ഗുണനിലവാരവും ഇടിയുമെന്ന ഭീതിയിലാണ് നാട്ടുകാർ.

സൂര്യപ്രകാശം വെള്ളത്തിനടിയിലേക്ക് എത്താതായതോടെ ജലാശയത്തിലെ ആവാസവ്യവസ്ഥയും തകിടം മറിഞ്ഞു. പാറശ്ശാലമുതൽ അയിരവരെയുള്ള വിശാലമായ കൃഷിഭൂമിയുടെ ജീവശ്വാസമാണ് ഈ കുളം. വിത്തുവിതയ്ക്കലും വിളവെടുപ്പും ഉൾപ്പെടെയുള്ള കൃഷിപ്പണികൾ തവളയില്ലാക്കുളത്തിലെ ജലലഭ്യതയെ അടിസ്ഥാനമാക്കിയാണ് വർഷങ്ങളായി ചിട്ടപ്പെടുത്തിയിട്ടുള്ളത്.

പോളകൾ തിങ്ങിനിറഞ്ഞ് ജലമൊഴുക്ക് തടസ്സപ്പെട്ട് കുളം നാശത്തിലേക്ക് നീങ്ങിയാൽ തവളയില്ലാക്കുളത്തെ ആശ്രയിക്കുന്ന കാർഷികമേഖല വലിയ പ്രതിസന്ധിയിലേക്കു നീങ്ങും. വരുംമാസങ്ങളിൽ കടുത്ത വേനൽ ആരംഭിക്കാനിരിക്കേ, കുളത്തിന്റെ ദുരവസ്ഥ ഏലാ മേഖലയിലെ കർഷകർക്ക് വലിയ നഷ്ടമായിരിക്കും സൃഷ്ടിക്കുന്നത്. തൊഴിലുറപ്പു പദ്ധതിയെ ഉൾപ്പെടുത്തിയോ, ജലസേചനവകുപ്പിന്റെ നേതൃത്വത്തിലോ യന്ത്രസഹായത്തോടെ കുളത്തിലെ പോളകൾ അടിയന്തരമായി വാരിമാറ്റണമെന്നാണ് നാട്ടുകാരുടെയും കർഷകരുടെയും ആവശ്യം.

തോട്ടിൽനിന്ന് കുളത്തിലേക്ക് വെള്ളം പ്രവേശിക്കുന്ന ഭാഗത്ത് പായലുകളും മാലിന്യങ്ങളും എത്തുന്നത് തടയുന്നതിനായി നാട്ടുകാർ മുൻകാലത്ത് വല സ്ഥാപിച്ചിരുന്നു.

ഈ വല നശിച്ചതാണ് കുളത്തിലേക്ക് പോളകൾ എത്തുവാൻ കാരണമായത്.

കനാലിൽനിന്നുള്ള മാലിന്യങ്ങളും പോളകളും തോട്ടിലൂടെ കുളത്തിലേക്കു പ്രവേശിക്കുന്നത് തടയാൻ ഫിൽട്ടർ സംവിധാനങ്ങൾ ഏർപ്പെടുത്താനും കുളത്തിലെ പോളകൾ അടിയന്തരമായി നീക്കംചെയ്യുവാനും അധികൃതർ തയ്യാറാകണമെന്ന ആവശ്യവും ശക്തമാകുന്നു.