ഭീതിപരത്തിയ മുതല വലയിൽ കുടുങ്ങി

അരുമന : തൃപ്പരപ്പിനു സമീപം കോതയാറ്റിൽ കഴിഞ്ഞ ഏഴുമാസമായി ഭീതിപരത്തിയ മുതലയെ പിടികൂടി.

കയ്യാലക്കൽ ഒരുനടക്കൽ പാലത്തിനു സമീപത്ത് വനംവകുപ്പ് സ്ഥാപിച്ച വലയിലാണ് മുതല കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെ ആറ്റിൽ എത്തിയ സമീപവാസികളാണ് വലയിൽ മുതല കുടുങ്ങിക്കിടക്കുന്നത് കണ്ടത്.

റേഞ്ചർ യോഗേശ്വരന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാർ നാട്ടുകാരുടെ സഹായത്തോടെ വലയിൽ കുടുങ്ങിയ മുതലയെ കരയ്ക്കുകയറ്റി.

തുടർന്ന് ഡോക്ടർമാരായ മനോഹരൻ, ശാന്തകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. തുടർന്ന് മുതലയെ തിരുനെൽവേലി പാപനാശത്തിനു സമീപം കാരയാർ അണയിലേക്ക് കൊണ്ടുപോയി.

ഏകദേശം ആറുമുതൽ എട്ടുവരെ പ്രായമുള്ള പെൺമുതലയാണ് പിടിയിലായതെന്നും ഏകദേശം 80 കിലോ തൂക്കമുള്ളതായും വനംവകുപ്പ് അധികൃതർ പറഞ്ഞു.

15 ദിവസങ്ങൾക്കു മുമ്പ് ദൗത്യം മതിയാക്കിപ്പോയ പ്രത്യേക സംഘം കെട്ടിയ വലയിലാണ് മുതല കുടുങ്ങിയത്.