ആലിനെ പേരിനൊപ്പം ചേർത്ത് ശ്രേയ

തിരുവനന്തപുരം : ജനിച്ച പത്താം മാസം വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച ആലിൻ ഷെറിൻ എബ്രഹാമിന്റെ വൃക്കകൾ മാത്രമല്ല, ആ പേരും ഇനി ശ്രേയയ്ക്കൊപ്പമുണ്ടാവും. 'ഒന്നിനും പകരമല്ല, ആ കുഞ്ഞിന്റെ പേര് ഓർമ്മയിൽ മാത്രം ഒതുങ്ങാതെ എന്നും കൂടെവേണമെന്ന് തോന്നി.'- ആലിന്റെ വൃക്കകൾ സ്വീകരിച്ച പന്ത്രണ്ടുകാരി ശ്രേയ പറയുന്നു. ഒൗദ്യോഗിക രേഖകളിൽ പേര് മാറ്റുന്നതിനുള്ള കാര്യങ്ങൾ ഉടൻ ചെയ്യുമെന്ന് ശ്രേയയുടെ അമ്മ ഹരിത പറയുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ അപകടത്തിൽ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ കുഞ്ഞിന്റെ അവയവങ്ങൾ ദാനംചെയ്യാൻ അച്ഛനമ്മമാർ സന്നദ്ധത അറിയിക്കുകയായിരുന്നു. എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ശ്രേയയ്ക്ക് വൃക്കകൾ യോജിക്കുമെന്നു കണ്ടെത്തി. ഫെബ്രുവരി 13-ന് രാത്രി കൊച്ചിയിൽനിന്ന്‌ തിരുവനന്തപുരത്തെത്തിച്ച അവയവം ശസ്ത്രക്രിയയിലൂടെ ശ്രേയയുടെ ശരീരത്തിന്റെ ഭാഗമായി.

രണ്ടു വൃക്കകളും ആരോഗ്യത്തോടെ ഇപ്പോൾ ശ്രേയയുടെ ശരീരത്തിലുണ്ട്. ശസ്ത്രക്രിയാസമയത്ത് അഞ്ചു സെന്റീമീറ്റർ മാത്രമുണ്ടായിരുന്ന വൃക്ക ഇപ്പോൾ രണ്ട്‌ സെന്റീമീറ്റർ കൂടി വളർന്നിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കുശേഷം രണ്ടുതവണ ആലിന്റെ മാതാപിതാക്കൾ ശ്രേയയെ കണ്ടിരുന്നു. പെയിന്റിങ് തൊഴിലാളിയായ സജിയുടെയും ഹരിതയുടെയും മൂത്തമകളാണ് ശ്രേയ.

നെയ്യാറ്റിൻകര ഉണ്ടൻകോട് എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർഥിയാണെങ്കിലും ശ്രേയ ഇപ്പോൾ സ്‌കൂളിൽ പോകുന്നില്ല. ഡോക്ടർമാർ നിർദേശിച്ചിരിക്കുന്ന ആഹാരം മാത്രമാണ് കഴിക്കുന്നതും. അടുത്ത അധ്യയനവർഷംമുതൽ ശ്രേയ സ്‌കൂളിേലക്കു പോകും.

ചെറിയപ്രായമുള്ള കുട്ടിയായതിനാൽ ഒരു വൃക്ക മാത്രം മതിയാവില്ലെന്ന വിദഗ്ധ ഡോക്ടർമാരുടെ നിർദേശമാണ് രണ്ട് വൃക്കകളും ശ്രേയയ്ക്കു നൽകിയത്.

കിംസ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആറുമാസം പ്രായമുള്ള ദൃയ എന്ന കുഞ്ഞിനാണ് ആലിന്റെ കരൾ നൽകിയത്.