അനധികൃത മരംമുറി; പഞ്ചായത്ത് പ്രസിഡന്റിനെതിരേ പരാതിയുമായി പരിസ്ഥിതി സംഘടന

വെള്ളനാട് : വെള്ളനാട്ടിൽ തണൽമരങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് വെട്ടിനശിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് വെള്ളനാട്ടിലെ പരിസ്ഥിതിസംരക്ഷണ സംഘടനയായ 'പ്രകൃതി' കളക്ടർക്കും ആര്യനാട് പോലീസിനും പരാതി നൽകി.
വെള്ളനാട് ഗ്രാമപ്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ഒൻപതുവർഷമായി 'പ്രകൃതി' നട്ടുപരിപാലിക്കുന്ന എഴുന്നൂറോളം മരങ്ങളിൽ ആറെണ്ണം പൂർണമായും മൂന്നെണ്ണം പകുതിയാക്കിയും വെട്ടിക്കളഞ്ഞു. 15 മരങ്ങൾ തായ്ത്തടി വെട്ടിക്കളഞ്ഞ് ചെറിയ ശിഖരങ്ങൾമാത്രം നിലനിർത്തിയെന്നും പരാതിയിൽ പറയുന്നു.
അപകടകരമായ അവസ്ഥയിലുള്ള മരങ്ങളോ ശിഖരങ്ങളോ വെട്ടിമാറ്റുന്നതിന് എതിരല്ല. എന്നാൽ, അപകടാവസ്ഥയില്ലാത്തവയും മുറിച്ചു. ഗതാഗതത്തിനും പാർക്കിങ്ങിനും ഇവ തടസ്സമായിരുന്നില്ലെന്നും ഒരുകാരണവുമില്ലാതെയാണ് പഞ്ചായത്ത് പ്രസിഡന്റ് മരങ്ങൾ നശിപ്പിച്ചതെന്നും ഇതിനെതിരേയാണ് പരാതി നൽകിയതെന്നും പരിസ്ഥിതി സംഘടനാഭാരവാഹികൾ പറഞ്ഞു.
പി.ഡബ്ല്യു.ഡി. റോഡിലെ മരങ്ങളോ ശിഖരങ്ങളോ മുറിക്കാൻ പഞ്ചായത്തിന് അധികാരമില്ല. അധികാര ദുർവിനിയോഗം നടത്തിയ പ്രസിഡന്റിനെതിരേ നിയമ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രകൃതി ഭാരവാഹികൾ അറിയിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി കഴിഞ്ഞതവണ ജില്ലാപ്പഞ്ചായത്തംഗമായിരുന്ന സമയത്ത് വിശ്രമകേന്ദ്രം പണിയാൻ വെള്ളനാട് കൂവക്കുടിയിൽ നിന്ന രണ്ട് തണൽമരങ്ങൾ മുറിച്ചുമാറ്റാൻ നടത്തിയ ശ്രമങ്ങൾ പ്രകൃതിയുടെ പരാതിയെത്തുടർന്ന് ട്രീ കമ്മിറ്റി ഇടപെട്ട് തടഞ്ഞിരുന്നു.
ഈ വർഷം സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വെള്ളനാട് ഗവ. എൽ.പി.സ്‌കൂൾ കോമ്പൗണ്ടിൽനിന്ന എട്ടു മരങ്ങൾ പി.ടി.എ. കമ്മിറ്റിയുടെ പരാതിയോ ട്രീ കമ്മിറ്റിയുടെ അനുമതിയോ ഇല്ലാതെ പ്രസിഡന്റിന്റെ നേതൃത്വത്തിൽ മുറിച്ചുമാറ്റി. ഇതിനെതിരേയും പ്രകൃതി കളക്ടർക്കും മറ്റും പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് വഴിയോരങ്ങളിൽ പ്രകൃതി നട്ടുപിടിപ്പിച്ച മരങ്ങൾ പഞ്ചായത്ത് തിരഞ്ഞുപിടിച്ച് വെട്ടിനശിപ്പിക്കുന്നതെന്ന് പ്രകൃതി പ്രസിഡന്റ് സെലസ്റ്റിൻ ജോൺ, സെക്രട്ടറി ബിനീഷ് എന്നിവർ 'മാതൃഭൂമി'യോട് പറഞ്ഞു.