പഴയകട-പാഞ്ചിക്കാട് കടവ് റോഡുനിർമാണം അന്തിമ ഘട്ടത്തിൽ

പൂവാർ : പഴയകടയിലെ ജനങ്ങളുടെ സ്വപ്നം യാഥാർഥ്യമായി. പാഞ്ചിക്കാട് കടവ് റോഡുനിർമാണം അവസാന ഘട്ടത്തിൽ. ഇനി ഏതുസമയത്തും റോഡ് ഗതാഗതത്തിനായി തുറക്കാം. നെയ്യാറിനു കുറുകേ പാഞ്ചിക്കാട് കടവിൽ പാലംവന്ന് 11 വർഷം കഴിഞ്ഞപ്പോഴാണ് പാലവുമായി ബന്ധിപ്പിച്ച് റോഡുനിർമാണം പൂർത്തിയാവുന്നത്.
ടാറിങ് പൂർത്തിയായി. ഇനി വശങ്ങളിലെ അറ്റകുറ്റപ്പണികൾ മാത്രമാണ് അവശേഷിക്കുന്നത്. അതിന്റെ നിർമാണവും ആരംഭിച്ചിട്ടുണ്ട്. ഇതുവരെ പൊട്ടിപ്പൊളിഞ്ഞ് ഇടുങ്ങിയ റോഡിലൂടെയുള്ള ദുരിതയാത്രയായിരുന്നു. ഇടുങ്ങിയതും പൊട്ടിപ്പൊളിഞ്ഞതുമായ റോഡിലൂടെ സഞ്ചരിച്ചാൽ മാത്രമേ പാഞ്ചിക്കാട് കടവുപാലം കടക്കാൻ കഴിയുമായിരുന്നുള്ളൂ.
പഴയകടയിൽനിന്ന് പാലംകടന്നാൽ ചെങ്കലിലും ഉദിയൻകുളങ്ങരയിലും വ്ളാത്താങ്കരയും വേഗത്തിൽ എത്താം. അതിനാൽ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഈ ഇടുങ്ങിയ റോഡിലൂടെ ബുദ്ധിമുട്ടി സഞ്ചരിക്കുന്നത്.
മഴക്കാലത്ത് വെള്ളക്കെട്ടു കാരണം റോഡും കുഴിയും തിരിച്ചറിയാതെയായിരുന്നു ഇതുവഴിയുള്ള വാഹനയാത്ര. അതു പലപ്പോഴും ഇവിടെ അപകടങ്ങളും ഉണ്ടാക്കിയിരുന്നു.
തിരുപുറം ചെങ്കൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് പാഞ്ചിക്കാട് കടവിൽ പാലം നിർമിച്ചത്. പാലം വേണമെന്ന ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യത്തിനൊടുവിൽ ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാനകാലത്താണ് നിർമാണം പൂർത്തിയാക്കി പാലം ഉദ്ഘാടനം ചെയ്തത്. പാലം വരുന്നതിനു മുൻപ് തിരുപുറത്തുനിന്ന് ചെങ്കലിൽ എത്താൻ എട്ട് കിലോമീറ്റർ ചുറ്റണമായിരുന്നു. ഇപ്പോൾ പാഞ്ചിക്കാട് കടവിലെ പാലം കടന്നാൽ ചെങ്കലിൽ എത്താം.
അതിനാൽ പാലത്തിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കാൻ റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ചെങ്കൽ മഹേശ്വരം ശിവപാർവതിക്ഷേത്രം, വ്ളാത്താങ്ങര പള്ളി എന്നിവിടങ്ങളിലേക്ക് തീർഥയാത്ര പോകുന്ന ഭൂരിഭാഗം പേരും പാഞ്ചിക്കാട് കടവ് പാലത്തിലൂടെയാണ് വിവിധ സ്ഥലങ്ങളിലേക്കു പോകേണ്ടത്. റോഡ് വരുന്നതോടെ കോവളം-കാരോട് ബൈപ്പാസിൽ ഇനി വേഗത്തിൽ എത്താനും കഴിയും.
8.28 കോടിയുടെ പദ്ധതി
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് റോഡ് പൂർത്തിയാവുന്നത്. ഇവിടെ റോഡ് വീതികൂട്ടുന്നതിനായി സ്ഥലം ഏറ്റെടുക്കൽ പ്രധാന പ്രശ്നമായിരുന്നു. അന്നത്തെ എം.എൽ.എ. കെ.ആൻസലന്റെ ഇടപെടലിലൂടെ ആയിരുന്നു പ്രശ്നം പരിഹരിച്ചത്.
റോഡുനിർമാണം 8.28 കോടിയുടെ എസ്റ്റിമേറ്റ് പ്രൊപ്പോസൽ പ്രകാരമായിരുന്നു. പഴയകടമുതൽ പാഞ്ചിക്കാട് കടവുവരെയുള്ള റോഡ് വർഷങ്ങളായി തകർന്നുകിടക്കുന്നതിനെക്കുറിച്ചും പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള നാട്ടുകാരുടെയും വാഹനങ്ങളുടെയും ദുരിതയാത്രകളെക്കുറിച്ചും നിരവധി തവണ മാതൃഭൂമി അധികൃതരുടെ ശ്രദ്ധയിൽക്കൊണ്ടുവന്നിരുന്നു. ഇതെത്തുടർന്നായിരുന്നു അന്നത്തെ എം.എൽ.എ.യുടെ ഇടപെടൽ.
പ്രധാന റോഡിൽ എത്തുന്ന ഭാഗം കയറ്റത്തിൽ
പാഞ്ചിക്കാട് കടവിൽനിന്ന് പഴയകടയിലേക്ക് നിർമിക്കുന്ന റോഡ് പ്രധാന റോഡിൽ കടക്കുന്നത് ശാസ്ത്രീയമല്ലെന്ന് ആക്ഷേപമുയരുന്നുണ്ട്.
ഈ റോഡ് പൂവാർ-നെയ്യാറ്റിൻകര റോഡിലേക്കാണു കടക്കുന്നത്.
റോഡുകൾ ചേരുന്ന ഭാഗം കയറ്റമാണ്. അതിനാൽ പ്രധാന റോഡിലൂടെ വരുന്ന വാഹനങ്ങളെ കാണാൻ ബുദ്ധിമുട്ടുണ്ട്. അത് അപകടസാധ്യത വർധിപ്പിക്കുന്നുവെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.
നേരത്തേ ഈ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ഇവിടെ ഉയരംകുറച്ച് ശാസ്ത്രീയമായി നിർമാണം നടത്താനും തീരുമാനിച്ചിരുന്നു. എന്നാൽ, അതു നടപ്പിലായില്ലെന്നാണ് ആക്ഷേപം.