ആനവണ്ടിക്ക് ഇനി വിശ്രമജീവിതം

നെടുമങ്ങാട് : നാലുപതിറ്റാണ്ട് കുണ്ടുംകുഴിയും താണ്ടിയ ആനവണ്ടി നെടുമങ്ങാട് ഡിപ്പോയോട് വിടപറഞ്ഞു. 1965-ൽ തുടങ്ങിയ ഡിപ്പോയിൽ ഏറ്റവുമധികം കാലം നിരത്തിലോടിയ ബസ് എന്ന ഖ്യാതിയോടെയാണ് ഡി246-42 മടങ്ങിയത്.

പാലോടും വിതുരയും ഡിപ്പോ ഇല്ലാതിരുന്ന കാലത്ത് തോട്ടം തൊഴിലാളികളുടെ ആശ്രയമായിരുന്നു ഈ കുഞ്ഞൻ ബസ്. പൊന്മുടിയും ബ്രൈമൂറും മലകയറിയെത്തി തൊഴിലാളികളെ നാട്ടിൻപുറത്തെത്തിക്കാൻ മുന്നിലുണ്ടായിരുന്നു ഇവൻ. ഒന്നരപ്പതിറ്റാണ്ടുമുൻപ് ഈ ബസ് നിരത്തിൽ പണിമുടക്കുന്ന ബസുകളുടെ രക്ഷകനായി. ഏറെക്കാലം വർക്ക്ഷോപ്പ് വാനിന്റെ വേഷത്തിലായിരുന്നു.

ഡിപ്പോ ജീവനക്കാർക്കും നാട്ടുകാർക്കും ഒരേപോലെ പ്രിയപ്പെട്ടവനായിരുന്നു മഞ്ഞനിറമുള്ള ആനവണ്ടി. ജീവനക്കാർ വിഷമത്തോടെയാണ് തങ്ങളുടെ പ്രിയപ്പെട്ട ബസിനെ സെൻട്രൽ ഡിപ്പോയ്ക്കു കൈമാറിയത്.