പഴകുറ്റി കശുവണ്ടി ഫാക്ടറി ജങ്ഷനിൽ മലിനജലം റോഡിലൂടെ ഒഴുകുന്നു

നെടുമങ്ങാട് : തെങ്കാശി അന്തർസംസ്ഥാന പാതയിൽ പഴകുറ്റി കശുവണ്ടി ഫാക്ടറി ജങ്ഷനിൽ മലിനജലം റോഡിലൂടെ ഒഴുകുന്നു. അര കിലോമീറ്ററിലധികം ദൂരത്തിലാണ് മലിനജലം ഒഴുകുന്നത്. ഓട പൂർണമായി അടഞ്ഞുകിടക്കുന്നതിനെത്തുടർന്നാണ് മലിനജലമത്രയും റോഡിലൂടെ ഒഴുകുന്നത്.

ചെറിയ മഴ പെയ്താൽ പോലും റോഡിന്റെ പകുതിയോളം വെള്ളക്കെട്ടിലാകും. തെങ്കാശിയടക്കമുള്ള തമിഴ്നാട് ഭാഗങ്ങളിലേക്കും പൊന്മുടി, വിതുര, പാലോട് തുടങ്ങിയ മലയോരമേഖലകളിലേക്കും പോകുന്ന പ്രധാന അന്തർസംസ്ഥാനപാതയാണിത്. ചരക്കുവാഹനങ്ങളും വിനോദസഞ്ചാരികളുടെ വാഹനങ്ങളും ഉൾപ്പെടെ കടന്നുപോകുന്ന തിരക്കേറിയ പാതയായിട്ടും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ വൻവീഴ്ചയാണ് സംഭവിക്കുന്നത്. ഓടകൾ കാടുപിടിച്ചടഞ്ഞ് മൂടിയിട്ടും ഇവ വൃത്തിയാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ല. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിപ്പോലും ഓട വൃത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകളോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ തയ്യാറാകുന്നില്ലെന്ന പരാതിയും ശക്തമാണ്. മഴക്കാലത്തിന് മുന്നോടിയായി നടക്കേണ്ട ഓടശുചീകരണം പോലും ഇവിടെ നടത്തിയിട്ടില്ല.

കശുവണ്ടി ഫാക്ടറി ജങ്ഷനിലെ വെള്ളക്കെട്ട് ഉണ്ടാക്കുന്ന അപകടങ്ങൾക്ക്‌ ഒരു കുറവുമില്ല. റോഡിന്റെ പകുതിയോളം ഭാഗം വെള്ളം കയറിക്കിടക്കുന്നതിനാൽ ഇരുചക്രവാഹനയാത്രക്കാർ റോഡിന്റെ വലതുഭാഗത്തേക്ക് ഒതുക്കി വാഹനം ഓടിക്കാൻ നിർബന്ധിതരാകുന്നു. ഇതാണ് അപകടത്തിന് കാരണമാകുന്നത്. ഇവിടെ വലിയൊരു വളവുകൂടിയായതിനാൽ അപകടത്തിന് ആക്കം കൂടുന്നു. രണ്ടാഴ്ചമുമ്പും ഇരുചക്രവാഹനത്തിൽ വന്ന സ്ത്രീ നിയന്ത്രണം തെറ്റി ബസിനടിയിലേക്ക്‌ പോയിരുന്നു. തലനാരിഴയ്ക്കാണ് സ്ത്രീ രക്ഷപ്പെട്ടത്. രാവിലെയും വൈകുന്നേരവും ഓഫീസുകളിലേക്കും സ്‌കൂളുകളിലേക്കും പോകുന്ന വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ മലിനജലത്തിലൂടെ നടന്നുപോകേണ്ട ദയനീയാവസ്ഥയാണ് ഇവിടെ.