ശ്രീനാരായണഗുരുവിനെ സനാതന സന്ന്യാസിയാക്കാൻ ശ്രമം -പി. ജയരാജൻ

തിരുവനന്തപുരം : ശ്രീനാരായണഗുരുവിനെ സനാതനധർമം പിന്തുടരുന്ന ഹിന്ദു സന്ന്യാസിയാക്കാനുള്ള ശ്രമം ബോധപൂർവം നടക്കുകയാണെന്ന് സി.പി.എം. നേതാവ് പി. ജയരാജൻ പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം ചാല മേഖലയും സമദർശിനി ഗ്രന്ഥശാലയും സംഘടിപ്പിച്ച പുസ്തകച്ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
‘സനാതനികളുടെ ഹിന്ദുത്വവഴികൾ’ എന്ന തന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം സംസാരിച്ചത്.
ശ്രീനാരായണഗുരു സനാതനധർമത്തെ എതിർത്ത സാമൂഹിക പരിഷ്‌കർത്താവാണ്. എന്നാൽ, അത് മാറ്റി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണ്. ഗാന്ധിക്ക് ജന്മംകൊടുത്ത പോർബന്തർ ഇന്ന് ഹിന്ദു തീവ്രവാദികളുടെ കൈയിലാണ്. പക്ഷേ, കേരളം കീഴടക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, ആപത്‌സൂചനയുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻ ഇപ്പോൾ ഹിന്ദുവാദികളുടെ കൈയിലാണ്- പി. ജയരാജൻ പറഞ്ഞു.
ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ആശയങ്ങൾ പലവിധത്തിൽ കടത്തിവിടുകയാണ്. 1977-ന് മുൻപ് ശ്രീകൃഷ്ണജയന്തി ഘോഷയാത്രയുണ്ടായിരുന്നില്ല. കുട്ടികളിലൂടെ രക്ഷിതാക്കളെ തങ്ങളുടെ ആശയങ്ങളിലേക്ക് എത്തിക്കുകയാണ്. പഞ്ഞമാസമായ കർക്കടകത്തെ 1982മുതൽ രാമായണമാസമാക്കി- പി. ജയരാജൻ കുറ്റപ്പെടുത്തി.
പ്രൊഫ. വി. കാർത്തികേയൻ നായർ പുസ്തകം അവതരിപ്പിച്ച് സംസാരിച്ചു. സമദർശിനി ഗ്രന്ഥശാലാ പ്രസിഡന്റ് ഡി. സജുലാൽ അധ്യക്ഷനായിരുന്നു. അഡ്വ. എസ്. ജയിൽകുമാർ, പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി എസ്. രാഹുൽ, ജില്ലാ പ്രസിഡന്റ് കെ.ജി.സൂരജ്, രവി കാവനാട്, എസ്. വിജയൻ നായർ, വാർഡ് കൗൺസിലർ റസിയബീഗം, ഗ്രന്ഥശാലാ സെക്രട്ടറി കെ. രാമചന്ദ്രൻ, അഡ്വ. കെ.പി. രണദിവേ, സി. ജയൻ, മുബാരക്, സി. വിജയചന്ദ്രൻ, മേഖലാ സെക്രട്ടറി ശ്രീവരാഹം മുരളി, കൺവീനർ ബി. കുമാർ എന്നിവർ സംസാരിച്ചു.