ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ വിഴിഞ്ഞം പദ്ധതി മുടങ്ങും-സി.ആർ. നീലകണ്ഠൻ

തിരുവനന്തപുരം : മുഖ്യമന്ത്രി ഇടപെട്ട് പ്രദേശവാസികളുടെ ആശങ്കകളും പ്രശ്‌നങ്ങളും പരിഹരിച്ചില്ലെങ്കിൽ വിഴിഞ്ഞം പദ്ധതി മുടങ്ങുമെന്ന് പരിസ്ഥിതിപ്രവർത്തകൻ സി.ആർ. നീലകണ്ഠൻ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിന്റെ മറവിൽ അദാനി പോർട്ട് നടത്തുന്ന നീതി നിഷേധങ്ങൾക്കും അനധികൃത കൈയേറ്റങ്ങൾക്കുമെതിരേ ജനാവകാശ സംരക്ഷണ സമിതിയും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും സംയുക്തമായി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വല്ലാർപാടം തുറമുഖം നിർമാണം കഴിഞ്ഞിട്ട് 18 വർഷങ്ങൾ കഴിയുന്നു. കുടിയൊഴിപ്പിക്കപ്പെട്ടവരെ ഇപ്പോഴും പുനരധിവസിപ്പിക്കപ്പെട്ടിട്ടില്ല. 250 കുടുംബങ്ങൾ ഇപ്പോഴും തെരുവിലാണ്. ഈ അനുഭവം മുന്നിൽക്കണ്ട് വിഴിഞ്ഞം പദ്ധതിപ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ അകറ്റാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് സി.ആർ. നീലകണ്ഠൻ ആവശ്യപ്പെട്ടു.

സി.പി.ഐ. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, മുൻ മന്ത്രി നീലലോഹിതദാസൻ നാടാർ, സാമൂഹികപ്രവർത്തകൻ കെ.എം. ഷാജഹാൻ, ജമീലാപ്രകാശം, ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം ഗിരീഷ് നെയ്യാർ, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ആന്റോ ഏലിയാസ്, കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബിജു തങ്കയ്യൻ എന്നിവർ പങ്കെടുത്തു.