നിയന്ത്രണംവിട്ട ലോറി താഴ്ചയിലേക്കു മറിഞ്ഞു

വെഞ്ഞാറമൂട് : അമ്പലംമുക്ക്-പിരപ്പൻകോട് റിങ് റോഡിലെ സ്ഥിരം അപകടമേഖലയായ വട്ടയത്ത് നിയന്ത്രണംവിട്ട ലോറി റോഡിനു താഴെയുള്ള വീടിന്റെ മുറ്റത്തേക്കു മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന നാലുപേരും അദ്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു അപകടം.
ആലപ്പുഴയിൽനിന്ന് കാലിത്തീറ്റയുമായി തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ കുത്തനെയുള്ള കയറ്റം കയറാൻ ശ്രമിക്കുന്നതിനിടെ സാങ്കേതികത്തകരാർ അനുഭവപ്പെട്ട് ലോറി നിയന്ത്രണംവിടുകയായിരുന്നു. തുടർന്ന് മുന്നോട്ടുപോകാനാകാതെ അൻപത് മീറ്ററോളം പുറകോട്ട് ഉരുണ്ട വാഹനം, റോഡിൽനിന്ന് പത്തടിയോളം താഴ്ചയിലുള്ള കമലാലയം ശ്രീകണ്ഠൻ നായരുടെ വീടിന്റെ മുന്നിലേക്കു പതിക്കുകയായിരുന്നു. വാഹനം പുറകോട്ടു നീങ്ങിയതോടെ ലോറിയിലുണ്ടായിരുന്ന നാലുപേരും പുറത്തേക്കു ചാടിയതാണ് പരിക്കേൽക്കാതെ രക്ഷപ്പെടാൻ കാരണമായത്.
അപകടസമയത്ത് ലോറിക്ക് പുറകിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതും വീടിന്റെ മുറ്റത്ത് ആളുകൾ ഇല്ലാതിരുന്നതും വൻ ദുരന്തസാധ്യത ഒഴിവാക്കി. അപകടത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗതതടസ്സം അനുഭവപ്പെട്ടു. ഒരുവർഷത്തിനിടെ വട്ടയം പ്രദേശത്ത് നിരവധി വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.