നെയ്യാറ്റിൻകര അമൃത് ഭാരത് റെയിൽവേ സ്‌റ്റേഷൻ നിർമാണം സ്തംഭനത്തിൽ

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് സ്റ്റേഷനാക്കാനുള്ള പദ്ധതി സ്തംഭനത്തിൽ. പ്രധാന കെട്ടിടം, റോഡ്, പ്ലാറ്റ്‌ഫോം നിർമാണമെല്ലാം സ്തംഭനാവസ്ഥയിലാണ്. കരാറുകാരന് റെയിൽവേ പണം നൽകാത്തതാണ് നിർമാണം നിലയ്ക്കാൻ കാരണം.

2023-ൽ ആരംഭിച്ച അമൃത് ഭാരത് സ്റ്റേഷൻ നിർമാണം ഇതുവരെ പൂർത്തീകരിക്കാൻ റെയിൽവേയ്ക്കായിട്ടില്ല. നെയ്യാറ്റിൻകരയ്‌ക്കൊപ്പം അമൃത് ഭാരത് സ്റ്റേഷൻ നിർമാണം തുടങ്ങിയ ചിറയിൻകീഴ് സ്റ്റേഷന്റെ പണികൾ പൂർത്തീകരിച്ച് ഉദ്ഘാടനവും കഴിഞ്ഞു. എന്നാൽ നെയ്യാറ്റിൻകര സ്റ്റേഷന്റെ നവീകരണം അനന്തമായി നീണ്ടുപോകുകയാണ്.

2023 ജൂലായിലാണ് അമൃത് സ്‌റ്റേഷനാക്കുന്ന നിർമാണ പ്രവർത്തികൾക്ക് തുടക്കമിട്ടത്. നാല് പ്ലാറ്റ്‌ഫോമുകൾ, പ്ലാറ്റ്‌ഫോമുകൾക്ക് മേൽക്കൂര, പുതിയ ഫുട്ഓവർബ്രിഡ്ജ്, വാഹന പാർക്കിങ്ങിന് വിപുലമായ സംവിധാനം, സ്റ്റേഷനിലേക്ക്‌ രണ്ടുവരി റോഡ്, രണ്ടാം റെയിൽവേ ഗേറ്റ് തുടങ്ങി വിപുലമായ പദ്ധതിയാണ് അമൃത് ഭാരത് പദ്ധതിയിലൂടെ തുടക്കം കുറിച്ചത്.

വർഷം മൂന്ന് പിന്നിടുമ്പോഴും ആകെ പൂർത്തിയാക്കാനായത് വാഹന പാർക്കിങ് യാർഡിന്റെ നിർമാണമാണ്. റെയിൽവേ സ്റ്റേഷനിലേക്കുള്ള രണ്ടുവരി റോഡിന്റെ നിർമാണം പാതിവഴിയിൽ നിലച്ചു.

റോഡിന് ഇരുവശത്തുമായി ഓട നിർമിക്കുകയും കുറച്ച് ദൂരം കോൺക്രീറ്റ് പാകുകയും മാത്രമാണ് ചെയ്തിട്ടുള്ളത്. റെയിൽവേ സ്റ്റേഷന്റെ പ്രധാന കെട്ടിടത്തിന് മുന്നിൽ നാല് കോൺക്രീറ്റ് തൂണുകൾ നിർത്തിയതല്ലാതെ ഇതിന് മുകളിൽ മേൽക്കൂര നിർമിച്ചിട്ടില്ല.

നിലവിൽ രണ്ട് പ്ലാറ്റ്‌ഫോമുകളാണ് ഉള്ളത്. ഇതിനു പുറമെ രണ്ട് പുതിയ പ്ലാറ്റ്‌ഫോമുകൾ നിർമിക്കാനുള്ള തുടക്കം കുറിച്ചെങ്കിലും പ്ലാറ്റ്‌ഫോം നിർമാണവും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലൂടെ ഒരുട്രാക്ക് ചരക്കുതീവണ്ടി ഗതാഗതത്തിനായി നിർമിക്കണം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചരക്ക് നീക്കത്തിന്റെ കേന്ദ്രമായി നെയ്യാറ്റിൻകരയെ മാറ്റാൻ ഇവിടെ ചരക്ക് തീവണ്ടികൾക്കായി യാർഡും നിർമിക്കണം.

ചരക്കുതീവണ്ടി യാർഡ് നിർമാണം കൊങ്കൺ റെയിൽ കോർപ്പറേഷനാണ് ചുമതലയുള്ളത്. ആശുപത്രി കവലയിൽ നിന്നുമാണ് പ്രധാന കവാടം നിർമിക്കേണ്ടത്. ഇതിനുപുറമെ മൂന്നും നാലും പ്ലാറ്റ്‌ഫോമുകളിലേക്ക്‌ കാട്ടാക്കട റോഡിൽ പുതിയ പാലം കഴിഞ്ഞ് രണ്ടാം കവാടവും നിർമിക്കണം. എന്നാൽ രണ്ട് കവാടങ്ങളുടെയും നിർമാണം ഇതുവരെ ആരംഭിക്കാനായിട്ടില്ല.

നിർമാണം അനന്തമായി നീളുന്നത് കാരണം റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിൽ വെള്ളംകെട്ടിക്കിടക്കുന്നതിനാൽ യാത്രക്കാർ നടന്നുപോകാൻ ബുദ്ധിമുട്ടുകയാണ്. യാത്രക്കാരുടെ ദുരിതമകറ്റാൻ റോഡിന്റെ നിർമാണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് മുൻ നഗരസഭ കൗൺസിലർ കൂട്ടപ്പന മഹേഷ് ആവശ്യപ്പെട്ടു.