വാക്ക് പാലിച്ച് മുഖ്യമന്ത്രി; റുവാനിക്ക് സ്‌നേഹവീടൊരുങ്ങി

തിരുവനന്തപുരം : വിഴിഞ്ഞം മുല്ലൂർ സർക്കാർ കെ.വി.എൽ.പി.എസിലെ റുവാനിക്ക് വീടു വെച്ചുനൽകുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഉറപ്പ് യാഥാർഥ്യമായി. എം.ജി.എം. ഗ്രൂപ്പ് നിർമിച്ചുനൽകിയ സ്നേഹവീടിന്റെ താക്കോൽ റുവാനിക്കും കുടുംബത്തിനും മുഖ്യമന്ത്രി കൈമാറി.

‘‘രാത്രിയിൽ മഴ പെയ്താൽ ഉറങ്ങാനാകുന്നില്ല. അതുകൊണ്ട് പ്രിയ മുഖ്യമന്ത്രി അങ്കിളേ, ഞങ്ങൾക്ക് പുതിയ വീടു വെച്ചുതരുമോ. അതിൽ ഞങ്ങളുറങ്ങാം. വലുതാകുമ്പോൾ പൈസ തരാം...’’ റിവാനി വീടിനായി സഹായം അഭ്യർഥിക്കുന്ന വീഡിയോ ജൂണിൽ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. കൊട്ടാരക്കര ആസ്ഥാനമായുള്ള എം.ജി.എം. ഗ്രൂപ്പിന്റെ ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ വീട് നിർമിക്കാനുള്ള സന്നദ്ധതയറിയിച്ച് രംഗത്തെത്തി. റുവാനിക്ക് വീടെന്ന സ്വപ്‌നം മൂന്ന് മാസംകൊണ്ട് യാഥാർഥ്യമായി. എം.ജി.എം. ഗ്രൂപ്പിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന ‘വിദ്യാമൃതം’ പദ്ധതിയിൽ ഉൾപ്പെടുത്തി റുവാനിയുടെ തുടർവിദ്യാഭ്യാസത്തിനുള്ള എല്ലാ സഹായങ്ങളും നൽകുമെന്ന് ഗീവർഗീസ് യോഹന്നാൻ അറിയിച്ചു. എം.ജി.എം. സ്‌കൂളിൽ തുടർപഠനത്തിനുള്ള സൗകര്യവും ഒരുക്കും.

സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ എം. വിൻസെന്റ് എം.എൽ.എ., എം.ജി.എം. ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ, ജൈനമ്മ യോഹന്നാൻ, എം.ജി.എം. സി.ഒ.ഒ. ആൽഫ മേരി വർഗീസ്, എം.ജി.എം. അഡ്മിൻ മാനേജർ ആർ. സുനിൽകുമാർ, എം.ജി.എം. ടെക്‌നിക്കൽ എജുക്കേഷൻ ഡയറക്ടർ അഹിനസ്, എം.ജി.എം. പബ്ലിക് റിലേഷൻ ഓഫീസർ ഒ.കെ. രവിശങ്കർ, ജാനകി ബിൽഡേഴ്‌സ് പ്രതിനിധികൾ, റുവാനിയുടെ മാതാപിതാക്കൾ എന്നിവരും പങ്കെടുത്തു.