വെള്ളനാട് പഞ്ചായത്തിൽ തൂഫാൻ പദ്ധതി

കോൺഗ്രസ്- ബി.ജെ.പി. അംഗങ്ങളെ അറിയിച്ചില്ലെന്ന് പരാതി

വെള്ളനാട് : ഗ്രാമപ്രദേശങ്ങളെ ലഹരിമുക്തമാക്കുന്നതിനുവേണ്ടി വെള്ളനാട് ഗ്രാമപ്പഞ്ചായത്തിന്റെയും ആര്യനാട് പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ വെള്ളനാട്ടിൽ തൂഫാൻ പദ്ധതി തുടങ്ങി.

പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി പതാക ഉയർത്തി പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഡി.ടി.ജ്യോതിരാജൻ അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ.ഷൈലജ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്‌ പ്രതീജ, സെക്രട്ടറി എൽ.സിന്ധു, ആര്യനാട് എസ്.ഐ. അരുൺ ആർ.യു തുടങ്ങിയവർ പങ്കെടുത്തു.

ചടങ്ങിനെക്കുറിച്ച് കോൺഗ്രസ്- ബി.ജെ.പി. അംഗങ്ങളെ ഔദ്യോഗികമായി അറിയിക്കാത്തതിൽ വ്യാപക പ്രതിഷേധം. ഇരുമുന്നണികളിലും ഉൾപ്പെട്ട ഒൻപതംഗങ്ങൾ അറിയിപ്പ് കിട്ടാത്തതിനെ തുടർന്ന് പരിപാടികളിൽ പങ്കെടുത്തില്ല.

ഔദ്യോഗികമായി പ്രസിഡന്റോ സെക്രട്ടറിയോ അറിയിപ്പ് നൽകാതെയാണ് പരിപാടികൾ സംഘടിപ്പിച്ചതെന്നും ഇതിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. അംഗങ്ങൾ വകുപ്പ് മന്ത്രിക്കും പഞ്ചായത്ത് ഡയറക്ടർക്കും പരാതി നൽകി.