സ്പർശിച്ചാൽ വർണങ്ങൾ തെളിയും; ശാസ്ത്രമേളയിൽ താരമായി ‘പ്ലാസ്മ ഗോളം’

തിരുവനന്തപുരം : ശാസ്ത്രപുസ്തകങ്ങളിൽ കണ്ടും കേട്ടും മാത്രം പഠിച്ചിരുന്ന ദ്രവ്യത്തിന്റെ നാലാം അവസ്ഥയായ പ്ലാസ്മയെ ഇനി സ്പർശിക്കാനും കഴിയും, വർണങ്ങൾ തെളിയും. വഴുതയ്ക്കാട് വിമെൻസ് കോളേജിൽ ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ക്വാണ്ടം സെഞ്ചുറിയിൽ വിദ്യാർഥികളുടെ കണ്ണുകൾ പതിഞ്ഞത് കുസാറ്റിലെ ഒരുകൂട്ടം അധ്യാപകർ ഒരുക്കിയ ‘പ്ലാസ്മ ഗോളത്തി’ലാണ്.
സ്പർശനമേറ്റാൽ വ്യത്യസ്തനിറങ്ങൾ തെളിയിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. ഗോളത്തിൽ പ്ലാസ്മയെ ഉത്പാദിപ്പിക്കുന്നതാണ് ആദ്യപടി. ഇതിനായി ഗോളത്തിലുള്ള ടെസ്ലാ കോയിൽ വഴി വോൾട്ടേജ് കടത്തിവിടും. ഗോളത്തിൽ ആർഗൺ വാതകം നിറച്ചാണ് ഇതിലുള്ള സംവിധാനം ഇവർ ഒരുക്കുന്നത്.
ഇതിലൂടെ വൈദ്യുതിമണ്ഡലം രൂപപ്പെടുകയും അയോണൈസേഷൻ പ്രക്രിയ നടക്കുകയും ചെയ്യും. തുടർന്ന് അയോൺസ് അഥവാ പ്ലാസ്മ ഉത്പാദനം സാധ്യമാകും. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന പ്ലാസ്മ ചുരുങ്ങിയ സമയംകൊണ്ട് വ്യാപിക്കും. സ്പർശിക്കുമ്പോൾ ഗോളത്തിലെ പ്രതിരോധം കുറയുകയും ഇവിടേക്ക് വൈദ്യുതിസഞ്ചാരം വർധിക്കുകയും അയോണൈസേഷൻ പ്രക്രിയമൂലം വീണ്ടും പ്ലാസ്മ ഉത്പാദനം നടക്കും. ഇതാണ് നിറങ്ങളായി തെളിയുന്നത്. കുസാറ്റിലെ പങ്കജ് സാഗർ, ആൽഡ്രിൻ ആന്റണി, ഡോ. യൂസഫ്, മനോഷ്, എൻ.ഷാജി, മെറിൻ എന്നിവരാണ് പ്ലാസ്മ ഗോളത്തിലെ പിന്നിലെ ശില്പികൾ.
ശാസ്ത്രമേളയുടെ ആദ്യദിനത്തിൽ 40-ഓളം പ്രദർശനങ്ങളാണ് ഉണ്ടായിരുന്നത്.
മേള മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ശാസ്ത്രബോധം വളർത്തിയെടുക്കുന്നതിലൂടെ വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം മേളകൾ പുതിയ തലമുറയ്ക്ക് ഏറെ ഗുണം ചെയ്യും. വിദ്യാർഥികളിൽ ദിശാബോധമുണ്ടാക്കാനും സഹായിക്കും. എന്നാൽ, ശാസ്ത്രമേളകൾക്ക് പലപ്പോഴും മികച്ച സ്വീകരണം ലഭിക്കാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പരിഷത്ത് പ്രസിഡന്റ് ടി.കെ.മീരാബായി, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തൻ, കൗൺസിലർ രാഖി രവികുമാർ, കോളേജ് പ്രിൻസിപ്പൽ വി.ഉമാജ്യോതി എന്നിവർ പങ്കെടുത്തു.