ഓടിക്കാൻ ബസില്ല: കാട്ടാക്കടയിൽ യാത്രാക്ലേശം രൂക്ഷം

കാട്ടാക്കട: കെ.എസ്.ആർ.ടി.സി. യുടെ സർവീസുകൾ കുറഞ്ഞതോടെ കാട്ടാക്കട പ്രദേശത്ത് യാത്രാബുദ്ധിമുട്ട് ഏറി. ഇലക്ട്രിക് ബസുകൾ ഉൾപ്പെടെയുള്ളവ കട്ടപ്പുറത്തായതും, ശബരിമലയിലേക്ക് കണ്ടീഷനുള്ള ബസുകൾ കൊണ്ടുപോയതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. നിലവിൽ ശബരിമല ഓടുന്ന രണ്ട് ബസുകൾ ഉൾപ്പെടെ 60 ബസുകളാണ് കാട്ടാക്കട ഡിപ്പോയിൽ ഉള്ളത്. പഴഞ്ചൻ ബസുകളും, ടയർ തേഞ്ഞോടുന്ന വണ്ടികളും വഴിയിലായി തുടങ്ങിയതോടെ പകരം സംവിധാനമില്ലാത്തതിനാൽ യാത്രക്കാരും പെരുവഴിയിലായി. രാത്രി ഏഴ് കഴിഞ്ഞാൽ കാട്ടാക്കട നിന്നും നെയ്യാറ്റിൻകരയിലേക്ക് പോകാൻ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ട സ്ഥിതിയാണ്. നെയ്യാർഡാമിലേക്കും രാത്രി എട്ട് കഴിഞ്ഞാൽ ബസില്ല. മുമ്പുണ്ടായിരുന്ന സ്റ്റേ നിർത്തി. ഇപ്പോൾ രാത്രി 10.10- ന് നെയ്യാർഡാമിലെത്തി മടങ്ങിയിരുന്ന സർവീസും നിർത്തിയതോടെ യാത്രക്കാർ ബുദ്ധിമുട്ടുന്നു. രാത്രി എട്ടിന് ശേഷം കാട്ടാക്കട നിന്നും കൂട്ടപ്പൂവിലേക്ക് പോകുന്ന ബസിൽ കള്ളിക്കാട് ഇറങ്ങി നെയ്യാർഡാമിലേക്ക് മൂന്ന് കിലോമീറ്ററോളം നടക്കണം ഇല്ലെങ്കിൽ ഓട്ടോറിക്ഷ വിളിക്കണമെന്നതാണ് സ്ഥിതി. കൈയിൽ കാശില്ലാതെ എത്തുന്നവർ വലയും. നിരപ്പൂക്കാല, വ്ളാവെട്ടി, നെട്ടുകാൽത്തേരി എന്നിവിടങ്ങളിലേക്ക് പോകാനും ഇതേ അവസ്ഥയാണ്. പ്രധാന റൂട്ടായ നാല് സർവീസുകൾ ഓടിയിരുന്ന കോട്ടൂരിലേക്കും രാത്രി 8.30- ന് ശേഷം സർവീസില്ല. ആദിവാസികളേറെയുള്ള പ്രദേശമാണ് കുറ്റിച്ചലിലെ കോട്ടൂർ പ്രദേശം. ഓടിക്കാൻ ബസ്സില്ലാത്തതിനാൽ മുന്നറിയിപ്പില്ലാതെ സർവീസുകൾ റദ്ദ് ചെയ്യുന്നത് യാത്രക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ഏറെയാണ്. 82 ഷെഡ്യൂളുകൾ നടന്നിരുന്ന ഡിപ്പോയിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം സർവീസുകൾ ആരംഭിച്ചപ്പോൾ 50 ഷെഡ്യൂളുകൾ വരെയാണ് ഓടിയിരുന്നത്. പിന്നീടത് 75 ഷെഡ്യൂൾ വരെയായി കൂടി. നിലവിൽ ആകെ സർവീസുകൾ 72- ഉം ഓടുന്നത് 60 ഉം ആണ്. ഓടേണ്ട 13 ഫാസ്റ്റ് സർവീസിൽ 11- ഉം, 52 ഓർഡിനറിയിൽ 46 സർവീസുമാണ് നടക്കുന്നത്. ഇതിൽ ഏതെങ്കിലും ബസ് പണിമുടക്കിയാൽ ആ സർവീസ് മുടങ്ങുമെന്നതാണ് സ്ഥിതി. 15 ഓളം സ്റ്റേ സർവീസുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ നടക്കുന്നത് മായം- ചെമ്പകപ്പാറ എന്ന ഒരു സ്റ്റേ സർവീസാണ്. ലാഭത്തിൽ ഓടിയിരുന്ന തിരക്കേറെയുള്ള പരുത്തിപ്പള്ളി, വ്ളാവെട്ടി, നെയ്യാർഡാം സ്റ്റേ സർവ്വീസുകൾ നിർത്തിയവയിൽ ഉൾപ്പെടുന്നു. ശബരിമല സർവീസുകൾക്കായി 10 ബസ്സുകളാണ് പമ്പയിലേക്ക് കൊണ്ടുപോയത്. ബാറ്ററി തകരാർ കാരണം 5 ബസ് കട്ടപ്പുറത്താണ്. പിസ്റ്റൺ, സ്പ്രിങ്, എൻജിൻ, ഗീയർ ബോക്സ് തകരാർ കാരണം നാല് ബസ്സുകൾ കൂടി ഷെഡിൽ ഒതുങ്ങിയതോടെ സർവീസുകളാകെ കുഴപ്പത്തിലായി. കളക്ഷനും ഗണ്യമായി കുറയുന്നു. സർവ്വീസ് നടത്തുന്ന ബസുകളിൽ നിന്നുതിരിയാൻ ഇടമില്ല. ശരാശരി 13 ലക്ഷത്തോളം രൂപ കളക്ഷൻ നേടിയിരുന്ന ഡിപ്പോയിൽ അടുത്തിടെയായി കളക്ഷൻ 10 ലക്ഷം രൂപയായി കുറഞ്ഞു. ദിവസങ്ങൾ കഴിയുന്തോറും സർവീസുകളുടെ എണ്ണം കുറയുന്നത് മലയോര മേഖലയിലെ യാത്രക്കാരെ വലയ്ക്കുന്നു. ഇന്നുള്ള സർവീസ് നാളെ കാണില്ല എന്നതാണ് സ്ഥിതി. കാട്ടാക്കട താലൂക്കിലെ യാത്രാപ്രശ്‌നം പരിഹരിക്കാൻ ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ഇടപെടൽ വേണമെന്നാന്ന് യാത്രക്കാരുടെ ആവശ്യം.

കൂടുതൽ സർവീസിനായി ഇടപെടും

കാട്ടാക്കട കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്നും കൂടുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യാൻ മാനേജ്‌മെന്റുമായി ചർച്ച നടത്തും. സർവീസിനായി ബസുകൾ എത്തിക്കാനും ശ്രമം നടത്തും. എം.ആർ.ബൈജു എം.എൽ.എ.

സർവീസുകൾ അനുദിനം കുറയുന്നു

ഏറെക്കാലമായി തുടരുന്ന പ്രതിസന്ധിയാണ് ശബരിമല തീർഥാടനം തുടങ്ങിയതോടെ ഉണ്ടായിട്ടുള്ളത്. സർവീസുകൾ റദ്ദാക്കുന്നത് പതിവായിട്ടുണ്ട്. ദിവസങ്ങൾ കഴിയുതോറും സർവീസുകളുടെ എണ്ണം കുറയുന്നത് മലയോര മേഖലയിലെ യാത്രക്കാരെ വലക്കുന്നു. മുന്നറിയിപ്പില്ലാതെ സർവീസുകൾ റദ്ദ് ചെയ്യുന്നത് യാത്രക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ഏറെയാണ്. ജി.സന്തോഷ്‌കുമാർ കാട്ടാക്കട, പൊതുപ്രവർത്തകൻ.

Content Highlights: Commuters in Kattakkada face severe travel woes due to a sharp decline in KSRTC services caused by bus shortages and diversion to Sabarimala.