ചിറയിൻകീഴ് ബൈപ്പാസ് റോഡിൽ ഗതാഗതം തടസ്സപ്പെടുത്തി കച്ചവടവും പാർക്കിങും

ചിറയിന്‍കീഴ് ശാര്‍ക്കര മഞ്ചാടിമൂട് ബൈപ്പാസ് റോഡില്‍ സര്‍ക്കാര്‍ മദ്യശാലയ്ക്ക് എതിര്‍വശത്തുള്ള അനധികൃത കച്ചവടവും ഗതാഗതകുരുക്കും
ചിറയിന്‍കീഴ് ശാര്‍ക്കര മഞ്ചാടിമൂട് ബൈപ്പാസ് റോഡില്‍ സര്‍ക്കാര്‍ മദ്യശാലയ്ക്ക് എതിര്‍വശത്തുള്ള അനധികൃത കച്ചവടവും ഗതാഗതകുരുക്കും

ചിറയിൻകീഴ്: ശാർക്കര ബൈപ്പാസ് റോഡിൽ ശാർക്കര റെയിൽവെ ഗേറ്റ് മുതൽ മഞ്ചാടിമൂട് വരെയുള്ള ഭാഗങ്ങളിൽ ഗതാഗതം തടസ്സപ്പെടുത്തി വഴിയോരകച്ചവടവും അനധികൃത വാഹന പാർക്കിങും വ്യാപകമാകുന്നു. കേടായ വാഹനങ്ങൾ ഉപേക്ഷിക്കുന്ന ഇടമായും ബൈപ്പാസ് റോഡ് മാറുകയാണ്. റോഡിൽ സർക്കാർ മദ്യശാലയ്ക്ക് മുൻവശം നിരവധി വഴിയോര കച്ചവടക്കാരാണ് ഷെഡ് കെട്ടി കച്ചവടം നടത്തുന്നത്. ഇവ റോഡിലേക്ക് ഇറക്കിവയ്ക്കുന്നത് കാരണം തിരക്കേറിയ സമയത്ത് വാഹനഗതാഗതത്തിന് തടസ്സം നേരിടുന്നുവെന്നാണ് പരാതി.

മദ്യശാലയിലെത്തുന്നവരെ ലക്ഷ്യമിട്ടുള്ള കച്ചവടമാണ് ഇവിടെ നടക്കുന്നത്. മദ്യശാലയിലെത്തുന്നവരും അവരുടെ വാഹനങ്ങളും കൊണ്ടുതന്നെ ഇവിടെ സദാസമയവും തിരക്കാണ്. അതിനൊപ്പമാണ് വഴയോരക്കച്ചവടവും. റോഡിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാത കൈയേറിയാണ് കച്ചവടവും പാർക്കിങും. ശാർക്കര കടകം റോഡ് വഴിയുള്ള ഗതാഗത പ്രശ്നങ്ങൾക്കും റോഡിന്റെ വീതിക്കുറവിനും പരിഹാരമായാണ് രണ്ട് റെയിൽവെ ഗേറ്റുകൾ ഒഴിവാക്കി ശാർക്കര മുതൽ മഞ്ചാടിമൂട് ജങ്ഷൻ വരെ എം.എൽ.എ. ഫണ്ടുപയോഗിച്ച് സമാന്തര റോഡൊരുക്കിയത്.

കൂടാതെ ഇരുവശവും കാൽനടയാത്രയ്ക്കും സജ്ജമാക്കി. ഈ സൗകര്യം മുതലാക്കിയാണ് കാൽനടയാത്രക്കാരെയും വാഹനയാത്രക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കി ചിലർ അനധികൃതമായി വഴിയോരകച്ചവടവും പാർക്കിങും നടത്തുന്നത്.

ഗ്രാമപ്പഞ്ചായത്തിൽ നിന്നോ പൊതുമരാമത്ത് വകുപ്പിൽ നിന്നോ ലൈസൻസ് ഇല്ലാതെയാണ് ഈ കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് പരാതിയെതുടർന്ന് കളക്ടർ ഇടപെട്ട് ഇവിടത്തെ വഴിയോര കച്ചവടസ്ഥാപനങ്ങൾ മുഴുവൻ നീക്കിയിരുന്നു. തുടർനടപടികളൊന്നും ഉണ്ടാകാത്തതിനാൽ കൂടുതൽ കച്ചവടകേന്ദ്രങ്ങൾ റോഡിൽ സജീവമാകുകയായിരുന്നു. ശാർക്കര ബൈപ്പാസിൽ ശാർക്കര ഗേറ്റിന് സമീപമാണ് ഏറ്റവും കൂടുതൽ ഗതാഗതപ്രശ്നം.

ഇവിടെ തോന്നുംപടിയാണ് വാഹന പാർക്കിങ്. വഴിയോര മത്സ്യകച്ചവടവും മറ്റുമായി എപ്പോഴും തിരക്കാണിവിടം. അതിനാൽ ബസിൽ കയറാനെത്തുന്നവർ റോഡിന് നടുവിൽ നിലയുറപ്പിക്കേണ്ട അവസ്ഥയാണ്. രണ്ടു വർഷം മുൻപ് ഭിന്നശേഷിക്കാരനായ യുവാവിന്റെ തലയിലൂടെ കെ.എസ്.ആർ.ടി.സി. ബസ് കയറിയ സംഭവവും ഇവിടെയുണ്ടായി. മദ്യശാലയ്ക്ക് മുന്നിലുള്ള ബസ് സ്റ്റോപ്പിലും സ്ഥിതി വ്യത്യസ്തമല്ല.

ഇവിടുത്തെ സീബ്രാ ലൈനിൽ ഉൾപ്പെടെ വാഹനം പാർക്ക് ചെയ്താണ് ഗതാഗതം തടസ്സപ്പെടുത്തുന്നത്. വലിയകട മഞ്ചാടിമൂട് റോഡിലെ തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് നിർമിച്ച ശാർക്കര ബൈപ്പാസ് റോഡ് ഇപ്പോൾ ഗതാഗത തടസ്സത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ ഗതാഗതം തടസ്സപ്പെടുത്തി റോഡിലേക്ക് ഇറക്കിയുള്ള നിർമിതികളും താൽക്കാലിക ഷെഡുകളും പൊളിച്ചുമാറ്റണമെന്ന് നോട്ടീസ് നൽകിയിട്ടും റോഡ് കൈയേറ്റം അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നതായാണ് പരാതി.

Content Highlights: Traffic congestion intensifies on the Sharkara bypass road in Chirayinkeezhu due to illegal street vending and unauthorized vehicle parking.