ചെങ്കൽ, കാരോട് പഞ്ചായത്തുകളിലെ റോഡുകൾ അപകടക്കെണിയാകുന്നു;

പാറശ്ശാല: ചെങ്കൽ, കാരോട് ഗ്രാമപഞ്ചായത്തുകളിലെ വിവിധ റോഡുകളിൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിനായി ജല അതോറിറ്റി എടുത്ത കുഴികൾ ടാർ ചെയ്ത് നന്നാക്കാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. കുഴികളിൽ പേരിന് മെറ്റലുകൾ മാത്രം നിക്ഷേപിച്ച് കരാറുകാരും അധികൃതരും മടങ്ങിയതോടെ റോഡുകൾ അപകടക്കെണിയായി മാറിയിരിക്കുകയാണ്. മാവിളക്കടവ് കുടിവെളള പദ്ധതിയുടെ ഭാഗമായുളള പൈപ്പുകൾ നിക്ഷേപിക്കുന്നതിന് വേണ്ടിയാണ് രണ്ട് വർഷം മുന്നെ മുതൽ കാരോട്, ചെങ്കൽ പഞ്ചായത്തുകളിൽ റോഡുകൾ വ്യാപകമായി കുഴിച്ചത്.
റോഡ് കുഴിച്ച് പൈപ്പ് സ്ഥാപിച്ച ശേഷം റോഡ് പുനർ നിർമ്മിക്കുമെന്നാണ് ജല അതോറിറ്റി അധികൃതരും പൊതുമരാമത്ത് വകുപ്പ് അധികൃതരും പ്രദേശവാസികൾക്ക് ഉറപ്പ് നൽകിയത്. എന്നാൽ പൈപ്പ് സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് പുനർ നിർമ്മിക്കുവാൻ അധികൃതർ തയ്യാറായിട്ടില്ല. രണ്ട് മാസങ്ങൾക്ക് മുന്നെ കുഴിയെടുത്ത് പൈപ്പ് സ്ഥാപിച്ച ഭാഗങ്ങളിൽ കരാറുകാർ മെറ്റൽ വിതറുകയുണ്ടായി. എന്നാൽ മെറ്റൽ പാകിയ ശേഷം കരാറുകാർ തിരിഞ്ഞ് നോക്കാതെ വന്നതോടെ ഇത് ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. മെറ്റലുകൾ വിതറിയ ഭാഗത്ത് കൂടി വലിയ വാഹനങ്ങൾ കടന്നുപോകയതോടെ കുഴികളിൽ നിരത്തിയ മെറ്റലുകൾ ഇളകിമാറി ഈ ഭാഗത്ത് കുഴികൾ രൂപം കൊണ്ടു. ഇതിന് പുറമെ റോഡ് മുറിച്ച ഭാഗത്ത് റോഡരികിൽ വലിയ താഴ്ചയിലുള്ള ഗർത്തങ്ങളു രൂപപ്പെട്ടിട്ടുണ്ട്. ഇളകിക്കിടക്കുന്ന മെറ്റലുകളിൽ തെന്നി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇവിടെ നിത്യസംഭവമായി മാറി. രാത്രികാലങ്ങളിൽ കുഴികളുടെ ആഴമറിയാതെ മറ്റ് വാഹനങ്ങൾക്ക് കടന്ന് പോകുന്നതിനായി റോഡരുകിലേക്ക് വാഹനങ്ങൾ ഒതുക്കുന്ന ഇരു ചക്രവാഹനങ്ങൾ നിയന്ത്രണം തെറ്റി അപകടപ്പെടുന്നത് പതിവായിട്ടുണ്ട്.
ചെങ്കൽ ഗ്രാമപഞ്ചായത്തിലെ മര്യാപുരം, തോട്ടിൻകര പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇത്തരത്തിൽ കുഴിയിൽ വീണ്ട് പന്ത്രണ്ടോളം അപകടങ്ങളാണുണ്ടായത്. ഈ അപകടങ്ങളിലായി എട്ടോളം യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. റോഡരികുകൾ വെട്ടിമുറിച്ചിട്ടിരിക്കുന്നതിനാലും പാകിയ മെറ്റലുകൾ ഇളകി കിടക്കുന്നതിനാലും കാൽനടയാത്രക്കാരും കടുത്ത ദുരിതത്തിലാണ്. വശങ്ങളിലൂടെ സഞ്ചരിക്കുവാൻ സാധിക്കാത്തതിനാൽ തിരക്കേറിയ റോഡിന്റെ മധ്യഭാഗത്തേക്ക് കയറി നടക്കേണ്ട ഗതികേടിലാണ് വിദ്യാർത്ഥികളടക്കമുള്ള കാൽനടയാത്രക്കാർ. ഇത് വലിയ വാഹനങ്ങൾ തട്ടിയുള്ള അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. വെട്ടിമുറിച്ച റോഡുകൾ അടിയന്തരമായി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യം ശക്തമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. അധികൃതരുടെ അനാസ്ഥ തുടർന്നാൽ വരുംദിവസങ്ങളിൽ റോഡിൽ വാഹനങ്ങൾ തടഞ്ഞുകൊണ്ടുള്ള ശക്തമായ പ്രതിഷേധ സമരങ്ങളിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.
Content Highlights: Roads in Chenkal and Karode panchayats remain hazardous after pipe-laying work by the Water Authority, leading to frequent accidents.