കോവളം സ്പായിലെ പീഡനം: കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിലാകും

കോവളം: പതിനാറുകാരിയെ സ്പാകളിലെത്തിച്ച് നിരവധി പേർ പീഡിപ്പിച്ച സംഭവത്തിൽ കേസിലെ ഒന്നാം പ്രതിയും പേരൂർക്കട ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന കുട്ടിയുടെ മാതൃസഹോദരിയെയും അടുത്ത ദിവസം എസ്.ഐ.ടി കസ്റ്റഡിയിൽ വാങ്ങും. കുട്ടിയെ എത്തിച്ചിരുന്ന കോവളത്തെ ഡ്രീംസ്, ആയുർകേരള, ഹോംസ്റ്റേയായ ഡാലിയ എന്നിവിടങ്ങളിൽ എത്തിച്ചാണ് തെളിവെടുക്കുക. കേസിൽ റിമാൻഡിലായ ശേഷം ഇവർ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ജയിലധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇവരുടെ രണ്ടാം ഭർത്താവും കേസിലെ രണ്ടാം പ്രതിയുമായ ജെല്ലാ ഗോപിയെ തമിഴ്നാട് വണ്ടല്ലൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൊണ്ടുപോയിട്ടുണ്ട്. കുട്ടിയെ ചെന്നൈയിലെ ഗൂഡുവാഞ്ചേരിയിലെ വീടിനോട് ചേർന്ന സ്പായിലെത്തിച്ച ശേഷം അവിടെ നടന്ന പീഡനക്കേസുമായി ബന്ധപ്പെട്ടാണ് തെളിവെടുപ്പിനെത്തിച്ചത്. ഇയാളെ വരുംദിവസങ്ങളിൽ തിരുവനന്തപുരത്ത് എത്തിച്ചേക്കും. തുടർന്ന് തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങൾ വീണ്ടും നടത്തിയേക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനും അസി. കമ്മീഷണറുമായ എസ്. ചന്ദ്രകുമാർ പറഞ്ഞു. സ്പാകളിൽ നടത്തിയ റെയ്ഡുകളിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിമാൻഡിലുള്ള എട്ട് പ്രതികളെ കൂടാതെ കൂടുതൽ പേർ അറസ്റ്റിലാകും. ഇതുമായി ബന്ധപ്പെട്ട നടപടികളും എസ്.ഐ.ടി പൂർത്തിയാക്കിക്കഴിഞ്ഞു.
കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയവരിൽ നിന്ന് എസ്.ഐ.ടി രേഖകൾ ശേഖരിച്ചു
കോവളത്തെ ഡ്രീംസ് എന്ന സ്പാ നടത്തുന്നതിന് വാടകയ്ക്കെടുത്ത ഇരുനില കെട്ടിടത്തിന് പ്രതിമാസം വാങ്ങിയിരുന്നത് 90,000 രൂപയാണെന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ എസ്.ഐ.ടി കണ്ടെത്തിയിരുന്നു. ഇതനുസരിച്ച് വീട് വാടകയ്ക്ക് നൽകിയിരുന്ന വീട്ടുടമയെ എസ്.ഐ.ടി വിളിച്ചുവരുത്തി കരാർ പത്രങ്ങളും ചെക്കുകളും വാങ്ങി. സാധാരണ ലഭിക്കുന്ന വാടകയെക്കാൾ നാലിരട്ടി വാടകയാണ് വീട്ടുടമയ്ക്ക് ലഭിച്ചിരുന്നത്.
ആയുർവേദ ചികിത്സയുടെ മറവിൽ അനാശാസ്യനടപടികൾ അടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനെക്കുറിച്ച് അറിഞ്ഞിട്ടും വീട്ടുടമകൾ പ്രതികരിച്ചിട്ടില്ലെന്നും എസ്.ഐ.ടിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്നതിന് വീട്ടുടമകൾക്കെതിരെയും എസ്.ഐ.ടി നടപടിയെടുത്തേക്കുമെന്നാണ് സൂചന.
വയനാട്ടിലെ സ്പായിലേക്ക് തിരുവനന്തപുരത്ത് നിന്നും യുവതികളെ എത്തിച്ചതായി കണ്ടെത്തി
എസ്.ഐ.ടി വയനാട്ടിലെ വൈത്തിരിയിൽ നടത്തിയ അന്വേഷണത്തിലും തെളിവെടുപ്പിലും തിരുവനന്തപുരത്ത് നിന്നും യുവതികളെ സ്പായിലെ ജോലിക്കെത്തിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വൈത്തിരിയിലെ വൻകിട ഹോട്ടലിലെ മൂന്ന് മുറികൾ വൻതുക കൊടുത്ത് വാടകയ്ക്കെടുത്താണ് കേസിലെ മൂന്നാം പ്രതി സജിത് കുമാർ സ്പാകൾ നടത്തിയിരുന്നത്. അഞ്ചുലക്ഷം രൂപ അഡ്വാൻസും മാസം ഒന്നരലക്ഷത്തോളം രൂപ വാടകയും നൽകിയാണ് സ്പാ നടത്തിയിരുന്നത്.
യുവതികളെ എത്തിച്ച് സ്പാ നടത്തിയെങ്കിലും ബിസിനസ് തകർന്നിരുന്നു. ബിസിനസ് വളർത്തുന്നതിന് വേണ്ടിയായിരുന്നു സ്പാ ജീവനക്കാരിയും ഇയാളുടെ പരിചയക്കാരിയുമായ തമിഴ്നാട് സ്വദേശി കൃഷ്ണവേണി വഴി പതിനാറുകാരിയെ കോവളത്ത് എത്തിച്ചത്. തുടർന്ന് കുട്ടിയെ വൈത്തിരിയിലുമെത്തിച്ചിരുന്നു. ഇവിടെയും കുട്ടിയെ സജിത് കുമാർ അടക്കമുള്ളവർ പീഡിപ്പിച്ചുവെന്ന് എസ്.ഐ.ടി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ തെളിവുശേഖരണത്തിന് സജിത്തിനെ പൂവാർ, കോവളം, ചൊവ്വര എന്നിവിടങ്ങളിലേക്കും എത്തിക്കും.