ഒരു പ്രകാശദിനം പിന്നിട്ട് Voyager 1 പ്രയാണം തുടരുന്നു; അന്യഗ്രഹ ജീവികളുടെ ശ്രദ്ധയിൽപ്പെടുമോ? ആ ഡിസ്‌കുകളിൽ എന്താണ്?

1. വോയജര്‍ ഒന്ന് പേടകം ഒരു പ്രകാശദിനമകലെ. ചിത്രം കടപ്പാട്: NASA/JPL-Caltech. 2. വോയജര്‍ ഒന്നില്‍ സൂക്ഷിച്ചിട്ടുള്ള സുവര്‍ണ റിക്കോര്‍ഡ്. ചിത്രം കടപ്പാട്: NASA/JPL
1. വോയജര്‍ ഒന്ന് പേടകം ഒരു പ്രകാശദിനമകലെ. ചിത്രം കടപ്പാട്: NASA/JPL-Caltech. 2. വോയജര്‍ ഒന്നില്‍ സൂക്ഷിച്ചിട്ടുള്ള സുവര്‍ണ റിക്കോര്‍ഡ്. ചിത്രം കടപ്പാട്: NASA/JPL

മനുഷ്യനേട്ടങ്ങളുടെ മഹനീയമായ പട്ടികയിൽ ഇടംനേടാൻ അതുല്യമായ ഒന്നുകൂടി. മനുഷ്യനിർമിതമായ ഒരു വസ്തു ആദ്യമായി ഒരു പ്രകാശദിനം ദൂരം പിന്നിട്ടിരിക്കുന്നു! 'വോയജർ ഒന്ന്' പേടകമാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്. ഒരു പ്രകാശദിനം എന്നാൽ 24 മണിക്കൂർ കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരം - അതേതാണ്ട് 2600 കോടി കിലോമീറ്റർ വരും.

നാസയുടെ വോയജർ ദൗത്യത്തിന്റെ ഭാഗമായ ഇരട്ടപേടകങ്ങളിലൊന്നാണ് വോയജർ ഒന്ന്. 2026 നവംബർ 18 ന് വോയജർ ഒന്ന് ഒരു പ്രകാശദിനമെന്ന നാഴികക്കല്ല് പിന്നിട്ടു. (ഇരട്ട പേടകങ്ങളിൽ അടുത്തത് വോയജർ രണ്ടാണ്. അതിനിയും ഒൻപത് വർഷംകൂടി സഞ്ചരിക്കണം അത്രയും ദൂരം താണ്ടാൻ). വെറും അഞ്ചുവർഷംമാത്രം ആയുസ്സ് നിശ്ചയിച്ച വോയജർ ദൗത്യമാണ്, 49 വർഷം കഴിഞ്ഞ് ഈ ചരിത്രനേട്ടം കൈവരിച്ച് ലോകത്തെ അമ്പരപ്പിക്കുന്നത്.

'ഡീപ് സ്‌പേസ് നെറ്റ്‌വർക്കി'ന്റെ ഭാഗമായി, ദിവസവും ഭൂമിയിൽ നിന്നൊരു റേഡിയോ സിഗ്‌നൽ അയയ്ക്കപ്പെടുന്നുണ്ട്. കാലിഫോർണിയ, സ്‌പെയിൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സൈറ്റുകളിലൊന്നിൽ നിന്നാണത് അയയ്ക്കപ്പെടുക. ആ സിഗ്‌നൽ സൗരയൂഥത്തിനപ്പുറം വോയജർ ഒന്ന് പേടകത്തെ തേടിയെത്തും. പേടകം ആ സിഗ്‌നലിന് മറുപടി നൽകും! പ്രകാശവേഗത്തിൽ സഞ്ചരിക്കുന്ന ആ സിഗ്‌നലിന് ഭൂമിയിൽ നിന്ന് വോയജർ ഒന്നിലെത്താൻ ഇപ്പോൾ 24 മണിക്കൂർ വേണം. മറുപടി സിഗ്‌നലിനും വേണം ഇവിടെയെത്താൻ അത്രയും സമയം. കഴിഞ്ഞ അരനൂറ്റാണ്ടായി ആവർത്തിക്കുന്ന പ്രക്രിയയാണിത്. വോയജർ ഒന്ന് കൂടുതൽ അകലത്തേക്ക് എത്തുന്നതിനനുസരിച്ച്, സിഗ്‌നൽ അവിടെയെത്താനും തിരികെ ലഭിക്കാനുമുള്ള സമയദൈർഘ്യം കൂടിക്കൂടി വന്നു!

വോയജർ പേടകങ്ങൾ ഭൂമിയിൽനിന്ന് യാത്രയാകുമ്പോൾ, ബഹിരാകാശയുഗത്തിന് ഇരുപത് വയസ്സ് തികഞ്ഞിരുന്നില്ല. ലോകം ശീതയുദ്ധത്തിന്റെ പിടിയിലായിരുന്നു. ഇന്ത്യയിൽ അടിയന്തരാവസ്ഥ അവസാനിച്ചിട്ട് മാസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളൂ. മൊബൈൽ ഫോണോ, വേൾഡ് വൈഡ് വെബ്ബോ രൂപപ്പെട്ടിരുന്നില്ല. ഗൂഗിളും സോഷ്യൽ മീഡിയയും ഭാവിയുടെ സംഗതികളായിരുന്നു.

യു.എസിൽ ഫ്ളോറിഡയിലെ കേപ് കാനവെറലിൽ നിന്ന് 1977 ഓഗസ്റ്റ് 20 ന് വോയജർ രണ്ട് പേടകവും, സെപ്റ്റംബർ 5 ന് വോയജർ ഒന്നും (രണ്ട് പേടകങ്ങളും വിക്ഷേപിച്ചത് ടൈറ്റൻ-സെന്റോർ റോക്കറ്റിൽ) അയയ്ക്കുമ്പോൾ, ആ ദൗത്യം 1981 ൽ അവസാനിക്കേണ്ടത് എന്ന് നിശ്ചയിക്കപ്പെട്ടു. സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവയെ അടുത്തറിയുകയായിരുന്നു ദൗത്യ ലക്ഷ്യം.

ഭൂമിയിൽ നിന്ന് യാത്രയായ വോയജർ ഒന്ന് പേടകത്തിന് മുന്നിലെ ആദ്യവെല്ലുവിളി, വ്യാഴത്തിനും ചൊവ്വായ്ക്കുമിടയിലെ ഛിന്നഗ്രഹ ബെൽറ്റ് (ആസ്റ്റരോയ്ഡ് ബെൽറ്റ്) പിന്നിടുക എന്നതായിരുന്നു. ഒൻപത് മാസമെടുത്തു പേടകം അവിടം കടക്കാൻ. വൈദ്യുതി ലാഭിക്കാൻ പേടകത്തിലെ പരീക്ഷണോപകരണങ്ങളെല്ലാം അത്രനാളും അണച്ചിട്ടു.

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ ദൃശ്യങ്ങൾ പകർത്തിക്കൊണ്ടാണ് വോയജർ ഒന്ന് പണി തുടങ്ങിയത്. 1979 ൽ വ്യാഴത്തിനടുത്തെത്തിയ പേടകം കണ്ടുപിടുത്തങ്ങളുടെ ഒരു വെടിക്കെട്ടിന് തന്നെ തിരികൊളുത്തി. സൗരയൂഥത്തെക്കുറിച്ച് അതുവരെ അറിയാത്ത വിവരങ്ങളുടെ ഒരു കുത്തൊഴുക്ക് വോയജറിൽനിന്നുണ്ടായി.

സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളുടെ 23 പുതിയ ഉപഗ്രഹങ്ങളാണ് വോയജർ ഒന്നിന്റെ കണ്ടെത്തലുകളിൽ ശ്രദ്ധേയം.

വ്യാഴത്തിന്റെയും അതിന്റെ ഉപഗ്രഹങ്ങളുടെയും 18,000 ചിത്രങ്ങൾ 1979 കാലത്ത് വോയജർ ഒന്ന് ഭൂമിയിലേക്കയച്ചു. ആ ദൃശ്യങ്ങളിൽ നിന്നാണ് സൗരയൂഥത്തിൽ ഭൂമിയിലല്ലാതെ സജീവ അഗ്‌നിപർവതങ്ങൾ മറ്റിടങ്ങളിലുണ്ടെന്ന വിവരം ശാസ്ത്രലോകം അവിശ്വസനീയതയോടെ മനസിലാക്കിയത്! വ്യാഴത്തിന്റെ ഉപഗ്രഹമായ ഇയോ (Io) വിൽ സജീവമായ അഗ്‌നിപർവതങ്ങളുണ്ടെന്നും അവയിൽ നിന്നുള്ള പൊടിയും പുകയും എവറസ്റ്റ് കൊടുമുടിയുടെ 30 മടങ്ങ് പൊക്കത്തിൽ ഉയരുന്നുവെന്നും ആ ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തി.

1980 ൽ ശനിയുടെ സമീപത്തുകൂടി സഞ്ചരിച്ച വോയജർ ഒന്ന്, ശനിയുടെ വലയങ്ങളെക്കുറിച്ചും ഉപഗ്രഹങ്ങളെ കുറിച്ചും ഒട്ടേറെ പുതിയ വിവരങ്ങൾ നൽകി.

ശനിയുടെ പഠനത്തിനുശേഷം, വോയജർ പ്രോജക്ട് സയന്റിസ്റ്റ് എഡ് സ്റ്റോണും സഹപ്രവർത്തകരും നിർണായകമായ ഒരു തീരുമാനമെടുത്തു. സൗരയൂഥത്തിലെ ഗ്രഹത്തട്ടിൽ (plane of the planets) നിന്ന് വോയജർ ഒന്നിന്റെ ദിശ തിരിച്ചുവിടുക; അതിനെ സൗരയൂഥത്തിന് വെളിയിലേക്ക് പറഞ്ഞയയ്ക്കുക! അതേസമയം, വോയജർ രണ്ടിനെ യുറാനസും നെപ്ട്യൂണും നിരീക്ഷിക്കാൻ വിടുക.

1990 ൽ ഭൂമിയിൽ നിന്ന് 600 കോടി കിലോമീറ്റർ അകലെ, നെപ്ട്യൂണിനപ്പുറം എത്തിയപ്പോൾ, വോയജർ ഒന്ന് പേടകം അതിന്റെ കാമറകൾ ഷട്ട് ഓഫ് ചെയ്യുന്നതിന് മുമ്പ് അവസാനമായി അത് പുറപ്പെട്ട ഭവനത്തിലേക്ക് തിരിഞ്ഞുനോക്കി. സൂര്യൻ, ശുക്രൻ, ഭൂമി, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവ ഉൾപ്പടെ 60 ചിത്രങ്ങളുടെ ഒരു പരമ്പര ആ അവസാന നോട്ടത്തിൽ പകർത്തി.

അതിൽ ഏറ്റവും പ്രശസ്തം 'മങ്ങിയ നീലപ്പൊട്ട്' ('pale blue dot') എന്ന ഭൂമിയുടെ ചിത്രമാണ്. അങ്ങകലെ പ്രപഞ്ചവിശാലതയിൽ തീരെച്ചെറിയ മങ്ങിയ നീലപ്പൊട്ടുപോലെ കാണപ്പെടുന്ന ഭൂമിയുടെ ദൃശ്യം, എല്ലാം തികഞ്ഞവരെന്ന് വീമ്പുമുഴക്കുന്ന മനുഷ്യന്റെ അഹങ്കാരത്തിനുള്ള ഏറ്റവും നല്ല മറുമരുന്നായി കരുതപ്പെടുന്നു, നമ്മളെത്ര നിസ്സാരരാണെന്ന ഓർമപ്പെടുത്തൽ!

നമ്മുടെ മാതൃഗാലക്‌സിയായ ക്ഷീരപഥത്തിന്റെ കൃത്യമായ അളവെടുപ്പിന് സഹായിച്ചതും വോയജർ ഒന്ന് പേടകമാണ്. നക്ഷത്രങ്ങൾ അതിന്റെ ചെറുപ്പകാലത്ത് അത്യന്തം ശോഭയോടെ പ്രകാശിക്കുന്ന ഘട്ടത്തിൽ പുറപ്പെടുവിക്കുന്നതാണ് 'ലിമാൻ-ആൽഫ റേഡിയേഷൻ'. മറ്റ് ഗാലക്‌സികളെ ഈ തരംഗദൈർഘ്യത്തിൽ നിരീക്ഷിക്കാൻ കഴിയുമെങ്കിലും, സൂര്യപ്രകാശത്തിന്റെ ഇടപെടൽ മൂലം ഭൂമിയിൽ നിന്ന് ക്ഷീരപഥത്തിന്റെ ഈ നിരീക്ഷണം ബുദ്ധിമുട്ടാണ്.

1993 ഓടെ സൂര്യത്തിളക്കത്തിൽ നിന്ന് മുക്തമായപ്പോൾ, ഈ തരംഗദൈർഘ്യത്തിൽ ക്ഷീരപഥത്തിന്റെ അളവുകളെടുക്കാൻ വോയജർ ഒന്നിന് കഴിഞ്ഞു. ഗവേഷകർ പക്ഷേ അതറിഞ്ഞില്ല. 2011 ൽ വോയജർ ഡേറ്റ പുനർവിശകലനം ചെയ്തപ്പോഴാണ്, ലിമാൻ-ആൽഫ റേഡിയേഷനിൽ ക്ഷീരപഥത്തിന്റെ അഴകളവുകൾ ആ പേടകം രേഖപ്പെടുത്തിയ കാര്യം മനസിലായത്!

2012 ൽ വോയജർ ഒന്ന് പേടകം സൂര്യനിൽ നിന്ന് 1810 കോടി കിലോമീറ്റർ അകലെ വെച്ച്, സൂര്യന്റെ സ്വാധീനവലയത്തിൽ നിന്ന് പുറത്തു കടന്നു.

പ്ലൂട്ടോണിയം 238 'റേഡിയോ ഐസോടോപ്പ് തെർമൽ ജനറേറ്ററുകളാ'ണ് ഇരു വോയജർ പേടകങ്ങൾക്കും ഊർജം പകരുന്നത്. തുടക്കത്തിൽ 315 വാട്ട് ആയിരുന്നു ശേഷി. റേഡിയോ ആക്ടീവ് അപചയം മൂലം ഓരോ വർഷവും നാല് വാട്ട് വീതം ശേഷി കുറയുന്നു.

വോയജർ ഒന്നിന്റെ

ഊർജലഭ്യത അവസാനിക്കാറായി. ഊർജം ലാഭിക്കാൻ പേടകത്തിലെ ശാസ്ത്രീയോപകരണങ്ങളിൽ രണ്ടെണ്ണം (ഒരു മാഗ്‌നറ്റോമീറ്ററും, പ്ലാസ്മ വേവ് ഇൻസ്ട്രുമെന്റും) ഒഴികെ മറ്റുള്ളവയെല്ലാം സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. അവശേഷിക്കുന്ന രണ്ടും താമസിയാതെ പ്രവർത്തനം നിർത്തും. അതോടെ, ഭൂമിയുമായുള്ള എല്ലാ ബന്ധവും അവസാനിക്കും.

മനുഷ്യസംസ്‌കാരത്തിന്റെ മുദ്രകൾ പേറുന്ന സുവർണ റിക്കോർഡും വഹിച്ച് പേടകം പ്രയാണം തുടരും. ഏതെങ്കിലും അന്യഗ്രഹജീവികളുടെ ശ്രദ്ധയിൽ പേടകം എന്നെങ്കിലും പെട്ടാൽ, ഭൂമിയെക്കുറിച്ച് മനസിലാക്കാൻ സഹായിക്കുന്ന സമാനമായ സുവർണ ഫോണോഗ്രാഫിക് റിക്കോർഡുകൾ വോയജർ പേടകങ്ങളിലുണ്ട്. 12 ഇഞ്ച് വരുന്ന ആ റിക്കോർഡ് കാൾ സാഗന്റെ ആശയമായിരുന്നു. സ്വർണം പൂശിയ ആ ചെമ്പ് ഡിസ്‌കുകളിൽ ഭൂമിയുടെ കഥ കൂടാതെ, 55 ഭാഷകളിലെ ആശംസകളും, ഭൂമിയിൽ നിന്നുള്ള 115 ദൃശ്യങ്ങളും, ഭൂമിയിലെ വ്യത്യസ്ത ശബ്ദങ്ങളും സംഗീതവും ആലേഖനം ചെയ്തിട്ടുണ്ട്.

വോയജർ ഒന്ന് ഇപ്പോഴത്തെ നാഴികക്കല്ല് പിന്നിടുമ്പോൾ, അതിന് സാക്ഷിയാകാൻ വോയജർ ദൗത്യത്തിന് 50 വർഷം നേതൃത്വം നൽകിയ എഡ് സ്റ്റോൺ ജീവിച്ചിരിപ്പില്ല. 1972 മുതൽ 2022വരെ ആ ദൗത്യത്തിന് നേതൃത്വം നൽകിയ ആ ശാസ്ത്രജ്ഞൻ 2024 ൽ അന്തരിച്ചു.

1. വോയജറിന്റെ പ്രോജക്ട് സയന്റിസ്റ്റായിരുന്ന എഡ് സ്റ്റോൺ. ചിത്രം കടപ്പാട്: NASA. 2. 1977 സെപ്റ്റംബർ 5 ന് വോയജർ ഒന്ന് വിക്ഷേപിച്ചപ്പോൾ. ചിത്രം കടപ്പാട്: NASA/JPL-Caltech/KSC.

നിലവിലെ ചലനചായ്വ് (ട്രാജക്ടറി) വെച്ച് 17.1 പ്രകാശവർഷം (6242 പ്രകാശദിനം) അകലെ 'ഗ്ലീസ് 445' നക്ഷത്രത്തിന് സമീപത്തുകൂടിയാകും വോയജർ ഒന്ന് കടന്നുപോവുക. സ്‌പേസ് എന്ന വിജനവിശാലതയിൽ ഒന്നുമായും ആ പേടകം കൂട്ടിയിടിക്കാൻ ഗവേഷകർ സാധ്യത കൽപ്പിക്കുന്നില്ല. നക്ഷത്രാന്തരലോകത്തിലൂടെ അത് അനന്തപ്രയാണം തുടരാനാണ് സാധ്യത. നമ്മളത് പക്ഷേ, അറിയില്ലെന്നുമാത്രം! (അവലംബം, കടപ്പാട്: NASA, New Scientist).

Content Highlights: Voyager 1 reaches a historic milestone of one light-day distance from Earth in November 2026., The spacecraft has been operational for 49 years, far exceeding its initial 5-year lifespan., Carries the Golden Record containing sounds, images, and greetings from Earth into interstellar space.