ഇനി ബിൽ ഷോക്കില്ല, സൗരോര്‍ജത്തില്‍ പ്രൊട്ടക്ഷനുമായി ഇടുക്കിക്കാരിയുടെ 'സെര്‍ക്കിള്‍'

ലോകം പരിസ്ഥിതി സൗഹാര്‍ദ ഊര്‍ജ സ്രോതസുകള്‍ക്ക് പിറകെയാണ്. അന്തരീക്ഷ മലിനീകരണവും, ആഗോള താപനവും വര്‍ഷങ്ങളായി മനുഷ്യവംശത്തെ ആശങ്കപ്പെടുത്തുമ്പോള്‍ സൗരോര്‍ജം ഉള്‍പ്പടെയുള്ള ഊര്‍ജ സ്രോതസുകള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് ആഗോള രാജ്യങ്ങള്‍. ഇന്ത്യയിലും സൗരോര്‍ജ പാനലുകള്‍ക്ക് സ്വീകാര്യത ഏറിവരികയാണ്. വന്‍കിട സ്ഥാപനങ്ങളെ പോലെ തന്നെ സൗരോര്‍ജ പാനലുകളുടെ ഗാര്‍ഹിക ഉപഭോക്താക്കളും ഏറി വരികയാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഒട്ടേറെ വെല്ലുവിളികള്‍ ഒരു സോളാര്‍ പാനല്‍ സേവനം തിരഞ്ഞെടുക്കുന്നതില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. ആ വെല്ലുവിളികള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട് എന്ന തിരിച്ചറിവിലാണ് ഇടുക്കി തൊടുപുഴ മൂലമറ്റം സ്വദേശി സെല്‍ന സജി തന്റെ സ്വന്തം സംരംഭമായ സെര്‍ക്കിളിന് തുടക്കമിടുന്നത്.
പുനരുപയോഗ ഊര്‍ജരംഗത്തെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ബിരുദ പഠനകാലത്ത് തന്നെ ആ മേഖല കേന്ദ്രീകരിച്ച് പഠിക്കുകയും ഒരു കരിയര്‍ ആരംഭിക്കുകയും ചെയ്ത സെല്‍ന ഒരു വര്‍ഷം പ്രായമായ തന്റെ സ്വന്തം കമ്പനിയുമായി ഡല്‍ഹിയില്‍ നിന്ന് സ്വന്തം നാടായ കേരളത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. സോളാര്‍ വ്യവസായരംഗത്തെ പ്രധാനപ്പെട്ടൊരു പ്രശ്‌നത്തിന് പരിഹാരമെന്ന രീതിയിലാണ് സെല്‍ന തന്റെ വ്യവസായ ആശയം മുന്നോട്ട് വെക്കുന്നത്. സെല്‍നയുടെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിക്ഷേപത്തില്‍ തുടങ്ങിയ സെര്‍ക്കിളില്‍ ഇന്ന് വെഞ്ചര്‍ കാപ്പിറ്റല്‍ സ്ഥാപനങ്ങളടക്കം നിക്ഷേപകരായുണ്ട്.
Content Highlights: solar panel aggregator zircle ceo selna saji interview