ആകാശത്തെ ഈ മെല്ലെപ്പറക്കൽ ഇന്ത്യയ്ക്ക് വിനയാകുമോ? വിലകുറച്ചു കാണാനാവില്ല പാക് ഭീഷണി

ഒരുവശത്ത് റഷ്യന്‍ ആശ്രിതത്വത്തിന്റെ ബാധ്യതകള്‍ പേറുകയും മറുവശത്ത് ഉദ്യോഗസ്ഥ സംവിധാനത്തിന്റെ മെല്ലപ്പോക്കും മൂലം ഇന്ത്യന്‍ വ്യോമസേന ചരിത്രത്തിലില്ലാത്ത വിധം വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന കാലഘട്ടമാണ് കടന്നുപോകുന്നത്. ഒരേസമയം രണ്ട് ശത്രുക്കളെ നേരിടേണ്ടിവരുമെന്ന അവസ്ഥയിലാണ് രാജ്യത്തിന്റെ അതിര്‍ത്തി മേഖല നിലകൊള്ളുന്നത്. അതിര്‍ത്തിയില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പരമ്പരാഗത വൈരിയായ പാകിസ്താൻ പടിഞ്ഞാറന്‍ അതിര്‍ത്തിയിലും വടക്ക് ചൈനയെന്ന ഭീഷണിയെയും നേരിടുന്ന ഇന്ത്യയ്ക്ക് അടിയന്തര ഘട്ടം വന്നാല്‍ ആകാശ മേധാവിത്വം നിലനിര്‍ത്താന്‍ കുറഞ്ഞത് 42 സ്‌ക്വാഡ്രണുകള്‍ വേണം. നിലവില്‍ വ്യോമസേനയ്ക്ക് 30 സ്‌ക്വാഡ്രണുകള്‍ മാത്രമേ കൈവശമുള്ളൂ. അതില്‍ തന്നെ കാലപരിധി കഴിഞ്ഞ, പറക്കുന്ന ശവപ്പെട്ടിയെന്ന് വിളിപ്പേരുള്ള മിഗ്- 21 വിമാനങ്ങളും ഉള്‍പ്പെടുന്നുവെന്നതാണ് ആശങ്കയുടെ അടിസ്ഥാനം.
ആധുനികവത്കരണം മാത്രമാണ് വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ ഉതകുന്നത്. എന്നാല്‍ അതിനുണ്ടാകുന്ന കാലതാമസത്തിന് കൊടുക്കേണ്ടി വരുന്ന വില വലുതായിരിക്കും. ഒരു സായുധ സംഘര്‍ഷം ഒരേസമയം ചൈനയും പാകിസ്താനുമായി ഉണ്ടാകില്ല എന്ന് നിലവിലെ സാഹചര്യത്തില്‍ നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍, അങ്ങനെ ആത്മവിശ്വാസത്തിലിരിക്കാനാവുമോ? എന്തും സംഭവിക്കാവുന്ന ഒരു ലോക സാഹചര്യത്തിലൂടെയാണ് ഇന്ന് നമ്മള്‍ കടന്നുപോകുന്നത്. നേരിട്ടുള്ള യുദ്ധത്തിന് നിലവിലെ സാഹചര്യത്തില്‍ പാകിസ്താന്‍ തയ്യാറായേക്കില്ല. കച്ചവടമാണ് പ്രധാനമെന്ന് കരുതുന്നതിനാല്‍ അതിര്‍ത്തിയില്‍ തത്കാലം ചൈന ശാന്തരാണ്. എന്നു കരുതി ഭീഷണി ഒഴിഞ്ഞുവെന്ന് കരുതാനാകില്ല.
Content Highlights: Pakistan Air Force has seemingly outmaneuvered its Indian counterpart in modernizing its fleet